Asianet News MalayalamAsianet News Malayalam

Covid 19 Symptom : നടുവേദന കൊവിഡ് ലക്ഷണമായി വരുന്നുണ്ടോ? അറിയാം

ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ എത്തുമ്പോഴെല്ലാം രോഗത്തിന്‍റെ സ്വഭാവത്തിലും മാറ്റങ്ങള്‍ കാണാറുണ്ട്. രോഗ തീവ്രതയിലാണ് കാര്യമായ മാറ്റങ്ങള്‍ കാണാറ്. ഒപ്പം തന്നെ രോഗലക്ഷണങ്ങളും ചെറിയ രീതിയിലെങ്കിലും മാറിവരാറുണ്ട്.

back pain may be the covid 19 symptom of omicron variant
Author
UK, First Published Jul 19, 2022, 10:53 AM IST

കൊവിഡ് 19മായുള്ള ( Covid 19 ) നിരന്തര പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങളാണിപ്പോള്‍ രോഗം പരത്തുന്നത്. ഒമിക്രോണ്‍ എന്ന വകഭേദത്തെ കുറിച്ച് ഏവര്‍ക്കും അറിയുമായിരിക്കും. ഇന്ന് ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളില്‍ വലിയൊരു ഭാഗവും ഒമിക്രോണും ( Omicron Variant )  അതിന്‍റെ ഉപവകഭേദങ്ങളുമാണ് സൃഷ്ടിക്കുന്നത്. 

ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ എത്തുമ്പോഴെല്ലാം രോഗത്തിന്‍റെ ( Covid 19 ) സ്വഭാവത്തിലും മാറ്റങ്ങള്‍ കാണാറുണ്ട്. രോഗ തീവ്രതയിലാണ് കാര്യമായ മാറ്റങ്ങള്‍ കാണാറ്. ഒപ്പം തന്നെ രോഗലക്ഷണങ്ങളും ചെറിയ രീതിയിലെങ്കിലും മാറിവരാറുണ്ട്. 

അത്തരത്തില്‍ ഓരോ ഘട്ടത്തിലും കാണുന്ന കൊവിഡ് ലക്ഷണങ്ങളെ കുറിച്ച് വിദഗ്ധര്‍ സൂചനകള്‍ നല്‍കാറുണ്ട്.കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ആഗോളതലത്തില്‍ തന്നെ പ്രവര്‍ത്തിച്ച് രോഗവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന യുകെയിലെ 'സൂ കൊവിഡ് സ്റ്റഡി ആപ്പ്' ഇപ്പോള്‍ പങ്കുവച്ചൊരു വിവരം കൂടി ഇതോട് ചേര്‍ത്ത് പങ്കുവയ്ക്കുകയാണ്.

ഒമിക്രോണ്‍ മൂലമുണ്ടാകുന്ന ( Omicron Variant )  കൊവിഡ് 19ല്‍ രോഗലക്ഷണമായി നടുവേദന കൂടി ഉള്‍പ്പെടുന്നുണ്ടെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന വിവരം. ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ നിന്ന് അടക്കം രോഗികള്‍ വ്യാപകമായി ഇക്കാര്യം അറിയിച്ചുവെന്നും ഇവര്‍ പറയുന്നു. 

ഒമിക്രോണ്‍ ബാധയില്‍ കാണപ്പെടുന്ന ഇരുപതോളം ലക്ഷണങ്ങളെ കുറിച്ച് ആപ്പ് പറയുന്നുണ്ട്. ഇതില്‍ നടുവേദനയും ഉള്‍പ്പെടുന്നു. അതായത്, ഒമിക്രോണ്‍ മൂലം രോഗം പിടിപെട്ടവരില്‍ അഞ്ചിലൊരാള്‍ക്ക് എന്ന നിലയില്‍ നടുവേദന കാണാമെന്നും ഇവര്‍ പറയുന്നു. 

എന്തുകൊണ്ടാണ് കൊവിഡ് സംബന്ധമായി നടുവേദന വരുന്നതെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാൻ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. എന്നാലിത് രോഗിയെ സാമാന്യം നല്ലരീതിയില്‍ ബാധിക്കുമെന്നും അസഹ്യമായ വേദനയാണിതിന്‍റെ സൂചനയെന്നും ഇവര്‍ പറയുന്നു. ആര്‍ത്തവവേദന, മൂത്രത്തില്‍ കല്ല് തുടങ്ങിയവയുടെ വേദനയുമായാണ് മിക്ക രോഗികളും ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം നടുവേദന അനുഭവപ്പെടുന്നത് കൊണ്ട് മാത്രം അത് കൊവിഡാണെന്ന് ഉറപ്പിക്കരുത്. ഒപ്പം തന്നെ മറ്റ് ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കുക. തൊണ്ടവേദന, ചുമ, പനി, ജലദോഷം, തുമ്മല്‍, തളര്‍ച്ച എന്നിവയെല്ലാം കൊവിഡില്‍ കാണുന്ന സാധാരണ ലക്ഷണങ്ങളാണ്. ഒമിക്രോണ്‍ ആണെങ്കില്‍ പൊതുവില്‍ തീവ്രത കുറഞ്ഞേ വരാറുള്ളൂ. കൂടിയ അവസ്ഥയില്‍ ശ്വാസതടസം, നെഞ്ചുവേദന, ഓക്സിജൻ കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം.  

Also Read:- വാക്സിൻ സ്വീകരിച്ചവരില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കൊവിഡ് ലക്ഷണം...

Follow Us:
Download App:
  • android
  • ios