പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആശ്വാസകരമായൊരു വാര്‍ത്തയാണിപ്പോള്‍ നമ്മെത്തേടിയെത്തുന്നത്. ഓക്‌സ്ഫര്‍ഡ്- ആസ്ട്രാസെനേക്ക കൊവിഡ് വാക്‌സിന് യുകെയില്‍ വിതരണാനുമതി ലഭിച്ചതിന് പിന്നാലെ ഇന്ത്യയിലും  വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും തുടര്‍ന്ന് വൈകാതെ വിതരണം ആരംഭിക്കുമെന്നുമാണ് ദില്ലി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നത്. 

ഓക്‌സ്ഫര്‍ഡ്- ആസ്ട്രസെനേക്ക വാക്‌സിന്‍ കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത് തന്നെ ഇന്ത്യയിലാണ്. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കിവരുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യുകെയില്‍ വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്. 

സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്‌സിനില്‍ പഠനം നടത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ രാജ്യത്തിനകത്ത് വിതരണാനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 

'ഇത് വലിയൊരു ചുവടുവയ്പായിട്ടാണ് കണക്കാക്കേണ്ടത്. ഇനി ദിവസങ്ങള്‍ക്കകം, മാസങ്ങളോ ആഴ്ചകളോ പോലുമല്ല, ദിവസങ്ങള്‍ക്കകം തന്നെ നമുക്ക് ഇന്ത്യയിലും വാക്‌സിന്‍ വിതരണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കാനാകുന്നത്. ഓക്‌സ്ഫര്‍ഡ്- ആസ്ട്രാസെനേക്ക വാക്‌സിന്റെ ഒരു പ്രത്യേകതയെന്തെന്നാല്‍ ഇത് സൂക്ഷിക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനും ഫൈസര്‍ വാക്‌സിന്‍ പോലെ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിന്റെ ആവശ്യമില്ല. സറ്റാന്‍ഡേര്‍ഡ് റഫ്രിജറേറ്ററുണ്ടെങ്കില്‍ തന്നെ വാക്‌സിന്‍ ഭദ്രമാണ്. അതായത്, നമുക്ക് കുറെക്കൂടി പ്രതീക്ഷയ്ക്ക് വക തരുന്നതാണ് ഈ സവിശേഷത...'- ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു. 

Also Read:- '500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്താൽ വാക്‌സിന്‍ നൽകാം'; തട്ടിപ്പില്‍ വീഴരുതേ, മുന്നറിയിപ്പുമായി സെെബർ സെൽ...