'കൊറോണക്കാലം' ആയത് കൊണ്ട് തന്നെ ഇത്തവണ ഓണം കാര്യമായി ആഘോഷിക്കാനാവില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചൊരു ഓണമാണ് ഇത്തവത്തേത്. ഈ കൊവിഡ് ഓണക്കാലത്ത് ഓണസദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

ഒന്ന്...

ഓണത്തിന്റെ തിരക്കുകൾ തുടങ്ങി വരുന്നതെയുള്ളൂ. ആദ്യം ഓണത്തിന് എന്തൊക്കെ സാധനങ്ങൾ വേണമെന്ന് എഴുതി ഒരു ലിസ്റ്റ് തയ്യാറാക്കുക. ശേഷം പുറത്തേക്ക് പോകുന്ന ആളിന്റെ കയ്യിൽ കൊടുത്ത് വിടുക. 

രണ്ട്...

20 നും 50 നും വയസിന് ഇടയിൽ പ്രായമുള്ള ആളായിരിക്കണം സാധനങ്ങൾ വാങ്ങാൻ കടയിൽ പോകേണ്ടത്. നിങ്ങളുടെ വീടിന് അടുത്തുള്ള കടയിൽ നിന്ന് പരമാവധി സാധനങ്ങൾ വാങ്ങുക. ലിസ്റ്റ് തയ്യാറാക്കിയ ശേഷം കടയിൽ വിളിച്ച് പറയുകയും അവർ എടുത്ത് വച്ചതിന് ശേഷം ഒരാൾ‌ പോയി സാധനങ്ങൾ എടുക്കുക. 

മൂന്ന്...

ഈ കൊവിഡ‍് കാലത്ത് തിരക്കിനിടയിൽ പരമാവധി പോവാതിരിക്കുക. കടയിൽ പോകുമ്പോൾ മാസ്ക് ധരിക്കുക. മാത്രമല്ല, ഇടയ്ക്കിടെ സാനിറ്റെെസർ ഉപയോ​ഗിച്ച് കെെകൾ വൃത്തിയാക്കാനും ശ്രദ്ധിക്കുക. ഒന്നര മീറ്റർ അകലം പാലിക്കാനും ശ്ര​ദ്ധിക്കുക. 

നാല്...

ഓണത്തിനുള്ള പച്ചക്കറികളും പഴങ്ങളും വാങ്ങിയ ശേഷം വീട്ടിലെത്തി കഴിഞ്ഞാൽ പച്ചക്കറികൾ ആദ്യം സാനിറ്റെെസ് ചെയ്യുക. സാനിറ്റെെസ് ചെയ്യാൻ ഒരു ബക്കറ്റിൽ നാല് ലിറ്റർ വെള്ളം എടുത്ത ശേഷം അതിലേക്ക് മൂന്നോ നാലോ ടീസ്പൂൺ സോഡാ പൊടി വെള്ളത്തിലേക്ക് ഇടുക. ശേഷം നല്ല പോലെ കലക്കുക. ഈ വെള്ളത്തിലേക്ക് നിങ്ങൾ വാങ്ങി കൊണ്ട് വന്ന പച്ചക്കറികൾ മുക്കിവയ്ക്കുക. മുക്കിവച്ചതിന് ശേഷം അവയെടുത്ത് സാധാ വെള്ളത്തിൽ കഴുകിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. സോഡ പൊടി കലക്കിയ വെള്ളത്തിൽ പച്ചക്കറികൾ മുക്കിവയ്ക്കുമ്പോൾ വെെറസ് ഉണ്ടെങ്കിൽ അതിനെ നിർവീര്യമാക്കാൻ സഹായിക്കും.

കൊവിഡ് കാലത്തെ ഓണം; പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ