Asianet News MalayalamAsianet News Malayalam

എങ്ങനെയാണ് 'ആംഗ്സൈറ്റി' മറികടക്കുന്നത്? ; ആലിയയുടെ മറുപടി ഇങ്ങനെ...

ഉത്കണ്ഠ അഥവാ ആംഗ്സൈറ്റി മിക്കവരുടെയും തലവേദനയാണ്. ദൈനംദിന ജീവിതത്തില്‍ ഇത് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഉത്കണ്ഠയെ  കൈകാര്യം ചെയ്ത് പരിശീലിക്കുകയാണ് നാം ചെയ്യേണ്ടത്.

alia bhatt replies about how she manages anxiety
Author
First Published Dec 18, 2023, 5:11 PM IST

സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറെ സജീവമായി നില്‍ക്കുന്നൊരു കാലഘട്ടമാണിത്. സെലിബ്രിട്ടികളില്‍ തന്നെ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പര്വര്‍ത്തിക്കുന്നവര്‍, പ്രത്യേകിച്ച് സിനിമാതാരങ്ങളാണ് എപ്പോഴും സോഷ്യല്‍ മീഡിയയിലും താരങ്ങളാകാറ്. ഇവരെ കഴിഞ്ഞേ മറ്റ് മേഖലകളില്‍ നിന്നുള്ള സെലിബ്രിട്ടികള്‍ക്ക് സ്ഥാനം ലഭിക്കാറുള്ളൂ എന്നും പറയാം. 

എന്തായാലും കൊവിഡ് 19 മാഹാമാരിക്ക് ശേഷമാണ് അധികം സിനിമാതാരങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതും ആരാധകര്‍ അടക്കമുള്ള ഫോളോവേഴ്സുമായി ഇടപഴകാൻ തയ്യാറാകുന്നതുമെല്ലാം. 

സിനിമാവിശേഷങ്ങള്‍ മാത്രമല്ല- തങ്ങളുടെ കുടുംബവിശേഷം, വ്യക്തിപരമായി പങ്കുവയ്ക്കാവുന്ന വിശേഷങ്ങള്‍ എല്ലാം മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചില താരങ്ങളാകട്ടെ, ഫോളോവേഴ്സിന് അറിയേണ്ട കാര്യങ്ങള്‍- അവര്‍ക്ക് നേരിട്ട് ചോദിക്കാനായി 'ആസ്ക് മീ എനിതിംഗ്' എന്ന സെഷൻ തന്നെ ചെയ്യാറുണ്ട്.

ഇത്തരത്തില്‍ ആലിയ ഭട്ട് അടുത്തിടെ ചെയ്ത 'ആസ്ക് മീ എനിതിംഗ്'സെഷനില്‍ എങ്ങനെയാണ് താരം 'ആംഗ്സൈറ്റി' അഥവാ ഉത്കണ്ഠയെ കൈകാര്യം ചെയ്യുന്നത് എന്നൊരു ചോദ്യം വന്നു. വളരെ തിരക്കുള്ളൊരു സിനിമാതാരം, ഭാര്യ, അമ്മ, മകള്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങളെല്ലാം താനെന്ന വ്യക്തിക്കൊപ്പം ചേര്‍ത്തുനിര്‍ത്തുമ്പോള്‍ സ്വാഭാവികമായും അത് സമ്മര്‍ദ്ദങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമല്ലോ.  ഈയൊരു സാഹചര്യത്തെ എങ്ങനെ ആലിയയെ പോലൊരാള്‍ കൈകാര്യം ചെയ്യുന്നു എന്നറിയുന്നത് തീര്‍ച്ചയായും ഫോളോവേഴ്സിനും പഠനത്തിന് വഴിയൊരുക്കാം. 

നമ്മുടെ നിയന്ത്രണമില്ലാതെ സാഹചര്യങ്ങള്‍ എത്തുന്നതിന്‍റെ പേരില്‍ ഉത്കണ്ഠ തോന്നാം. അതിലാണ് താന്‍ ഏറ്റവുമധികം ഫോക്കസ് നല്‍കാറ്- ഇത് മനസിലാക്കാൻ തന്നെ സമയമെടുക്കാറുണ്ട്... ശേഷം ഇതില്‍ സ്വയം ബോധ്യത്തിലെത്താൻ ശ്രമിക്കും- ഇതിലും നിര്‍ത്താൻ സാധിക്കാത്തത് ആണെങ്കില്‍ അത് എങ്ങനെ വരുന്നോ അങ്ങനെ അനുഭവിക്കും. ചില സമയങ്ങളില്‍ ഇതൊക്കെ കണ്‍ട്രോള്‍ ചെയ്യാൻ ശ്രമിക്കുന്നതാണ് കൂടുതല്‍ പ്രശ്നമാവുക. അത് അങ്ങനെ തന്നെ അനുഭവിക്കുന്നത് കുറച്ചുകൂടി എളുപ്പമായി തോന്നും. നമുക്ക് വിശ്വാസമുള്ളവരോട് തുറന്നുസംസാരിക്കുന്നതും നല്ലൊരു മാര്‍ഗമാണ്. അതൊരുപാട് സഹായിക്കും. - ഇതായിരുന്നു ആലിയയുടെ മറുപടി.

മകള്‍ക്ക് ഒരു വയസ് ആയതേയുള്ളൂ. ഈ സമയത്ത് മകളെ പിരിഞ്ഞുനില്‍ക്കേണ്ടി വരുന്നതും പ്രയാസമുണ്ടാക്കാറില്ലേ എന്ന ചോദ്യവും ആലിയ നേരിട്ടു. അതൊരു പ്രശ്നം തന്നെയാണ്, ഇനിയും കുറച്ചുകാലം കൂടി കഴിഞ്ഞാലേ അതിലെന്തെങ്കിലും മാറ്റം വരൂ- പക്ഷേ വീട്ടുകാരുടെ അടുത്ത് അവള്‍ സുരക്ഷിതയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എന്‍റെ കുറ്റബോധം കുറയാറുണ്ട് എന്നും ആലിയ ഇതിന് മറുപടിയായി പറയുന്നു. 

ഉത്കണ്ഠ അഥവാ ആംഗ്സൈറ്റി മിക്കവരുടെയും തലവേദനയാണ്. ദൈനംദിന ജീവിതത്തില്‍ ഇത് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഉത്കണ്ഠയെ  കൈകാര്യം ചെയ്ത് പരിശീലിക്കുകയാണ് നാം ചെയ്യേണ്ടത്. ഉത്കണ്ഠയുള്ളവര്‍ ഇത് നിത്യജീവിതത്തിലെ വിവിധ തലങ്ങളെ ബാധിക്കുന്നുവെന്ന് മനസിലാക്കിയാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വളരെ ഫലപ്രദമായി ഇത് കൈകാര്യം ചെയ്യാൻ അവര്‍ സഹായിക്കും. 

Also Read:- ഹാര്‍ട്ട് അറ്റാക്കിനെ പനിയും ജലദോഷവുമായി തെറ്റിദ്ധരിച്ചു; ബോധവത്കരണവുമായി അനുഭവസ്ഥ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios