Asianet News MalayalamAsianet News Malayalam

Cancer Symptoms : ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ക്യാൻസര്‍ രോഗം നിങ്ങളെ കടന്നുപിടിക്കാം...

ബവല്‍ ക്യാൻസര്‍ അഥവാ വയറിനെ ബാധിക്കുന്ന ക്യാൻസര്‍ രോഗം ശ്രദ്ധിക്കാതെ ഏറെ മുന്നോട്ട് പോയാല്‍ അത് പതിയെ എല്ലിലേക്ക് കടന്നുകയറും. ഈ അവസ്ഥ തീര്‍ത്തും സങ്കീര്‍ണമാണ്. രോഗി രക്ഷപ്പെടാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ഇതിന് ആദ്യം ബവല്‍ ക്യാൻസര്‍ ലക്ഷണങ്ങള്‍ മനസിലാക്കി, ഇത് സമയത്തിന് കണ്ടെത്തുകയാണ് വേണ്ടത്.

bowel cancer may later spreads to bones and know its symptoms
Author
First Published Sep 3, 2022, 11:11 AM IST

ക്യാൻസര്‍ അഥവാ അര്‍ബദത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളെല്ലാം ഇന്ന് ഏവര്‍ക്കും അറിയാം. കോശങ്ങള്‍ അസാധാരണമായി പെരുകുന്ന അവസ്ഥയാണ് ക്യാൻസര്‍ എന്ന് ലളിതമായി പറയാം. ഇത് ബാധിക്കുന്ന അവയവങ്ങളെയും ബാധിച്ച സമയത്തെയും അടിസ്ഥാനപ്പെടുത്തിയാണ് രോഗതീവ്രത കണക്കാക്കുന്നത്. 

ക്യാൻസര്‍ രോഗം പല ഘട്ടങ്ങളിലായാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ നല്‍കാൻ ഇന്ന് നമുക്ക് സൗകര്യങ്ങളുണ്ട്. സാമ്പത്തികമായ പശ്ചാത്തലം മാത്രമേ ഇതിനാവശ്യമുള്ളൂ. മറ്റ് സംവിധാനങ്ങള്‍ മെഡിക്കല്‍ രംഗത്ത് തന്നെയുണ്ട്.

എന്നാല്‍ സമയത്തിന് ക്യാൻസര്‍ നിര്‍ണയം നടക്കുന്നില്ലെന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. ഒരു അവയവത്തെ മാത്രം ബാധിച്ച രോഗം പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതോടെ ചികിത്സയ്ക്ക് അര്‍ത്ഥമില്ലാതാകുന്നു. ഇത്തരത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്യാൻസര്‍ നമ്മെ കടന്നുപിടിക്കുന്നൊരു സാഹചര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ബവല്‍ ക്യാൻസര്‍ അഥവാ വയറിനെ ബാധിക്കുന്ന ക്യാൻസര്‍ രോഗം ശ്രദ്ധിക്കാതെ ഏറെ മുന്നോട്ട് പോയാല്‍ അത് പതിയെ എല്ലിലേക്ക് കടന്നുകയറും. ഈ അവസ്ഥ തീര്‍ത്തും സങ്കീര്‍ണമാണ്. രോഗി രക്ഷപ്പെടാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ഇതിന് ആദ്യം ബവല്‍ ക്യാൻസര്‍ ലക്ഷണങ്ങള്‍ മനസിലാക്കി, ഇത് സമയത്തിന് കണ്ടെത്തുകയാണ് വേണ്ടത്.

2020ല്‍ മാത്രം ലോകത്ത് ആകമാനം പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് ബവല്‍ ക്യാൻസറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുടല്‍, മലാശയം, മലദ്വാരം എന്നിവിടങ്ങളെയാണ് ഇതില്‍ ക്യാൻസര്‍ ബാധിക്കുന്നത്. 

ലക്ഷണങ്ങള്‍...

വയറ്റില്‍ എപ്പോഴും അസ്വസ്ഥത, സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥ, മലത്തില്‍ രക്തം, വയറുവേദന, വയര്‍ വീര്‍ത്ത് കെട്ടിയിരിക്കുന്ന അവസ്ഥ, മലബന്ധം, ഛര്‍ദ്ദി എന്നിവയെല്ലാം ബവല്‍ ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. 

മിക്ക കേസുകളിലും ഇവയെല്ലാം ദഹനപ്രശ്നങ്ങളായി കണക്കാക്കി ക്യാൻസര്‍ നിര്‍ണയം വൈകുന്നതാണ് പിന്നീട് പ്രശ്നമാകാറ്. അതുകൊണ്ട് തന്നെ ഇത്തരം വിഷമതകള്‍ നേരിടുന്നപക്ഷം പരിശോധനയ്ക്ക് വിധേയരാകുന്നതാണ് ഉചിതം. 

എല്ലിലേക്ക് പടരുമ്പോള്‍...

ബവല്‍ ക്യാൻസര്‍ പിന്നീട് കരള്‍, ശ്വാസകോശം, തലച്ചോര്‍, പെരിട്ടോണിയം (വയറ്റിലുള്ള ഒരു ആവരണം ), ലിംഫ് നോഡുകള്‍ എന്നിവയിലേക്കെല്ലാം പടരാം. എല്ലിലേക്ക്  പടരുമ്പോള്‍ ക്യാൻസര്‍ കോശങ്ങള്‍ പിന്നീട് പെരുകുന്നത് എല്ലില്‍ ഇരുന്നാകും. ഇത് രക്തത്തില്‍ കാത്സ്യം കൂടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. മുതിര്‍ന്നവരില്‍ ജീവന് ഭീഷണിയാകുന്ന സാഹചര്യമാണിതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

അസഹനീയമായ തളര്‍ച്ച, എപ്പോഴും ഓക്കാനം, ദാഹം എന്നിവയാണീ ഘട്ടത്തില്‍ ലക്ഷണമായി വരുന്നത്. കഠിനമായ വേദനയും ഇതുണ്ടാക്കുന്നു. രോഗിയുടെ എല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും ഫ്രാക്ചര്‍ ( പൊട്ടുന്ന) ആകുന്ന സാഹചര്യവും ഇതോടെയുണ്ടാകാം. 

Also Read:- സ്ത്രീകളുടെ സ്വകാര്യഭാഗത്ത് കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ...

Follow Us:
Download App:
  • android
  • ios