കൊവിഡ് 19 വ്യാപകമായതോടെ ആരോഗ്യത്തെ കുറിച്ചും രോഗ പ്രതിരോധശേഷിയെ കുറിച്ചുമെല്ലാം ആളുകള്‍ ധാരാളമായി സംസാരിക്കാനും അക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനുമെല്ലാം തുടങ്ങി. ഭക്ഷണപാനീയങ്ങളിലൂടെ തന്നെ എത്തരത്തിലെല്ലാം പ്രതിരോധ ശേഷം വര്‍ധിപ്പിക്കാമെന്നതിനെ കുറിച്ച് കാര്യമായ ചര്‍ച്ചകളാണ് ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നടക്കുന്നത്. 

എന്തായാലും അല്‍പമൊരു കരുതലെടുത്താല്‍ ആരോഗ്യപരമായ ജീവിതരീതിയിലേക്ക് മാറാന്‍ നമുക്ക് സാധിക്കുമെന്നും ഈ ചര്‍ച്ചകള്‍ തെളിയിച്ചിട്ടുണ്ട്. ഇനി കൊവിഡ് കാലത്തെ ഡയറ്റുമായി ബന്ധപ്പെട്ട് ചേര്‍ത്തുപറയാവുന്നൊരു ടിപ്പാണ് പങ്കുവയ്ക്കുന്നത്. പ്രതിരോധശേഷി കൂട്ടാനും അതുപോലെ തന്നെ സീസണിന്റെ ഭാഗമായി വരുന്ന ജലദോഷം, ചുമ പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു 'സ്‌പെഷ്യല്‍' ചായയെ പരിചയപ്പെടുത്തുകയാണ്. 

സംഗതി 'സ്‌പെഷ്യല്‍' ചായ ആണെങ്കിലും അത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനാവശ്യമായ ചേരുവകളാണെങ്കിലോ, മിക്ക വീടുകളിലും എപ്പോഴും കാണുന്നവയുമാണ്. കറുവാപ്പട്ട, തേന്‍ എന്നീ രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ് ഇതിനാവശ്യം. 

അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങളുടെ കലവറയാണ് കറുവാപ്പട്ടയും ഒപ്പം തന്നെ തേനും. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകളും എന്‍സൈമുകളുമെല്ലാം ശാരീരികമായ പ്രശ്‌നങ്ങളെ സുഖപ്പെടുത്താന്‍ ഫലപ്രദമായി സഹായിക്കുന്നു. കോശങ്ങളെ ബാധിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും അതുവഴി അണുബാധകളെ തുരത്താനും തേനിന്റെ ആന്റി-ബാക്ടീരിയല്‍ സവിശേഷതയും സഹായിക്കുന്നു. കറുവാപ്പട്ടയ്ക്കും ശരീരത്തിന്റെ പല കേടുപാടുകളെയും തീര്‍ത്ത് സുഖപ്പെടുത്താനുള്ള കഴിവുണ്ട്. 

ഇത്രയും ഗുണങ്ങളുള്ളതിനാല്‍ തന്നെ ഇവ രണ്ടും ചേരുന്ന ചായ എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പ്രാധാന്യം മനസിലാക്കാമല്ലോ. അലര്‍ജികളെ എതിര്‍ക്കാനും, മുറിവുകളെയും പരിക്കുകളെയും സുഖപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനുമെല്ലാം കറുവാപ്പട്ട- തേന്‍ ചായ ഉപകരിക്കുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറയും പറയുന്നത്. 

ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണെന്ന് പറഞ്ഞുവല്ലോ. ആദ്യം ആവശ്യമായത്രയും വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക. ഒരു കപ്പ് വെള്ളത്തിന് മുക്കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും, ഒരു ടീസ്പൂണ്‍ തേനുമാണ് എടുക്കേണ്ടത്. വെള്ളം തിളച്ചുകഴിയുമ്പോള്‍ ഇതിലേക്ക് കറുവാപ്പട്ട പൊടി ചേര്‍ക്കുകയാണ് വേണ്ടത്. ഇനി ഒന്ന് ചൂട് മാറുമ്പോള്‍ ഇത് കപ്പിലേക്ക് പകര്‍ന്ന ശേഷം തേനും ചേര്‍ക്കാം. കറുവാപ്പട്ട- തേന്‍ 'സ്‌പെഷ്യല്‍' ചായ റെഡി. കൊവിഡ് കാലത്തെ വൈകുന്നേരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇനി ഈ ചായയും ഒന്ന് പരീക്ഷിക്കണേ.

Also Read:- ഗ്രാമ്പു ടീ കുടിച്ചാലുള്ള ​​ഗുണങ്ങൾ അറിയേണ്ടേ...?