Asianet News MalayalamAsianet News Malayalam

മുഴ കൂടാതെ സ്തനാര്‍ബുദത്തില്‍ കാണുന്ന ലക്ഷണങ്ങള്‍...

കൃത്യമായി രോഗത്തെ തിരിച്ചറിയാനാവുകയെന്നതാണ് സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ആകെ ശ്രദ്ധിക്കേണ്ടുന്ന വിഷയം. പലപ്പോഴും സമയത്തിന് രോഗം കണ്ടെത്തപ്പെടാത്തതാണ് പിന്നീട് സങ്കീര്‍ണതകളിലേക്ക് നയിക്കുന്നത്. സ്തനങ്ങളില്‍ മുഴയുള്ളതായി തോന്നിയാല്‍ പരിശോധിച്ച് അത് ക്യാന്‍സര്‍ അല്ലെന്ന് ഉറപ്പുവരുത്തണം

know the symptoms of breast cancer
Author
Trivandrum, First Published Feb 9, 2021, 11:40 PM IST

ഇന്ന് ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് കാണാനാകുന്നത്. പല റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളിലാണ് സ്തനാര്‍ബുദം വര്‍ധിച്ചുവരുന്നത്. 

എന്നാല്‍ എന്തുകൊണ്ടാണ് സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായൊരു കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഒരു ശതമാനം പുരുഷന്മാരിലും സ്തനാര്‍ബുദം കാണുന്നുണ്ട്. അതായത്, സ്ത്രീകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ജാഗ്രതയെടുക്കേണ്ടതെന്ന് സാരം. 

കൃത്യമായി രോഗത്തെ തിരിച്ചറിയാനാവുകയെന്നതാണ് സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ആകെ ശ്രദ്ധിക്കേണ്ടുന്ന വിഷയം. പലപ്പോഴും സമയത്തിന് രോഗം കണ്ടെത്തപ്പെടാത്തതാണ് പിന്നീട് സങ്കീര്‍ണതകളിലേക്ക് നയിക്കുന്നത്. സ്തനങ്ങളില്‍ മുഴയുള്ളതായി തോന്നിയാല്‍ പരിശോധിച്ച് അത് ക്യാന്‍സര്‍ അല്ലെന്ന് ഉറപ്പുവരുത്തണം. 

 

know the symptoms of breast cancer

 

എന്നാല്‍ ഇത്തരത്തിലുള്ള മുഴകള്‍ മാത്രമല്ല, വേറെയും ചില ലക്ഷണങ്ങള്‍ കൂടി സ്തനാര്‍ബുദമുള്ളവരില്‍ രോഗസൂചനയായി കാണപ്പെടാം. അവ ഏതെല്ലാം എന്നൊന്ന് നോക്കാം. 

1. മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ.
2. മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ.
3. മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം അടര്‍ന്നിരിക്കുന്ന അവസ്ഥ. 
4. സ്തനത്തിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം പടരുന്ന അവസ്ഥ. 
5. കക്ഷത്തില്‍ നീര് വന്നത് പോലെ വീര്‍ത്തിരിക്കുന്ന അവസ്ഥ. (ലിംഫ് നോഡുകളിലെ വീക്കമാണിത്)
6. സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക. 
7. സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക. 
8. സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, ഘടനയില്‍ വ്യത്യാസം കാണുക. 

ഈ ലക്ഷണങ്ങളിലെ പലതും മറ്റ് അവസ്ഥകളിലും കാണാം. അതിനാല്‍ത്തന്നെ എപ്പോഴും തെറ്റിദ്ധരിക്കാനുള്ള സാഹചര്യവുമുണ്ടാകാം. പല സ്ത്രീകള്‍ക്കും സ്തനങ്ങളില്‍ സിസ്റ്റുകളുണ്ടാകാറുണ്ട്. (ചെറിയ മുഴകള്‍). ഇത് സ്തനാര്‍ബുദ ലക്ഷണമായി എളുപ്പത്തില്‍ തെറ്റിദ്ധരിച്ചേക്കാം. 

 

know the symptoms of breast cancer

 

അതുപോലെ സ്തനങ്ങളില്‍ വേദന അനുഭവപ്പെടുന്ന അവസ്ഥയും പല സ്ത്രീകള്‍ക്കുമുണ്ട്. ഇത് ക്രമേണ ശാരീരികവ്യത്യാസങ്ങള്‍ സംഭവിക്കുമ്പോള്‍ മാറുന്നതാണ്. എങ്കിലും ലക്ഷണങ്ങള്‍ സംബന്ധിച്ച് സംശയം തോന്നുകയാണെങ്കില്‍ അത് പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. 

ഇരുപത് മുതല്‍ മുപ്പത് വരെയ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ കാര്യക്ഷമമായ സ്വയം പരിശോധന തന്നെ മതിയാകും. മുപ്പത്തിയൊന്ന് മുതല്‍ നാല്‍പത് വരെയുള്ള സ്ത്രീകള്‍ ലക്ഷണങ്ങളില്‍ സംശയം തോന്നിയാല്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്ലിനിക്കലി പരിശോധിക്കണം. ഈ പ്രായപരിധിയിലുള്ള സ്ത്രീകള്‍ ഓരോ ആറ് മാസത്തിലും ഓങ്കോളജിസ്റ്റിന്റെ സഹായത്തോടെ സ്തനാര്‍ബുദമില്ലെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. 

നാല്‍പത്തിയൊന്ന് മുതല്‍ അമ്പത്തിയഞ്ച് വരെ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാം. അമ്പത്തിയഞ്ചിന് മുകളിലുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒരു മാമോഗ്രാം എന്ന രീതിയിലും രോഗമില്ലെന്ന് ഉറപ്പുവരുത്താം. സമയത്തിന് തിരിച്ചറിഞ്ഞാല്‍ വളരെയധികം ഫലപ്രദമായ ചികിത്സയിലൂടെ സ്തനാര്‍ബുദത്തെ മറികടക്കാനാകും. മറ്റ് ആശങ്കകളൊന്നും ഇക്കാര്യത്തില്‍ ആവശ്യവുമില്ല.

Also Read:- ഇവ കഴിച്ചോളൂ, ക്യാൻസർ സാധ്യത കുറയ്ക്കാം...

Follow Us:
Download App:
  • android
  • ios