വായ ശുചിയായി കൊണ്ടുനടക്കാതിരിക്കുന്നതും, ദഹനപ്രശ്‌നങ്ങള്‍ പതിവാകുന്നതും, ചിലയിനം ഭക്ഷണങ്ങള്‍ കഴിക്കുന്നതുമെല്ലാം വായ്‌നാറ്റത്തിന് ഇടയാക്കാറുണ്ട്. എന്നാല്‍ വായ്‌നാറ്റം മറ്റൊരു ഗുരുതരമായ രോഗത്തിന്റെ ലക്ഷണം കൂടിയായി മാറാറുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്
നിത്യജീവിതത്തില്‍ നാം നേരിടുന്ന നിസാരമോ, ചെറുതോ ആയ പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ട് ( Health Issues ) . ഇവയില്‍ മിക്കതും നാം നമ്മുടെ ജീവിതരീതികളില്‍ ക്രമീകരിക്കുന്നതോടെ ( Lifestyle Diseases ) തന്നെ നമ്മളില്‍ നിന്ന് ഇല്ലാതായിപ്പോകുന്നവയാകാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയില്‍ നിസാരമായി നാം കണക്കാക്കുന്ന ചിലത് അത്ര നിസാരമല്ലാതിരിക്കുകയും, അത് ഗുരുതരമായ മറ്റെന്തെങ്കിലും അവസ്ഥകളുടെ സൂചന ആയിരിക്കുകയും ചെയ്യാം.
അങ്ങനെയൊരു പ്രശ്‌നത്തെ കുറിച്ചാണിനി വിശദീകരിക്കുന്നത്. പലരും പരാതിപ്പെടാറുള്ളൊരു വിഷയമാണ് വായ്‌നാറ്റം. വായ ശുചിയായി കൊണ്ടുനടക്കാതിരിക്കുന്നതും, ദഹനപ്രശ്‌നങ്ങള്‍ പതിവാകുന്നതും, ചിലയിനം ഭക്ഷണങ്ങള്‍ കഴിക്കുന്നതുമെല്ലാം വായ്‌നാറ്റത്തിന് ഇടയാക്കാറുണ്ട്.
എന്നാല്‍ വായ്‌നാറ്റം മറ്റൊരു ഗുരുതരമായ രോഗത്തിന്റെ ലക്ഷണം കൂടിയായി മാറാറുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 'ഫാറ്റി ലിവര്‍' അഥവാ കരളിനെ ബാധിക്കുന്ന രോഗത്തിന്റെ സൂചനയായി വായ്‌നാറ്റമുണ്ടാകാമത്രേ.
എങ്ങനെയാണ് ഫാറ്റി ലിവര്‍ രോഗവും വായ്‌നാറ്റവും ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നിങ്ങളില്‍ പലരും സംശയിക്കുന്നുണ്ടായിരിക്കും. അതിലേക്ക് വരാം. അതിന് മുമ്പായി ഫാറ്റി ലിവറിനെ കുറിച്ച് കൂടി പറയട്ടെ.

കരളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകിടന്ന് ഉണ്ടാകുന്ന രോഗമാണിത്. സ്ഥിരമായി മദ്യപിക്കുന്നവരില്‍ അത് മൂലം ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ 'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' എന്നാണ് വിളിക്കാറ്. മദ്യപിക്കാത്തവരിലും കൊളസ്‌ട്രോള്‍, പ്രമേഹം, ഉറക്കപ്രശ്‌നം, തൈറോയ്ഡ് പ്രശ്‌നം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ ക്രമേണ ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്.
ഫാറ്റി ലിവര്‍ പിടിപെടുമ്പോള്‍ കരളിന് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരികയും, ഇത് കൃത്യമായി ചികിത്സിച്ചിട്ടില്ലെങ്കില്‍ 'ലിവര്‍ സിറോസിസ്' പോലുള്ള മാരകമായ അസുഖങ്ങളിലേക്ക് എത്തുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. അത്രയും ഗുരുതരമായ അവസ്ഥയാണ് 'ഫാറ്റി ലിവര്‍'.
ആദ്യഘട്ടങ്ങളിലൊന്നും ഇതിന് പുറമേക്ക് ലക്ഷണങ്ങളുണ്ടാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. രോഗി അവശനിലയിലേക്ക് നീങ്ങിത്തുടങ്ങുമ്പോഴാണ് പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവുക. എന്തായാലും ഫാറ്റി ലിവറുള്ളവരില്‍ പുറമേക്ക് കാണാന്‍ സാധിക്കുന്നൊരു ലക്ഷണമായാണ് വായ്‌നാറ്റം വരുന്നത്.
'ചത്തതിന് തുല്യമായ മണം' എന്നാണ് ഫാറ്റി ലിവറുള്ളവരിലെ വായ്‌നാറ്റത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് തന്നെ. സള്‍ഫര്‍ അഥവാ, ചീഞ്ഞ എന്തിന്റെയോ ഗന്ധത്തിന് സമാനമായ ഗന്ധമായിരിക്കും ഇത്തരക്കാരിലുണ്ടാവുക.
ഇത് മുഴുവന്‍ സമയവും നിലനില്‍ക്കുകയും ചെയ്യും. മൗത്ത് ഫ്രഷ്‌നര്‍ പോലുള്ള താല്‍ക്കാലിക ഉപാധികള്‍ കൊണഅടോ, ഡയറ്റ് ക്രമീകരിക്കുന്നത് കൊണ്ടോ, വായ വൃത്തിയായി സൂക്ഷിക്കുന്നത് കൊണ്ടോ ഒന്നും ഇത് ഇല്ലാതാകില്ല.

ഫാറ്റി ലിവര്‍ രോഗികളില്‍ കരളിന് രക്തം അരിച്ച് ശുദ്ധിയാക്കാനോ, ശരീരത്തിലെത്തുന്ന രാസപദാര്‍ത്ഥങ്ങളെയോ മരുന്നുകളെയോ വിഷവിമുക്തമാക്കാനോ സാധിക്കുകയില്ല. ഇതെല്ലാമാണ് സാധാരണഗതിയില്‍ കരള്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍. അങ്ങനെ വരുമ്പോള്‍ കരളില്‍ നിന്ന് ഈ അവശേഷിപ്പുകളെല്ലാം മറ്റ് ശരീരാവയവങ്ങളിലേക്ക് പോകുന്നു. ശ്വാസകോശത്തിലും ഇവയെത്തുന്നു. അങ്ങനെയാണ് ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ വലിയ തോതില്‍ ഗന്ധം വരുന്നത്.
പ്രധാനമായും 'ഡൈമീഥെയ്ല്‍ സള്‍ഫൈഡ്' ആണത്രേ ഈ ഗന്ധമുണ്ടാക്കുന്നത്. ഒരാള്‍ക്ക് സ്വയം തന്നെ അനുഭവിക്കാന് ബുദ്ധിമുട്ടുള്ള അത്രയും രൂക്ഷമായ ഗന്ധമാണിത്. അതുപോലെ തന്നെ മറ്റുള്ളവര്‍ക്കും ഇത് സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്തായാലും വായ്‌നാറ്റം പതിവായി തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് കാരണം പരിശോധിക്കുന്നത് ഉചിതമായ കാര്യമാണ്.
വായ്‌നാറ്റത്തിനൊപ്പം കാര്യങ്ങളില്‍ അവ്യക്തത തോന്നുക, എപ്പോഴും ആശയക്കുഴപ്പം,ചര്‍മ്മം മഞ്ഞനിറത്തില്‍ ആവുക, കാലുകളില്‍ നീക്കം, വയര്‍ നീര്‍ത്തുകെട്ടുക, രക്തസ്രാവം എന്നിങ്ങനെയുള്ള വിഷമതകള്‍ കൂടി നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും വൈകാതെ തന്നെ പരിശോധനനടത്തുക. കാരണം ഇവയെല്ലാം ഫാറ്റി ലിവറുള്ളവരില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്.
Also Read:- മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാണ്
