നമ്മുക്കിടയിൽ അമിതവണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസതടസ്സം, കൊളസ്ട്രോൾ ഇങ്ങനെ നിരവധി അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ജ്യൂസിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ബീറ്റ്റൂട്ടും ആപ്പിളും ഉപയോ​ഗിച്ച് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ജ്യൂസാണ് ഇത്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഈ ജ്യൂസ് ദിവസവും രാവിലെ കുടിക്കാൻ ശ്രമിക്കുക. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട് (ചെറുതായി അരിഞ്ഞത്)                       3 എണ്ണം      
ആപ്പിൾ (ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്)    2 എണ്ണം
നാരങ്ങ നീര്                                             1 ടീസ്പൂൺ
തേൻ                                                          1 ടീസ്പൂൺ
പുതിന ഇല                                              5 ഇലകൾ

തയ്യാറാക്കുന്ന വിധം...

ആദ്യം ബീറ്റ്റൂട്ടും ആപ്പിളും പുതിന ഇലയും ചേർത്ത് മിക്സിയിൽ അൽപം വെള്ളം ഒഴിച്ച് നല്ല പോലെ ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം ഈ ജ്യൂസിലേക്ക് നാരങ്ങ നീരും തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം. 

 ബീറ്റ്റൂട്ടും ആപ്പിളും ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ...? 

ആരോഗ്യകരമായ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയതാണ് 'ബീറ്റ്റൂട്ട്'. 100 ഗ്രാം ബീറ്റ്റൂട്ടിൽ 44 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാർബോഹൈഡ്രേറ്റുകളും മാത്രമാണുള്ളത്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (metabolism)  മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കുന്നതിനുള്ള ആവശ്യമായ ഫൈബർ, വിറ്റാമിൻ സി, നൈട്രേറ്റ്, ഫോളേറ്റ് എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.

 

 

ബീറ്റ്റൂട്ട് കഴിക്കുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കുമെന്ന്  'ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷ്യ' ന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബീറ്റ്‌റൂട്ട് സലാഡുകളുടെ കൂടെയോ ജ്യൂസായോ സൂപ്പായോ കുടിക്കാവുന്നതാണ്. 

കലോറി കുറവും ഫെെബർ ധാരാളം അടങ്ങിയ പഴമാണ് 'ആപ്പിൾ'. ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്നറിയുന്നതിനായി അടുത്തിടെ ​ഗവേഷകർ പഠനം നടത്തുകയുണ്ടായി. പഠനത്തിൽ രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചു, അതിൽ ഒരു ​ഗ്രൂപ്പിന് ദിവസവും മൂന്ന് ആപ്പിൾ വീതം പത്ത് ആഴ്ച്ച കഴിക്കാൻ ​ഗവേഷകർ നിർദേശിച്ചു.

 

 

മറ്റ് ​ഗ്രൂപ്പുക്കാർക്ക് ദിവസവും മൂന്ന് നേരം മൂന്ന് ആഴ്ച ഓട്സ് കഴിക്കാൻ നിർദേശിച്ചു. ആപ്പിൾ കഴിച്ചവർക്ക് പ്രതിദിനം 0.56 കിലോഗ്രാം ഭാരം കുറയുന്നതായി പഠനത്തിൽ കണ്ടെത്തി. ഓട്സ് കഴിച്ചവർക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും പഠനത്തിൽ പറയുന്നു. വിശപ്പ് കുറയ്ക്കാൻ ആപ്പിൾ മികച്ചൊരു പഴമാണെന്നാണ് ​ഗവേഷകർ പറയുന്നത്. 

'ഇമ്മ്യൂണിറ്റി'ക്ക് നല്ല കിടിലന്‍ ഷേക്ക്; തയ്യാറാക്കാന്‍ ആകെ വേണ്ടത് അഞ്ച് മിനുറ്റ്...