രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. വർധിച്ച് വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം.

തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം. പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹം ഉണ്ട്. ചിലപ്പോൾ ഗർഭകാലത്ത് പ്രമേഹം (gestational diabetes) ഉണ്ടാകാം. ഇത് സ്ത്രീകളിൽ പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. ഹോർമോൺ വ്യതിയാനമാണ് ഗർഭകാല പ്രമേഹത്തിന് മിക്കവാറും കാരണമാകുന്നത്.

ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇൻസുലിന്റെ ഉൽപ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നത്. എന്നാൽ ചിലപ്പോൾ ഇത് പ്രായമായവരിലും വരാം. പാൻക്രിയാസ് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. പൊണ്ണത്തടിയും മേലനങ്ങാതുള്ള ജീവിതശൈലിയുമാണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണം.

പ്രമേഹം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...

വെണ്ടയ്ക്ക...

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്‍റിഓക്സിഡന്‍റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

പാവയ്ക്ക ....

പാവയ്ക്ക കയ്പ്പാണെങ്കിലും ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണിത്. പാവയ്ക്കയിൽ, ഇൻസുലിനെ ഇമിറ്റേറ്റ് ചെയ്യുന്ന Poly peptide-P അഥവാ P- insulin എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

ബദാം...

 പ്രമേഹരോഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹ രോഗികള്‍ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജേണല്‍ മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

അവക്കാഡോ....

 അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. Molecular Nutrition and Food Research എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവക്കാഡോ പഴം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം വരാതിരിക്കാന്‍ ഏറെ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നത്.

നെല്ലിക്ക ജ്യൂസ്...

ടൈപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക ജ്യൂസ്. പ്രമേഹമുള്ളവർ ദിവസവും ഒരു നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.