Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാനുള്ള ചില ഗുളികകളിൽ ഹിറ്റ്‌ലറുടെ പ്രിയ ഉത്തേജകമരുന്നിന്റെ അംശം കണ്ടെത്തി പഠനം

1940 ഏപ്രിൽ മാസത്തിൽ മൂന്നരക്കോടി ഡോസ് ഉത്തേജകങ്ങളാണ് ഹിറ്റ്‌ലർ പോർമുഖത്തേക്ക് അയച്ചുവിട്ടത്. 

American study finds traces of hitlers favourite stimulant in modern dietary tablets
Author
america, First Published Mar 27, 2021, 11:37 AM IST

ശരീരഭാരം കുറയ്ക്കാനുള്ള തത്രപ്പാടിൽ നടക്കുന്ന പലരും അവസാന പ്രതീക്ഷ എന്ന നിലയ്ക്ക് ആശ്രയിക്കുന്ന ഒന്നാണ് വണ്ണം കുറയ്ക്കാനുള്ള ഗുളികകൾ. ഈ ഗുളികകളിൽ പലതിലും നിരോധിക്കപ്പെട്ട പല രാസവസ്തുക്കളുടെയും സാന്നിധ്യമുണ്ട് എന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഈയിടെ പുറത്തിറങ്ങിയ ചില പഠനങ്ങൾ. പല ഡയറ്ററി സപ്ലിമെന്റ് ഗുളികകളും ഫെൻപ്രൊമെഥാമൈൻ എന്ന, രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലർ അടക്കമുള്ള പലരും അടിപ്പെട്ടിരുന്ന ഒരു ഉത്തേജകൗഷധത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ് ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ നടത്തിയ ഒരു പഠനം. 

1940-50  ഫെൻപ്രൊമെഥാമൈൻ അമേരിക്കയിൽ വിറ്റഴിക്കപ്പെട്ടിരുന്നത് വോനെഡ്രൈൻ എന്ന വ്യാപാരനാമത്തിലാണ്. അന്ന് ഏറെ പ്രചാരത്തിലുള്ള ഒരു ആസ്ത്മയ്ക്കുള്ള ഇൻഹേലർ ആയിരുന്നു അത്. ഇൻഹേലർ പരുവത്തിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്നു എങ്കിലും ഫെൻപ്രൊമെഥാമൈൻ എന്ന മരുന്ന് ഒരിക്കലും ഗുളിക രൂപത്തിൽ അംഗീകാരം കിട്ടിയിരുന്നില്ല. അറുപതുകളിൽ FDA ഇൻഹേലറിനുള്ള അനുമതിയും പിൻവലിച്ചിരുന്നു. 

വണ്ണം കുറയ്ക്കാനുള്ള ഡയറ്ററി സപ്ലിമെന്റ് ഗുളികകളിൽ അനധികൃതമായ രാസവസ്തുക്കളുടെ സാന്നിധ്യം തേടി ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഡോ. പീറ്റർ കോഹന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനം സത്യത്തിൽ ഫെൻപ്രൊമെഥാമൈന്റെ സാന്നിധ്യം അന്വേഷിക്കാൻ ഉദ്ദേശിച്ചിരുന്നതല്ല. അവർ അന്വേഷിച്ചത് ഡെറ്ററെനോൾ എന്ന മരുന്നിന്റെ അംശമുണ്ടോ എന്നായിരുന്നു. അമേരിക്കയിൽ FDA നിരോധിച്ചിട്ടുളള ഈ രാസവസ്തുവിന്റെ സാന്നിധ്യം അമേരിക്കയിലെ പല ഡയറ്ററി സപ്ലിമെന്റുകളിലും കാണുന്നുണ്ട് എന്ന പരാതിയുടെ പുറത്തായിരുന്നു ഇങ്ങനെ ഒരന്വേഷണം. ഓക്കാനം, ഛർദ്ദി, നെഞ്ചുവേദന, ഹൃദയാഘാതം, അകാലമരണം തുടങ്ങിയ പല പാർശ്വഫലങ്ങളും ഈ മരുന്നിനുള്ളതായി ആക്ഷേപമുണ്ടായിരുന്നു. 

 

അന്വേഷിച്ച ഡെറ്ററെനോളിന്റെ ഒപ്പം കാര്യമായ അളവിൽ തന്നെ ഫെൻപ്രൊമെഥാമൈൻ കൂടി ഈ ഗവേഷകർ ഇന്ന് വിപണിയിലുള്ള പല ഡയറ്ററി സപ്ലിമെന്റ് ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഒമ്പതോളം നിരോധിത രാസവസ്തുക്കളാണ് ഡോ. പീറ്റർ കോഹനും സംഘവും കണ്ടെത്തിയത്. ഈ ഫെൻപ്രൊമെഥാമൈൻ എന്ന മരുന്നിന് വളരെ രസകരമായ ഒരു ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ നാസി ജർമനിയിൽ ഈ മരുന്ന് ഒരു ഉത്തേജകൗഷധം എന്ന നിലയിലാണ് ഹിറ്റ്ലറിന്റെ പട്ടാളത്തിന് പ്രയോജനപ്പെട്ടിരുന്നത്. അന്ന്, മെത്താംഫിറ്റമിൻ അടിസ്ഥാനമാക്കിയുള്ള പെർവിറ്റിൻ പോലുള്ള മരുന്നുകൾക്കൊപ്പം ഫെൻപ്രൊമെഥാമൈനും അതേ കാര്യസാധ്യത്തിന് ഉപയോഗിക്കപ്പെട്ടിരുന്നു. 1940 ഏപ്രിൽ മാസത്തിൽ മൂന്നരക്കോടി ഡോസ് ഉത്തേജകങ്ങളാണ് ഹിറ്റ്‌ലർ പോർമുഖത്തേക്ക് അയച്ചുവിട്ടത്. പിന്നീട് നാസികൾ തന്നെ പാർശ്വഫലങ്ങൾ തിരിച്ചറിഞ്ഞ് ഇത്തരം ഉത്തേജകഔഷധങ്ങൾ നിരോധിക്കുന്നുണ്ട്. 

എന്നാൽ, എഫ്ഡിഎ എന്ന അമേരിക്കൻ ഔഷധ നിയന്ത്രണ ഏജൻസി പോലും, ഇത്തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം പഠനങ്ങളിലൂടെ തെളിഞ്ഞിട്ടും നടപടിയൊന്നും എടുത്തിട്ടില്ല എന്നാണ് ഡോ. പീറ്റർ കോഹൻ ആരോപിക്കുന്നത്.  ഇത്തരത്തിലുള്ള പല ഉത്തേജക ഘടകങ്ങളും ഡയറ്റ് സപ്ലിമെന്റുകളിൽ കണ്ടെത്തപ്പെടുന്ന മുറയ്ക്ക് എഫ്ഡിഎ നിരോധിക്കാറുണ്ട്. ഒരു ഘടകം കണ്ടെത്തി നിരോധിക്കുമ്പോൾ, സമാനമായ എന്നാൽ മറ്റൊരു പേരുള്ള വേറെ ഏതെങ്കിലും ഒരു ഘടകം ചേർക്കുകയാണ് ഔഷധ നിർമാണ കമ്പനികൾ അപ്പോൾ ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള ഉത്തേജകങ്ങൾ അടങ്ങിയ മരുന്നുകൾ ഉടനടി പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഡോ. കോഹൻ പറയുന്നത്

Follow Us:
Download App:
  • android
  • ios