വായ്നാറ്റം ശുചിത്വമില്ലായ്മയുടെ മാത്രം ലക്ഷണമായും കാണുന്നവരുണ്ട്. ഈ ചിന്താഗതി തീര്‍ത്തും തെറ്റാണ്. ശുചിത്വമില്ലായ്മയുടെ ഭാഗമായും വായ്നാറ്റമുണ്ടാകാം. എന്നാല്‍ എല്ലാ കേസുകളിലും അങ്ങനെയല്ലെന്ന് മനസിലാക്കണം. 

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇക്കൂട്ടത്തില്‍ വളരെ നിസാരമായി പലരും കണക്കാക്കുന്നൊരു ആരോഗ്യപ്രശ്നമാണ് വായ്നാറ്റം. ആരോഗ്യപ്രശ്നം എന്നതിലുപരി വലിയ രീതിയില്‍ ആത്മവിശ്വാസത്തെ ബാധിക്കുന്നൊരു പ്രശ്നമായാണ് ഇത് പലരും നേരിടുന്നത്. 

വായ്നാറ്റം ശുചിത്വമില്ലായ്മയുടെ മാത്രം ലക്ഷണമായും കാണുന്നവരുണ്ട്. ഈ ചിന്താഗതി തീര്‍ത്തും തെറ്റാണ്. ശുചിത്വമില്ലായ്മയുടെ ഭാഗമായും വായ്നാറ്റമുണ്ടാകാം. എന്നാല്‍ എല്ലാ കേസുകളിലും അങ്ങനെയല്ലെന്ന് മനസിലാക്കണം. 

ചില അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ഭാഗമായി, അതിന്‍റെ ലക്ഷണമായി വായ്നാറ്റം വരാറുണ്ട്. അത്തരത്തില്‍ വായ്നാറ്റം സൂചിപ്പിക്കുന്ന ഒരു രോഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

കിഡ്നി അഥവാ വൃക്ക നമ്മുടെ ശരീരത്തില്‍ നിന്ന് അവശിഷ്ടമായി വരുന്ന പദാര്‍ത്ഥങ്ങളെ (ശരീരത്തിന് ദോഷമാകുന്ന ലഹരിയും വിഷാംശങ്ങളും അടക്കം ) പുറന്തള്ളുന്നതിനാണ് പ്രധാനമായും സഹായിക്കുന്നത്. ഒപ്പം തന്നെ ശരീരദ്രവങ്ങളെ ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. 

വൃക്കയെ ബാധിക്കുന്ന ചില പ്രശ്നങ്ങളുടെ സൂചനയായി വായ്നാറ്റമുണ്ടാകാം. ഇത് എന്തുകൊണ്ടാണെന്ന് വച്ചാല്‍, വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ശരീരത്തില്‍ യൂറിയയുടെ അളവ് കൂടുന്നു. ഇതാണ് വായ്നാറ്റത്തിന് കാരണമാകുന്നത്. വായ്നാറ്റത്തിന് പുറമെ വായ്ക്കകത്ത് ഒരു പ്രത്യേക രുചിയും ഇതിന്‍റെ ഭാഗമായി വരുന്നു. 

വൃക്കയുടെ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിടുമ്പോള്‍ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത ധാതുക്കള്‍ പുറന്തള്ളാൻ കഴിയാതെയും വരുന്നു. ഇത് പിന്നീട് രക്തത്തില്‍ അടിയുന്നു. ഇതും വായ്നാറ്റത്തിനും രുചി വ്യത്യാസത്തിനും കാരണമാകും. സ്വാഭാവികമായും മെറ്റലുകളുടെ ഗന്ധവും രുചിയുമാണ് ഇത്തരത്തില്‍ അനുഭവപ്പെടുക. 

എന്തായാലും വായ്നാറ്റമുണ്ടാകുമ്പോള്‍ ഉടൻ തന്നെ അത് വൃക്ക പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാണെന്ന് ധരിക്കരുത്. ഉദരസംബന്ധമായ പ്രശ്നങ്ങള്‍, മോണരോഗങ്ങള്‍ തുടങ്ങി പല കാരണങ്ങളും ഇതിന് പിന്നില്‍ വരാം. അതിനാല്‍ വായ്നാറ്റം എന്തുകൊണ്ടാണെന്നത് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ഇതിന് പരിഹാരം കാണാം. 

Also Read:- വായ്നാറ്റവും മോണയില്‍ നിന്ന് രക്തവും; വായില്‍ കാണുന്ന രോഗലക്ഷണങ്ങള്‍...