Asianet News MalayalamAsianet News Malayalam

കടൽപ്പായലിൽ നിന്നും പ്രഷറിനുള്ള മരുന്നുമായി കൊച്ചിയിലെ ഗവേഷകർ

ഹൈപ്പർ ടെൻഷനെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഈ ജൈവ ഔഷധത്തിന് ഇന്ത്യൻ, വിദേശ വിപണികളിൽ അനന്തമായ സാധ്യതകളാണുള്ളതെന്ന്  CMFRI വക്താക്കൾ അറിയിച്ചു. 

Anti-hypertension product  developed   from seaweed by CMFRI
Author
Kochi, First Published May 29, 2019, 11:08 AM IST

കടൽപ്പായലിൽ നിന്നും രക്തസമ്മർദ്ദത്തിനുള്ള മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകർ. ഹൈപ്പർ ടെൻഷൻ പ്രതിരോധിക്കുന്ന ഒരു ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നമാണ് CMFRIയിലെ സീനിയർ സയന്റിസ്റ്റായ  ഡോ. കാജൽ ചക്രബർത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. 'Cadalmin TM AHe' എന്നാണ് അവർ ഈ ആന്റി ഹൈപ്പർ ടെൻസീവ് എക്സ്ട്രാക്റ്റിന് നൽകിയിരിക്കുന്ന പേര്. 'മറൈൻ മൈക്രോആൽഗേ' വിഭാഗത്തിൽ പെട്ട ഒരു കടൽപ്പായലിൽ നിന്നാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യൻ കടലുകളിൽ സുലഭമായി കണ്ടുവരുന്ന ഒരിനം പായലാണിത്. 

Anti-hypertension product  developed   from seaweed by CMFRI

ഈ മരുന്ന് ഗുളിക രൂപത്തിലാണ് ലഭ്യമാവുക. CMFRI വികസിപ്പിച്ചെടുക്കുന്ന ആറാമത്തെ ന്യൂറസ്യൂട്ടിക്കൽ സപ്ലിമെന്റാണ് കാഡൽമിൻ. കടൽ സസ്യങ്ങളിൽ നിന്നും മറ്റു ജീവജാതികളിൽ നിന്നും  ബയോ ആക്റ്റീവ് ആയ പല സപ്ലിമെന്റുകളും വികസിപ്പിച്ചെടുക്കുക വഴി ഇതിനകം തന്നെ പല അസുഖങ്ങൾക്കുമുള്ള മരുന്നുകൾ CMFRI വികസിപ്പിച്ചു കഴിഞ്ഞു. കല്ലുമ്മക്കായിൽ നിന്നും വാതത്തിനുള്ള മരുന്ന്, കടൽപ്പായലിൽ നിന്നു തന്നെ പ്രമേഹത്തിനും, കൊളസ്ട്രോളിനും ഉള്ള മരുന്നുകൾ എന്നിവ ഇതിനുമുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റിറ്റിയൂട്ടിന്റെ കാർഷിക ഗവേഷണ പഠന വിഭാഗത്തിന്റെ തലവനായ ഡോ. ത്രിലോചൻ മഹാപാത്രയാണ് ഈ പുതിയ മരുന്നിന്റെ റിലീസ് കർമം നിർവഹിച്ചത്. 

" നൂറുശതമാനം ജൈവികമായ ഘടകങ്ങൾ മാത്രം അത്യാധുനികവും പേറ്റൻഡഡും ആയ ടെക്‌നോളജിയിൽ വേർതിരിച്ചെടുത്തു കൊണ്ടാണ് CMFRI ഈ മരുന്ന് ഉത്പാദിപ്പിച്ചിരിക്കുന്നത്. ഇത് 400 mg അളവിലുള്ള ടാബ്ലെറ്റുകളായാണ് ലഭ്യമാക്കുക. നൂറു ശതമാനം പ്രകൃതിക ചേരുവകൾ മാത്രമുള്ള ആദ്യത്തെ ഹൈപ്പർ ടെൻഷൻ മരുന്നാവും ഇത് " ഡോ. കാജൽ ചക്രബർത്തി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. ഈ മരുന്നിനെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിനും മാർക്കറ്റ് ചെയ്യുന്നതിനായി താത്പര്യപത്രം (EOI) മുഖാന്തരം ബന്ധപ്പെടാൻ ഫാർമസ്യൂട്ടിക്കൽ രംഗത്ത് സജീവമായ കമ്പനികളെ ക്ഷണിച്ചിട്ടുണ്ടെന്ന് CMFRI ഡയറക്ടർ എ ഗോപാലകൃഷ്ണൻ പറഞ്ഞു. 

Anti-hypertension product  developed   from seaweed by CMFRI
നമ്മുടെ ശരീരത്തെ ബാധിക്കുന്ന പല തരത്തിലുള്ള അവശതകളെ മുൻകൂട്ടിക്കണ്ടു കൊണ്ട് അവയെ പ്രതിരോധിക്കാനാവശ്യമായ സപ്ലിമെന്റുകൾ കാലേകൂട്ടി കഴിക്കുന്ന രീതിയാണ് ന്യൂറോ സപ്ലിമെന്റുകളുടേത്. പാശ്ചാത്യ രാജ്യങ്ങളിൽ ഈ രീതി വർഷങ്ങളായി പ്രചാരത്തിലുണ്ട്. ഇന്ത്യ ഇത്തരത്തിൽ ഒരു സമ്പ്രദായത്തെ ഇനിയും വേണ്ടത്ര സ്വാംശീകരിച്ചിട്ടില്ല. രക്തസമ്മർദ്ദത്തിന് ആയുർവേദത്തിലും സമാനമായ ഔഷധങ്ങൾ ലഭ്യമാണെങ്കിലും, ഹൈപ്പർടെൻഷന് മുഖ്യകാരണങ്ങളിൽ ഒന്നായ ആഞ്ജിയോടെൻസിൻ കൺവെർട്ടിങ്  എൻസൈമുകളെ(ACE) പ്രതിരോധിക്കുന്ന ഘടകങ്ങളുടെ സാന്നിധ്യം കടൽപ്പായലിൽ കണ്ടെത്തി, കൃത്യമായി അതിനെ വേർതിരിച്ചെടുത്ത് ഔഷധ രൂപത്തിൽ ഉത്പാദിപ്പിക്കുകയാണ് CMFRIയിലെ ശാസ്ത്രജ്ഞർ ചെയ്തിരിക്കുന്നത്. 

ഈ ഔഷധം ന്യൂറോസ്യൂട്ടിക്കൽ സപ്ലിമെന്റ് വിഭാഗത്തിൽ പെടുന്നതായതുകൊണ്ട് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള പരീക്ഷണങ്ങൾ എല്ലാം പാസായി, വിഷാംശം അളക്കുന്ന പരിശോധനകൾ കൂടി കഴിഞ്ഞിട്ടാണ് ഈ ഉത്പന്നം വിപണിയിലെത്തുന്നത്. ഹൈപ്പർ ടെൻഷനെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഈ ജൈവ ഔഷധത്തിന് ഇന്ത്യൻ, വിദേശ വിപണികളിൽ അനന്തമായ സാധ്യതകളാണുള്ളതെന്നും CMFRI വക്താക്കൾ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios