Asianet News MalayalamAsianet News Malayalam

വെള്ളം കുടിക്കാന്‍ മടിയാണോ? എങ്കില്‍, നിങ്ങളുടെ ജീവന്‍ അപകടത്തിലാകും; പുതിയ പഠനം പറയുന്നത്...

ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോൾ സെറം സോഡിയം തോത് മുകളിലേയ്ക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നുമാണ് പുതിയ ഒരു പഠനം പറയുന്നത്. 

Are You Drinking Enough Water new study
Author
First Published Jan 9, 2023, 5:26 PM IST

വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാനും കൊഴുപ്പ് പുറന്തള്ളാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനുമൊക്കെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു ദിവസം  കുറഞ്ഞത്  രണ്ട് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും. ചര്‍മ്മത്തെയും ഇത് മോശമായി ബാധിക്കാം. ഇതൊക്കെ അറിയാമെങ്കിലും പലര്‍ക്കും വെള്ളം കുടിക്കാന്‍ മടിയാണ്. 

ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോൾ സെറം സോഡിയം തോത് മുകളിലേയ്ക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നുമാണ് പുതിയ ഒരു പഠനം പറയുന്നത്. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇബയോമെഡിസിനില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും, കോശങ്ങള്‍ക്ക് പ്രായമേറി  പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. 

11,000 ലധികം പേരുടെ 30 വര്‍ഷത്തിലധികം കാലയളവിലെ ആരോഗ്യ ഡേറ്റ ആണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. ലിറ്ററിന് 135-146 മില്ലി ഇക്വലന്‍റ്സ് ആണ് സാധാരണ സെറം സോഡിയം തോത്. 142 ന് മുകളില്‍ സെറം സോഡിയം തോതുള്ളവര്‍ക്കാണ് ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായി കാണപ്പെട്ടത്. പ്രായം, ലിംഗപദവി, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയാണ് സെറം സോഡിയം തോതിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങളെന്നും ഗവേഷകര്‍ പറയുന്നു. 

Also Read: തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios