പുരുഷന്മാരിലാണ് അധികവും സ്ട്രോക്ക് വരുന്നത്. എന്നാല്‍ സ്ട്രോക്ക് മൂലമുള്ള മരണത്തിന്‍റെ കണക്കെടുക്കുകയാണെങ്കില്‍ സ്ത്രീകളാണ് മുന്നില്‍. സ്ട്രോക്ക് പല രീതിയില്‍ നമ്മളെ ബാധിക്കാം.

'സ്ട്രോക്ക്' അഥവാ പക്ഷാഘാതത്തെ കുറിച്ച് നിങ്ങളെല്ലാവരും കേട്ടിരിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് പക്ഷാഘാതം. ചിലരില്‍ ഇത് തീവ്രമല്ലാതെ വരാം, അങ്ങനെയങ്കില്‍ അത് ജീവന് മേലെ ഭീഷണിയൊന്നും ഉയര്‍ത്തില്ല. എന്നാല്‍ മറ്റ് ചിലരിലാകട്ടെ, തീവ്രതയേറിയ രീതിയിലാണ് സ്ട്രോക്ക് വരിക. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മരണസാധ്യത ഏറെയാണ്. 

'ഇസ്കീമിക് സ്ട്രോക്ക്', 'ഹെമറേജിക് സ്ട്രോക്ക്' എന്നിങ്ങനെ രണ്ട് തരം സ്ട്രോക്കുണ്ട്. ഇതില്‍ ഹെമറേജിക് സ്ട്രോക്ക് ആണ് കൂടുതല്‍ അപകടം. 'ഇസ്കീമിക് സ്ട്രോക്കി'ല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നത് രക്തക്കുഴലിലെ ബ്ലോക്ക് മൂലമാണെങ്കില്‍ 'ഹെമറേജിക് സ്ട്രോക്കി'ല്‍ തലച്ചോറിലെ രക്തക്കുഴലുകളേതെങ്കിലും പൊട്ടുകയാണ് ചെയ്യുന്നത്. 

പതിവായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരില്‍ 'ഇസ്കീമിക് സ്ട്രോക്ക്' സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഉണ്ടായിരിക്കും. എന്നാല്‍ ഇത് അത്രമാത്രം ആശങ്കപ്പെടേണ്ടൊരു കാര്യമല്ല. പലപ്പോഴും പലരും ഇത് അനാവശ്യമായ ഭാരം കൊടുത്ത് പറഞ്ഞുനടക്കാറുണ്ട്. അത് ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യും. 

പുരുഷന്മാരിലാണ് അധികവും സ്ട്രോക്ക് വരുന്നത്. എന്നാല്‍ സ്ട്രോക്ക് മൂലമുള്ള മരണത്തിന്‍റെ കണക്കെടുക്കുകയാണെങ്കില്‍ സ്ത്രീകളാണ് മുന്നില്‍. സ്ട്രോക്ക് പല രീതിയില്‍ നമ്മളെ ബാധിക്കാം. നടത്തം, ചലനങ്ങള്‍, സംസാരം, ഭക്ഷണം കഴിക്കുന്നത്, ചിന്ത, ഓര്‍മ്മ, അവയവങ്ങളുടെ മേലുള്ള നിയന്ത്രണം, വൈകാരികമായ നിയന്ത്രണം എന്നിങ്ങനെ ഏത് രീതിയിലും നാം ബാധിക്കപ്പെടാം. 

ഇനി, ഗര്‍ഭനിരോധന ഗുളികകള്‍ ഒഴികെ മറ്റെന്തെല്ലാമാണ് സ്ട്രോക്കിലേക്ക് നയിക്കുന്ന കാരണങ്ങളെന്നും എന്തെല്ലാമാണ് നാം ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ബിപി), ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദയമിടിപ്പില്‍ വ്യതിയാനം, ഹൃദയത്തിന്‍റെ ഘടനയില്‍ വ്യത്യാസം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുള്ളവര്‍, അമിത മദ്യപാനം- പുകവലി- മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, കായികമായ പ്രവര്‍ത്തികളിലൊന്നും ഏര്‍പ്പെടാത്തവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. പാരമ്പര്യ ഘടകങ്ങള്‍, പ്രായാധിക്യം, വംശപരമായ കാരണങ്ങള്‍, ജനിതകകാരണങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന സ്ട്രോക്കിനെ നമുക്ക് പ്രതിരോധിക്കുക സാധ്യമല്ല. ഇതൊഴിച്ചാല്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ സ്ട്രോക്ക് സാധ്യത വലിയ രീതിയില്‍ കുറയ്ക്കാൻ സാധിക്കും. 

Also Read:- വിവാഹത്തിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ കാണണം; എന്തുകൊണ്ട്?