വാർത്താ അവതരണത്തിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെക്കുറിച്ചും കൃത്യസമയത്ത് ചികിത്സ തേടിയതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ജൂലീ ചിൻ എന്ന ടെലിവിഷൻ അവതാരക. 

'സ്‌ട്രോക്ക്' അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. അതോടെ ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുകയും തന്മൂലം, ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയവയെ ബാധിക്കുകയും ചെയ്യുന്നു. 

പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും 'സ്‌ട്രോക്ക്' വരാറുണ്ട്. തലച്ചോറിനെ ബാധിക്കുന്നതായതിനാല്‍ തന്നെ ഓര്‍മ്മ, സംസാരശേഷി, പെരുമാറ്റം, ചലനങ്ങള്‍ തുടങ്ങിയ ധര്‍മ്മങ്ങളെയാണ് ഇത് ബാധിക്കുന്നത്. പലരിലും സ്‌ട്രോക്ക് തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ ഇത് ഭാഗികമായി തിരിച്ചറിയാന്‍ സാധിക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടലാണ് നിർണായകം.

ഇപ്പോഴിതാ വാർത്താ അവതരണത്തിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെക്കുറിച്ചും കൃത്യസമയത്ത് ചികിത്സ തേടിയതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ജൂലീ ചിൻ എന്ന ടെലിവിഷൻ അവതാരക. ലൈവ് ടെലികാസ്റ്റിനിടെയാണ് ജൂലിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. നാസയുമായി ബന്ധപ്പെട്ട വാർത്ത വായിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ജൂലിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വാക്കുകൾ മുഴുമിക്കാനാകാതെ ക്ഷമിക്കണമെന്നു പറഞ്ഞ് മറ്റൊരാളെ വാർ‌ത്ത വായിക്കാൻ ഏൽപിക്കുകയായിരുന്നു ജൂലി. 

ജൂലിയുടെ ശാരീരിക അസ്വാസ്ഥ്യം കണ്ടതും സ്ട്രോക്ക് ആണെന്ന് സംശയം തോന്നിയ സഹപ്രവർത്തകർ ഉടൻ തന്നെ വൈദ്യസഹായം തേടുകയായിരുന്നു. സ്ട്രോക്കിന്റെ ആദ്യലക്ഷണങ്ങളാണ് തനിക്കുണ്ടായതെന്ന് ഡോക്ടർമാർ അറിയിച്ചുവെന്ന് ജൂലി പിന്നീട് സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ചു. 

ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് ജീലി ഇക്കാര്യങ്ങള്‍ പറയുന്നത്. വാര്‍ത്ത വായിക്കുന്നതിനിടെ ആദ്യം ഒരു കണ്ണിലെ കാഴ്ച്ച ഭാ​ഗികമായി നഷ്ടമാകുന്നതായാണ് അനുഭവപ്പെട്ടതെന്ന് ജൂലി പറയുന്നു. കുറച്ച് കഴിഞ്ഞ് കൈയിലും കാലിലും മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങി. ടെലിപ്രോംപ്റ്ററിൽ കാണുന്ന വാക്കുകൾ ഉച്ചരിക്കാൻ കഴിയാതിരുന്നതോടെ ആണ് എന്തോ വലിയ പ്രശ്നമാണെന്ന് മനസ്സിലായതെന്നും ജൂലി പറയുന്നു. തുടർന്ന് ഡോക്ടറെ കണ്ടതോടെ സ്ട്രോക്കിന്റെ ആദ്യലക്ഷണങ്ങളാണ് തനിക്കുണ്ടായതെന്ന് മനസ്സിലായി. 
സ്ട്രോക്ക് ആണെന്ന് തിരിച്ചറിയാൻ ഉള്ള പ്രധാന ലക്ഷണങ്ങളെക്കുറിച്ചും ജൂലി പങ്കുവയ്ക്കുന്നുണ്ട്. 'BE FAST' എന്ന ചുരുക്കപ്പേരിലാണ് ജൂലി അതേക്കുറിച്ച് പങ്കുവയ്ക്കുന്നത്.

B.alance: പെട്ടെന്ന് ബാലൻസ് നഷ്ടമാകൽ

E.yes: കാഴ്ച്ചയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം 

F.ace: മുഖം താഴേക്ക് തൂങ്ങുക 

A.rms: കൈയുടെ ബാലൻസ് നഷ്ടമാവുക

S.peech:സംസാരിക്കുന്നത് വ്യക്തമാവാതിരിക്കുക

T.ime: അസഹ്യമായ തലവേദന

തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങളായി ജൂലി പറയുന്നത്. വൈകാതെ സുഖം പ്രാപിച്ച് താൻ ന്യൂസ് ഡെസ്ക്കിലേയ്ക്ക് തിരികെ വരുമെന്നും ജൂലി കുറിച്ചു. 

Also Read: വിളര്‍ച്ചയെ പമ്പ കടത്താന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...