ഈ യോഗാപരിശീലനത്തിന്റെ ചിത്രങ്ങള്‍ അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുമുണ്ട്. യോഗ പരിശീലകര്‍ക്കൊപ്പം മലൈകയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരജോഡിയാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും ( Arjun Kapoor and Malaika Arora ) നിയമപരമായി വിവാഹിതരല്ലെങ്കില്‍ കൂടിയും ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമാണ്. നടന്‍ അര്‍ബാസ് ഖാനുമൊത്തുള്ള ( Arbaaz Khan ) വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിനൊടുവിലാണ് മലൈക തന്നെക്കാള്‍ പന്ത്രണ്ട് വയസ് കുറഞ്ഞ അര്‍ജുനുമായി പ്രണയത്തിലാകുന്നത്. അര്‍ബാസില്‍ മലൈകയ്ക്ക് ഒരാണ്‍ കുഞ്ഞുമുണ്ട്. 

മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയബന്ധം ആദ്യഘട്ടങ്ങളില്‍ ബോളിവുഡില്‍ കാര്യമായ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ വിഷയമായിരുന്നെങ്കിലും പിന്നീട് ഇവരുടെ ബന്ധം എല്ലാവരും അംഗീകരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയായിരുന്നു ഏവരും ചര്‍ച്ച ചെയ്ത പ്രധാന കാര്യം. 

വിവാദങ്ങളെ മാറ്റിനിര്‍ത്തിയാല്‍ സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടിയും ആരാധകര്‍ക്കിടയില്‍ ഇപ്പോഴും മലൈകയ്ക്ക് വലിയ സ്ഥാനമുണ്ടാകുന്നത് അവര്‍ക്ക് ഫിറ്റ്‌നസിനോടുള്ള പ്രണയം മൂലമാണ്. നാല്‍പത്തിയെട്ടുകാരിയാണെങ്കിലും മലൈക കാഴ്ചയില്‍ ഇപ്പോഴും ചെറുപ്പക്കാരി തന്നെയാണെന്നാണ് ആരാധകരുടെ അഭിപ്രായം. അര്‍ജുന്‍ കപൂറും ഫിറ്റ്‌നസ് പരിശീലനങ്ങളില്‍ തല്‍പരനാണ്. 

View post on Instagram

എന്നാൽ പലപ്പോഴും മലൈക തന്നെയാണ് അര്‍ജുന്റെ പരിശീലകസ്ഥാനത്ത് നില്‍ക്കാറ്. അവധിക്കാലങ്ങളില്‍ പോലും അര്‍ജുനെ വര്‍ക്കൗട്ടിന് പ്രേരിപ്പിക്കുന്നത് മലൈകയാണെന്ന് അര്‍ജുന്‍ തന്നെ പറയാറുണ്ട്. ഇരുവരും ഇക്കാര്യത്തില്‍ വലിയ യോജിപ്പുള്ള ജോഡിയുമാണ്. 

അര്‍ജുന്‍ അധികവും ജിമ്മിലെ പരിശീലനമാണ് തേടിയിരുന്നതെങ്കില്‍ മലൈകയ്ക്ക് യോഗയോടാണ് പ്രതിപത്തി കൂടുതല്‍. ഇപ്പോഴ്താ ചില ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനായി മലൈകയുടെ മേല്‍ നോട്ടത്തില്‍ യോഗ പരിശീലനം ആരംഭിച്ചിരിക്കുകയാണ് അര്‍ജുന്‍.

'അയ്യങ്കാര്‍ യോഗ' എന്നറിയപ്പെടുന്ന യോഗാരീതിയാണ് അര്‍ജുന്‍ പരിശീലിച്ചുതുടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ ഘടനയെ കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കുന്നതിനും ഒരുക്കിയെടുക്കുന്നതിനും സഹായകമായ യോഗാരീതിയാണ് 'അയ്യങ്കാര്‍ യോഗ'. ബികെഎസ് അയ്യങ്കാര്‍ എന്ന യോഗാചാര്യന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 

View post on Instagram

ഈ യോഗാപരിശീലനത്തിന്റെ ചിത്രങ്ങള്‍ അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുമുണ്ട്. യോഗ പരിശീലകര്‍ക്കൊപ്പം മലൈകയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ശരീരഘടന മെച്ചപ്പെടുത്തുന്നതിനും, അരക്കെട്ട് ഘടന വരുത്തുന്നതിനും നടുഭാഗത്തുണ്ടായ പരിക്കുകള്‍ പരിഹരിക്കുന്നതിനുമാണ് ഈ യോഗാരീതി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. 

Also Read:- 'നാല്‍പ്പതുകളിലും പ്രണയം കണ്ടെത്തുന്നത് സാധാരണമാണ്'; ഒടുവില്‍ പ്രതികരിച്ച് മലൈക