ഗർഭിണിയായിരിക്കുമ്പോൾ ആന്റിഡിപ്രസന്റ് മരുന്നുകൾ കഴിക്കുന്നത് ജസ്റ്റേഷണൽ ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. വെൻലാഫാക്സിൻ, അമിട്രിപ്റ്റൈലൈൻ എന്നീ രണ്ട് ആന്റീഡിപ്രസന്റ് മരുന്നുകളിലാണ് അപകടസാധ്യത കൂടുതലുള്ളതെന്ന് ബിഎംജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ഗർഭിണികൾ ആന്റിഡിപ്രസന്റ് മരുന്നുകൾ കഴിച്ചാൽ ​ഗർഭകാല പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 50 ശതമാനമാണെന്നും പഠനത്തിൽ പറയുന്നു. ഗർഭകാലത്ത് ഡിപ്രഷൻ ഉണ്ടാകുന്നത് സ്വഭാവികമാണ്. അതിനായി പലതരത്തിലുള്ള ചികിത്സകളും നടത്താറുണ്ട്. അതിലൊന്നാണ് ആന്റിഡിപ്രസന്റുകള്‍.

 ​​ഗർഭിണിയായിരിക്കുമ്പോൾ ആന്റിഡിപ്രസന്റ് മരുന്നുകള്‍ കഴിക്കുകയാണെങ്കിൽ സ്വന്തമായി നിർത്തരുത്. ഡോക്ടറോട് ചോദിച്ച ശേഷം മാത്രം നിർത്തണോ വേണ്ടയോയെന്ന് തീരുമാനിക്കുക - കാനഡയിലെ മോൺ‌ട്രിയൽ സർവകലാശാലയിലെ പ്രൊഫസറും സി‌എച്ച്‌യു സൈന്റ്-ജസ്റ്റിൻ മെഡിക്കൽ സെന്ററിലെ ഗവേഷണ ഡയറക്ടറായ അനിക് ബെറാർഡ് പറഞ്ഞു. 

ഗർഭാവസ്ഥയിൽ ഉണ്ടാകാനിടയുള്ള ഒരുതരം പ്രമേഹമാണ് ജസ്റ്റേഷണൽ ഡയബറ്റിസ്. ഇത് അമ്മയ്ക്കും കുഞ്ഞിനും ചില സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കും. പത്ത് ഗർഭിണികളെ എടുത്താൽ അതിൽ അഞ്ചോ ആറോ പേർക്ക് ഇപ്പോൾ ഈ പ്രമേഹം കാണപ്പെടുന്നുണ്ടെന്ന് പ്രൊഫ. അനിക് പറയുന്നു.

ജിഡിഎം നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം ഈ ചികിത്സ സ്വാധീനിക്കുന്നത് പ്രസവിക്കുന്ന കുഞ്ഞിന്റെ അപ്പോഴുള്ള ആരോഗ്യത്തെ മാത്രമല്ല, ഭാവിയിലെ ആരോഗ്യത്തെക്കൂടിയാണ്. ഗർഭകാലത്ത് ശരിയായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പെട്ടെന്നു പ്രമേഹം വരാം.  

പ്രസവിച്ച ശേഷം 90 ശതമാനം ഗർഭിണികളിലും ജിഡിഎം  അപ്രത്യക്ഷമാകും. പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ രണ്ടോ അഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ മിക്കവാറും എല്ലാ പെൺകുട്ടികളിലും ഈ പ്രമേഹം തിരിച്ചെത്താമെന്നും പഠനത്തിൽ പറയുന്നു.

 ഗർഭിണിയായിരിക്കുമ്പോൾ ആദ്യമായി വന്നെത്തുന്ന പ്രമേഹം അമ്മയെയും കുഞ്ഞിനെയും ബാധിക്കും. ഗർഭത്തിനൊപ്പം ചികിത്സിക്കുന്ന നിസ്സാര രോഗമായി ഇത് കാണരുത്. അതിന് ഏറ്റവും നല്ല ചികിത്സ പ്രമേഹരോഗ വിദഗ്ധരുടെ അടുത്തുനിന്നു സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രൊഫ.അനിക് ബെറാർഡ് പറഞ്ഞു.

പഠനത്തിൽ 237,172 ​പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 20,905 പേർക്ക് ഗർഭാവസ്ഥയിലുള്ള പ്രമേഹം ഉള്ളതായി കണ്ടെത്തി. അതിൽ ഗർഭാവസ്ഥയിൽ പ്രമേഹ രോഗനിർണയം നടത്തിയവരിൽ 1,152 പേരും ആന്റിഡിപ്രസന്റുകള്‍ ഉപയോ​​ഗിച്ചിരുന്നുതായി പഠനത്തിൽ കണ്ടെത്തി.