Asianet News MalayalamAsianet News Malayalam

രാത്രിയില്‍ അധികനേരം ഫോണില്‍ കളിക്കല്ലേ; പ്രായം പെട്ടെന്ന് കൂടും...

കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും സുപ്രധാനമായ ഒരു ആരോഗ്യപ്രശ്‌നത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് അടുത്തിടെ മെല്‍ബണില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട്
 

blue light from phones may lead you to early ageing
Author
Melbourne VIC, First Published Sep 14, 2020, 9:40 PM IST

ഇന്ന് മിക്കവാറും പേരും ദിവസത്തിന്റെ അധികസമയവും ചിലവിടുന്നത് മൊബൈല്‍ ഫോണ്‍ നോക്കാനാണ്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും ഗെയിമിംഗും ഷോപ്പിംഗും അങ്ങനെ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ നമുക്ക് കാരണങ്ങള്‍ നിരവധിയാണ്.

എന്നാല്‍ ഫോണിന്റെ അമിതോപയോഗം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കുന്നുണ്ട്. ഇത് കണ്ണിനും തലച്ചോറിനുമുണ്ടാക്കുന്ന സമ്മര്‍ദ്ദം പലപ്പോഴും നമ്മള്‍ തിരിച്ചറിയാതെ പോകുകയാണ്. കണ്ണിന് മാത്രമല്ല, മറ്റ് പല രീതിയിലും ഫോണിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നുണ്ട്. 

ഇക്കൂട്ടത്തില്‍ ഏറ്റവും സുപ്രധാനമായ ഒരു ആരോഗ്യപ്രശ്‌നത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് അടുത്തിടെ മെല്‍ബണില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട്. ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമെല്ലാം പ്രസരിക്കുന്ന 'ബ്ലൂ ലൈറ്റ്' ചര്‍മ്മത്തെ എത്തരത്തിലെല്ലാം ബാധിക്കും എന്നതായിരുന്നു ഇവരുടെ ഗവേഷണ വിഷയം. 

ഗുരുതരമായ തരത്തിലാണ് ഫോണ്‍ പോലുള്ള ഡിവൈസുകളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം ചര്‍മ്മത്തെ ബാധിക്കുകയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നീണ്ട നേരത്തേക്ക് ഈ വെളിച്ചമേല്‍ക്കുന്നത് ചര്‍മ്മത്തില്‍ നിറവ്യത്യാസമുണ്ടാകാനും, പിന്നീട് പരിഹരിക്കാന്‍ കഴിയാത്ത വിധത്തില്‍ പാടുകളും മങ്ങലുകളുമേല്‍ക്കാനും ഇടയാക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ പ്രായമായവരെ പോലെ ചര്‍മ്മം മാറിപ്പോകുന്നതും ഇത്തരത്തിലുള്ള അശ്രദ്ധകളുടെ ഭാഗമായാകാം എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. രാത്രിയില്‍ സ്‌ക്രീന്‍ സമയം പരമാവധി കുറയ്ക്കുക എന്നത് തന്നെയാണ് ഈ പ്രശ്‌നത്തെ ചെറുക്കാനുള്ള പ്രധാന മാര്‍ഗമായി ഇവര്‍ നിര്‍ദേശിക്കുന്നത് ഒപ്പം തന്നെ, 'ടിന്റഡ് സണ്‍സ്‌ക്രീന്‍' ഉപയോഗം, 'അയേണ്‍ ഓക്‌സൈഡ്' അടങ്ങിയ മേക്കപ്പ് സാധനങ്ങളുടെ ഉപയോഗം എന്നിവയും ഡെര്‍മറ്റോളജിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. 

അതുപോലെ തന്നെ രാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന കുറഞ്ഞ സമയം പോലും സ്‌ക്രീന്‍ കളര്‍ മാറ്റിയ ശേഷമോ, ബ്രൈറ്റ്‌നെസ് കുറച്ച ശേഷമോ മാത്രമേ ആകാവൂ എന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. ആറ് മണിക്കൂറോ, അതില്‍ കൂടുതലോ ദിവസത്തില്‍ ഫോണിന്റെ വെളിച്ചം കൊള്ളുന്നത് നേരിട്ട് കൊടിയ സൂര്യപ്രകാശത്തില്‍ 25 മിനുറ്റ് നില്‍ക്കുന്നതിന് തുല്യമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. ഇതില്‍ ഏഴ് മിനുറ്റ് കൊണ്ട് തന്നെ 'ബ്ലൂ ലൈറ്റ്' ചര്‍മ്മത്തിന് മുകളില്‍ പാട് വീഴ്ത്താന്‍ തുടങ്ങുമെന്നും പഠനം സൂചിപ്പിക്കുന്നു.

Also Read:- സ്ത്രീകളുടെ കൈകളില്‍ സ്മാര്‍ട്ട് ഫോണ്‍ എത്തുമ്പോള്‍...

Follow Us:
Download App:
  • android
  • ios