അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തകര്‍ച്ചയുടെ കാലത്ത് മദ്യത്തില്‍ അഭയം തേടിയ തന്നെക്കുറിച്ച് ബോബി തുറന്നുപറഞ്ഞത്. 1995ല്‍ പുറത്തിറങ്ങിയ 'ബര്‍സാത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു ബോബിയുടെ സിനിമാ അരങ്ങേറ്റം. താരകുടുംബത്തില്‍ നിന്ന് വരുന്നതിനാല്‍ ആ പരിഗണനയും സ്ഥാനവുമെല്ലാം ബോബിക്ക് എന്നും ലഭിച്ചിരുന്നു

പ്രശസ്തിയുടെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും മദ്യത്തിനും ലഹരിക്കുമെല്ലാം അടിപ്പെട്ട് ജീവിതം നഷ്ടപ്പെടുത്തിയ ഒട്ടനവധി പ്രതിഭകളുടെ അനുഭവങ്ങള്‍ നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങളുടെ അനുഭവങ്ങള്‍. പ്രശസ്തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, അതിന് അല്‍പം മങ്ങലേല്‍ക്കുമ്പോഴും ലഹരിയില്‍ അഭയം തേടിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. 

ആരാധകരും, കൈ നിറയെ സിനിമകളും, പേരും, അംഗീകാരങ്ങളുമെല്ലാം നിറം പിടിപ്പിച്ച ജീവിതത്തില്‍ നിന്ന് പെട്ടെന്ന് ഇരുട്ടിലേക്ക് വീഴുമ്പോള്‍ ഒരു കച്ചിത്തുരുമ്പെന്ന നിലയ്ക്കാണ് ഇത്തരത്തില്‍ പല താരങ്ങളും ലഹരിയെ ആശ്രയിക്കാറ്. സമാനമായ അനുഭവം തന്നെയാണ് ബോളിവുഡ് താരം ബോബി ഡിയോളിനും പറയാനുള്ളത്. 

അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തകര്‍ച്ചയുടെ കാലത്ത് മദ്യത്തില്‍ അഭയം തേടിയ തന്നെക്കുറിച്ച് ബോബി തുറന്നുപറഞ്ഞത്. 1995ല്‍ പുറത്തിറങ്ങിയ 'ബര്‍സാത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു ബോബിയുടെ സിനിമാ അരങ്ങേറ്റം. താരകുടുംബത്തില്‍ നിന്ന് വരുന്നതിനാല്‍ ആ പരിഗണനയും സ്ഥാനവുമെല്ലാം ബോബിക്ക് എന്നും ലഭിച്ചിരുന്നു. 

എന്നിട്ട് പോലും ഏറെ വൈകാതെ ബോബിക്ക് അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങി. 'ഗുപ്ത്', 'സോള്‍ജ്യര്‍', 'അജ്‌നബീ', 'ഹംറാസ്' തുടങ്ങി ഒരുപിടി ഹിറ്റുകളിലൂടെ ബോളിവുഡ് സിനിമാസ്വാദകരുടെ മനസില്‍ ബോബി തന്റേതായ ഇടം ഉറപ്പിച്ചിരുന്നു. എങ്കിലും പുതിയ സാധ്യതകള്‍ തന്നെത്തേടി വരാതായ സമയത്ത് അതിവേഗം താരം വിഷാദത്തിലേക്ക് കൂപ്പുകുത്തി. 

'ഇനിയാര്‍ക്കും എന്നോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടാകില്ലെന്ന് എനിക്ക് തോന്നി. പിന്നീട് മദ്യത്തെ ആശ്രയിച്ച് മാത്രമായിരുന്നു എന്റെ ദിവസങ്ങള്‍. ഏതാണ്ട് മുഴുവന്‍ സമയവും മദ്യപാനം തന്നെ. പകലും രാത്രിയുമെന്നില്ലാതെ വീട്ടിനകത്ത് തന്നെ അടച്ചിട്ടിരുന്നു. എന്റെ ഈ അവസ്ഥ അമ്മയിലും ഭാര്യയിലും മക്കളിലുമെല്ലാം ഒരു തരം നിസഹായത സൃഷ്ടിക്കുന്നതായി പിന്നീട് ഞാന്‍ മനസിലാക്കി. അവരുടെ കണ്ണുകളിലേക്ക് നോക്കാന്‍ എനിക്ക് കഴിയാതെയായി. അങ്ങനെയാണ് ആ അവസ്ഥയില്‍ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്ന് ഞാന്‍ നിശ്ചയിച്ചത്...'- ബോബി പറയുന്നു. 

മദ്യപാനത്തില്‍ നിന്ന് സ്വയം മോചിപ്പിക്കണമെന്ന് തീരുമാനമെടുത്തതോടെ ജീവിതം മാറിയെന്ന് ബോബി സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി വീണ്ടും വര്‍ക്കുകള്‍ വരുന്നുണ്ടെന്നും പലരും തന്റെ തിരിച്ചുവരവിന് സഹായിച്ചിട്ടുണ്ടെന്നും ബോബി പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ 'ക്ലാസ് ഓഫ് 83'യാണ് ബോബിയുടെ വരാനിരിക്കുന്ന ചിത്രം. ഷാരൂഖ് ഖാന്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Also Read:- അമിത മദ്യപാനം കവര്‍ന്ന ജീവിതം; തിരിച്ചുപിടിച്ചെന്ന് പൂജ ഭട്ട്...