കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം, അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിന്ന് മടങ്ങുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് തന്നെ ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാമ് നമുക്ക്. എന്നാല്‍ കൊവിഡ് ഭേദമായവരില്‍ പിടിപെടുന്ന ബ്ലാക്ക് ഫംഗസ് ബാധയുടെ കാര്യത്തില്‍ ഇപ്പോഴും ആശ്വാസത്തിന് വകയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇക്കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളും മരണനിരക്കും വര്‍ധിച്ചിരിക്കുകയാണ്. ഏതാണ്ട് 150 ശതമാനത്തോളം വര്‍ധനവാണ് ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ബ്ലാക്ക് ഫംഗസ് കേസുകളിലും മരണനിരക്കിലും സംഭവിച്ചിരിക്കുന്നത്. 

ആകെ 31,216 ബ്ലാക്ക് ഫംഗസ് കേസുകള്‍ നിലവില്‍ രാജ്യത്തുണ്ട്. 2,109 പേര്‍ ഇതിനോടകം തന്നെ ബ്ലാക്ക് ഫംഗസ് ബാധ മൂലം മരിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് കേസുകളുള്ളത്. 7,057 കേസുകള്‍. മരണനിരക്കും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ഇതുവരെ 609 പേരാണ് ഇവിടെ ഫംഗസ് ബാധ മൂലം മരിച്ചത്. 

 

 

മഹാരാഷ്ട്രയ്ക്ക് പിന്നാലെ 5,418 കേസും 323 മരണവുമായി ഗുജറാത്താണ് ഉള്ളത്. ഇതിന് പിന്നാലെ 2,976 കേസുമായി രാജസ്ഥാനും 188 മരണവുമായി കര്‍ണാടകയും നില്‍ക്കുന്നു. മൂന്നാഴ്ച മുമ്പ് രണ്ടായിരത്തി ചില്ലറ കേസുകള്‍ മാത്രമായിരുന്നു മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം ഉണ്ടായിരുന്നത്. ആ സ്ഥാനത്താണ് ഇപ്പോള്‍ ഏഴായിരവും അയ്യായിരവുമെല്ലാം എത്തിനില്‍ക്കുന്നത്. 

കര്‍ണാടക കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശ്, (1,744 കേസ്- 142 മരണം), ദില്ലി (1,200 കേസ്- 125 മരണം) എന്നീ സംസ്ഥാനങ്ങളും പട്ടികയില്‍ വരുന്നു. ഇവിടങ്ങളിലും മൂന്നാഴ്ച മുമ്പ് സ്ഥിതിഗതികള്‍ കുറെക്കൂടി നിയന്ത്രണത്തിലായിരുന്നു. ജാര്‍ഖണ്ഡിലാണ് ഏറ്റവും കുറവ് ബ്ലാക്ക് ഫംഗസ്‌കേസുകളുള്ളത്. മരണനിരക്കിന്റെ കാര്യത്തിലാണെങ്കില്‍ പശ്ചിമബംഗാളിലാണ് ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

പ്രധാനമായും ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിക്കാന്‍ വേണ്ട 'ആംഫോടെറിസിന്‍-ബി' മരുന്നിന്റെ ദൗര്‍ലഭ്യമാണ് മരണനിരക്ക് വര്‍ധിപ്പിക്കുന്നതെന്നാണ് ചില അനൗദ്യോഗിക മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വിഷയത്തില്‍ ബോംബെ ഹൈക്കോടതി ശ്രദ്ധേയമായ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. 

 

 

വിവിധ സംസ്ഥാനങ്ങള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എത്രമാത്രം നല്‍കിയെന്നതിന്റെ കണക്ക് സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. മഹാരാഷ്ട്രയ്ക്ക് അധികമരുന്ന് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കണെമന്നും സര്‍ക്കാര്‍ ഇതിനായി പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജനും പിന്തുടരുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കൂടി കോടതി അറിയിച്ചിരുന്നു. 

Also Read:- ബ്ലാക്ക് ഫംഗസിന് കാരണം കൊവിഡ് രോഗികള്‍ക്ക് നല്‍കിയ ഓക്‌സിജനോ?...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona