നാല്‍പത് കഴിഞ്ഞവര്‍ ഇക്കാര്യം കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. 

ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം പ്രധാനമാണ്. പ്രത്യേകിച്ച്, എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. നാല്‍പത് കഴിഞ്ഞവര്‍ ഇക്കാര്യം കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. 

അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്...

ചീസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യവും പ്രോട്ടീനും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീസ് ഉള്‍പ്പെടെയുള്ള പാല്‍ ഉല്‍പ്പനങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

യോഗർട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

സോയാബീന്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയ ഇവയും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്...

പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

ആറ്...

ചീരയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

എട്ട്...

നട്സും അതുപോലെ എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഒമ്പത്...

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ദിവസവും കഴിക്കാം മുളപ്പിച്ച പയർ; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player