മനുഷ്യശരീരത്തില്‍ എഴുപത് ശതമാനവും ജലമാണ് ഉള്ളത്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് വിദഗ്ധർ പറയാറുള്ളത്. മുടിയിഴകളുടെ തിളക്കം കൂട്ടാനും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും ഈ വെള്ളംകുടി സഹായിക്കും.‌ രാവിലെ വെള്ളം കുടിച്ചാലുള്ള ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറച്ച് ശരീര കുറയ്ക്കാന്‍ സഹായിക്കും.

‌രണ്ട്...

ആഹാരം കഴിച്ച ഉടനുള്ള വെള്ളംകുടി ദോഷമാണ്. ഇത് ദഹനപ്രക്രിയയെയാണ് ദോഷമായി ബാധിക്കുക. ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടര്‍മില്‍ക്ക് എന്നിവ ഉപയോഗിക്കാം.

മൂന്ന്...

ശരീരം മെലിയാന്‍ ശ്രമിക്കുന്നവര്‍ വിശപ്പു തോന്നുമ്പോള്‍ ആദ്യം കുറച്ച് വെള്ളം കുടിക്കുക. പത്ത് മിനുട്ടിനു ശേഷവും വിശപ്പിന് ശമനമില്ലെങ്കില്‍ മാത്രം മറ്റു ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതിയാകും. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ ഉന്മേഷം തിരിച്ചുകിട്ടും.

നാല്...

രാത്രിയില്‍ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കില്‍ പകല്‍ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍, ഉച്ചക്ക് ശേഷം കുടിക്കുന്നതിനെക്കാളും വെള്ളം ദിവസത്തിന്റെ ആദ്യ പകുതിയില്‍ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കും.

അഞ്ച്...

തലവേദനകള്‍ പലതരത്തിലുണ്ട്. അതില്‍ കൂടുതല്‍ തരം തലവേദനയുടെയും കാരണം നിര്‍ജ്ജലീകരണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. തലവേദന മാറികിട്ടും. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാനായാല്‍, അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും.