മെയ് 28, വെള്ളിയാഴ്ച രക്താര്‍ബുദ ദിനമായി ലോകം ആചരിച്ചു. എല്ലാ വര്‍ഷവും ഈ ദിവസം രക്താര്‍ബുദത്തെ കുറിച്ച് അവബോധം പകരാനും രോഗികളെ പരിചരിക്കുകയും അവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ആളുകളെ ബോധ്യപ്പെടുത്താനും വേണ്ടി രക്താര്‍ബുദ ദിനം ആചരിച്ചുവരുന്നുണ്ട്. 

ഇന്ത്യയെ സംബന്ധിച്ച് ഇത് ഏറെ പ്രധാനമാണ്. കാരണം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തേറ്റ് വച്ചേറ്റ് ഏറ്റവുമധികം രക്താര്‍ബുദ രോഗികളുള്ള രാജ്യം ഇന്ത്യയാണ്. ഓരോ വര്‍ഷവും ഈ കണക്കില്‍ വര്‍ധനവാണ് കാണുന്നതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

രക്തം നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു ഭാഗമാണെന്ന് നമുക്കെല്ലാം അറിയാം. അവയവങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും ഹോര്‍മോണുകളും ആന്റിബോഡികളുമെല്ലാമെത്തിക്കാനുള്ള മാധ്യമമെന്ന നിലയ്ക്കാണ് രക്തം പ്രവര്‍ത്തിക്കുന്നത്. ആകെ ശരീരഭാരത്തിന്റെ എട്ട് ശതമാനത്തോളം രക്തമാണ് വരിക. പ്ലാസ്മ എന്ന് പറയുന്ന ഭാഗവും രക്തകോശങ്ങളടങ്ങുന്ന മറ്റൊരു ഭാഗവുമാണ് രക്തത്തിനുള്ളത്. 

പ്ലാസ്മ എന്നാല്‍ രക്തം വേര്‍തിരിക്കുമ്പോള്‍ കാണുന്ന ദ്രാവകമാണ്. കോശങ്ങളെയും പോഷകങ്ങളെയും അവശിഷ്ടങ്ങളെയും മറ്റുമെല്ലാം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീക്കം ചെയ്യുന്നത് പ്ലാസ്മയുടെ സഹായത്തോടെയാണ്. രക്തകോശങ്ങളാകട്ടെ ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിങ്ങനെ മൂന്ന് തരവും ഉണ്ട്. 

 

 

രക്തകോശങ്ങളെയോ പ്ലാസ്മയെയോ രക്താര്‍ബുദം ബാധിക്കാം.'ലിംഫോമ', 'ലുക്കീമിയ','മൈലോമ' എന്നിങ്ങനെ മൂന്ന് തരത്തിലാണ് പ്രധാനമായും രക്താര്‍ബുദമുള്ളത്. 'ലിംഫോസൈറ്റ്‌സ്' എന്ന വെളുത്ത രക്താണുക്കളെ ബാധിക്കുന്ന അര്‍ബുദമാണ് 'ലിംഫോമ'. ഏറ്റവുമധികം പേരെ ബാധിക്കുന്നത് ഈ അര്‍ബുദമാണ്. 

എല്ലാ വെളുത്ത രക്താണുക്കളെയും ബാധിക്കുന്ന അര്‍ബുദമാണ് 'ലുക്കീമിയ'. വളരെ പതിയെ ആണ് ഇത് രൂപപ്പെട്ട് വരിക. രോഗങ്ങള്‍ക്കെതിരെ പൊരുതാനുള്ള കഴിവിനെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കാണപ്പെടുന്ന രക്താര്‍ബുദങ്ങളില്‍ മിക്ക കേസുകളും 'ലുക്കീമിയ' ആയിരിക്കും. 

പ്ലാസ്മയെ ബാധിക്കുന്ന അര്‍ബുദമാണ് 'മൈലോമ'. ഇതും രോഗപ്രതിരോധ ശേഷിയെ ആണ് പ്രധാനമായും ബാധിക്കുന്നത്. 

ഏതാനും പൊതുവായ ലക്ഷണങ്ങള്‍ മാത്രമേ രക്താര്‍ബുദത്തിന് ഉള്ളൂ. ലിംഫ് നോഡുകള്‍ വീര്‍ത്തിരിക്കുക, ശരീരഭാരം കുറയുക, മോണയില്‍ നിന്ന് രക്തസ്രാവം, എല്ലുകളിലും പേശികളിലും വേദന, പനി, വയറുവേദന, രാത്രിയില്‍ ശരീരം വിയര്‍ത്തുകൊണ്ടേയിരിക്കുക, തളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. 

 

 

Also Read:- മുഴ കൂടാതെ സ്തനാര്‍ബുദത്തില്‍ കാണുന്ന ലക്ഷണങ്ങള്‍...

യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ഒരു വ്യക്തിക്ക് രക്താര്‍ബുദം പിടിപെടുന്നത് എന്നതിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ വൈദ്യശാസ്ത്രത്തിന് കഴിയില്ല. ജനിതക ഘടകങ്ങളും, ഒരു പരിധി വരെ സാഹചര്യങ്ങളും ഇതിനെ സ്വാധീനിക്കുന്നു എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. എങ്കിലും പ്രായം, ജീവിതരീതി (ഉദാ: പുകവലി, പുകവലി രക്താര്‍ബുദത്തിന് കാരണമാകില്ല, പക്ഷേ സാധ്യത വര്‍ധിപ്പിക്കാം), റേഡിയേഷന്‍ ഏല്‍ക്കുന്നത്, വിഷാംശമുള്ള കെമിക്കലുകള്‍ എപ്പോഴും ഏല്‍ക്കുന്നത്, കീടനാശിനികളുടെ അംശങ്ങള്‍ ഏല്‍ക്കുന്നത്, പാരമ്പര്യം എന്നിവയെല്ലാം രക്താര്‍ബുദങ്ങള്‍ക്ക് കാരണമായി വന്നേക്കാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

കീമോതെറാപ്പിയും റേഡിയേഷനും അടക്കം പല ചികിത്സാ മാര്‍ഗങ്ങളും രക്താര്‍ബുദത്തിനുണ്ട്. ഇത് അര്‍ബുദത്തിന്റെ രീതിക്കും രോഗിയുടെ പ്രായത്തിനും മറ്റ് ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചാണ് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നത്. 

Also Read:- അണ്ഡാശയ കാൻസർ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona