താന്‍ താമസിക്കുന്ന തമന്നത്ത് കഴിഞ്ഞ ഏഴ് ദിവസമായി ഭക്ഷണ മാലിന്യം എടുക്കാനായി കോർപ്പറേഷൻ ജീവനക്കാര്‍ എത്തിയിട്ടില്ല എന്നാണ് ചിത്തിര  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിന് മുമ്പ് വരെയും ദിവസവും ഭക്ഷണ മാലിന്യവും ആഴ്ചയില്‍ പ്ലാസ്റ്റിക് മാലിന്യവും എടുക്കാന്‍  കോർപ്പറേഷൻ ജീവനക്കാര്‍ എത്തുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഇവ എടുക്കാതെ വീടിനുള്ളില്‍ രൂക്ഷ ദുര്‍ഗന്ധം പരന്നു എന്നാണ് ചിത്തിര  പറയുന്നത്. 

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് സമീപ വാസത്തെ വീടുകളിലെ ഭക്ഷണ മാലിന്യങ്ങള്‍ കോർപ്പറേഷൻ നീക്കം ചെയ്യാത്ത മൂലം ആളുകള്‍ ബുദ്ധിമുട്ടുന്നതായി പരാതി ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സറായ ചിത്തിര കുസുമന്‍ എന്ന യുവതി കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പ്ലാന്റ് കത്തിയതു മുതൽ കോർപ്പറേഷൻ ഭക്ഷണ മാലിന്യം എടുക്കുന്നില്ല എന്നും ഇതുമൂലമുള്ള രൂക്ഷ ദുര്‍ഗന്ധം സഹിക്കുന്നില്ല എന്നുമാണ് ചിത്തിര കുറിച്ചത്.

താന്‍ താമസിക്കുന്ന തമന്നത്ത് കഴിഞ്ഞ ഏഴ് ദിവസമായി ഭക്ഷണ മാലിന്യം എടുക്കാനായി കോർപ്പറേഷൻ ജീവനക്കാര്‍ എത്തിയിട്ടില്ല എന്നാണ് ചിത്തിര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിന് മുമ്പ് വരെയും ദിവസവും ഭക്ഷണ മാലിന്യവും ആഴ്ചയില്‍ പ്ലാസ്റ്റിക് മാലിന്യവും എടുക്കാന്‍ കോർപ്പറേഷൻ ജീവനക്കാര്‍ എത്തുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഇവ എടുക്കാതെ വീടിനുള്ളില്‍ രൂക്ഷ ദുര്‍ഗന്ധം പരന്നു എന്നാണ് ചിത്തിര പറയുന്നത്. 

പ്ലാസ്റ്റിക് കവറുകളിലാക്കി അടുക്കളയില്‍ തന്നെ ഇവ സൂക്ഷിക്കേണ്ടി വന്നു. കുട്ടികൾക്ക് അസുഖങ്ങളും പരക്കുന്നുണ്ട്. തുടർച്ചയായ പരാതികൾക്ക് ശേഷം രാത്രി വൈകി കോർപ്പറേഷൻ ജീവനക്കാര്‍ സ്ഥലത്ത് എത്തി ഇവ നീക്കം ചെയ്തു എന്നും ചിത്തിര പറയുന്നു. അവര്‍ ഇത് നീക്കം ചെയ്യുന്ന ആ കാഴ്ച കണ്ട് തനിക്ക് സ്വയം പുച്ഛം തോന്നുന്നുണ്ടെന്നും ചിത്തിര പറയുന്നു. 

ചിത്തിരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം... 

പുക മാത്രമാണ് പ്രശ്നം എന്നാണോ കരുതിയത് ? അല്ല . പ്ലാന്റ് കത്തിയതു മുതൽ കോർപ്പറേഷൻ വെയ്സ്റ്റ് എടുക്കുന്നില്ല. ഞാൻ താമസിക്കുന്ന ഇടത്ത് ഒന്നര സെന്റ് ഭൂമിയിൽ നൂറ്റി അൻപതോളം വീടുകൾ ഉണ്ട് . എന്റെ വീട്ടിൽ മൂന്ന് അംഗങ്ങൾ മാത്രം ഉണ്ടായിട്ടും, ഫുഡ് വേസ്റ്റ് സൂക്ഷിച്ചിട്ട് അകം മുഴുവൻ നാറി തുടങ്ങി. ഇവിടെ മിക്കവാറും വീടുകളിൽ അഞ്ചോ അതിൽ അധികമോ ആളുകൾ ഉണ്ട്. അത്രയും ആളുകൾ ഉണ്ടാക്കുന്ന ഫുഡ് വേസ്റ്റ് എറിഞ്ഞു കളയാൻ ഞങ്ങൾക്ക് നേരെ മുന്നിൽ റോഡ് മാത്രമേ ഉള്ളു എന്നതുകൊണ്ട് അടുക്കളപ്പുറങ്ങൾ നാറട്ടെ അത് ഉമ്മറത്തേക്ക് പരക്കട്ടെ എന്നു കരുതുകയല്ലാതെ വേറെ മാർഗമില്ല. കുട്ടികൾക്ക് അസുഖങ്ങൾ പരക്കുന്നുണ്ട് . തുടർച്ചയായ പരാതികൾക്ക് ഒടുവിൽ നാളെ വേസ്റ്റ് എടുക്കും എന്ന് അറിയിപ്പ് വന്നിരുന്നു. നാളെ ചെയ്യേണ്ട പണി തീരാത്ത ഒന്നാണ് എന്ന് അറിയാവുന്നതുകൊണ്ട്, 'നാളെ' തുടങ്ങാൻ അഞ്ചു മിനിറ്റ് മുൻപേ എത്തിയിരിക്കുകയാണ് വേസ്റ്റ് കളക്റ്റ് ചെയ്യുന്ന ചേച്ചിയും ചേട്ടനും. റോഡിൽ അവരെടുക്കുന്ന, ഇത്രയും വീട്ടുകാർ മണ്ണെണ്ണ ഒഴിച്ചും അല്ലാതെയും സൂക്ഷിച്ച പുഴു അരിക്കുന്ന, വെള്ളം ഒലിക്കുന്ന വേസ്റ്റിന്റെ അഴുക്കുമണം ഇതെഴുന്ന സമയത്ത് ഇവിടെ ആകെ പരക്കുന്നുണ്ട് . അവരത് ചെയ്യുന്നത് കണ്ടിരിക്കേണ്ടി വരുന്ന ഗതികേടോർത്ത് എനിക്ക് സ്വയം പുച്ഛം തോന്നുന്നുണ്ട്. ഇത് കൊണ്ടിടാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ, ഇത് കുഴിച്ചു മൂടാൻ ആണോ അതോ വല്ലയിടത്തും കൊണ്ടുപോയി തള്ളാൻ ആണോ എന്നൊന്നും അറിഞ്ഞുകൂടാ . അന്വേഷിക്കാൻ തോന്നുന്നുമില്ല . എന്തിനാണ് !! ഇതല്ല സർക്കാരേ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള പൗരന്റെ അവകാശമായ അന്തസ്സുള്ള ജീവിതം. ഇത് വെറും കൃമിജീവിതമാണ് , ഏത് രാഷ്ട്രീയക്കാരൻ വേണമെന്ന് വെച്ചാലും ചവിട്ടി അരച്ചുകളയാൻ പാകത്തിലാണ് എന്നു നിങ്ങൾ ഉറപ്പു വരുത്തിയിട്ടുള്ള അഴുക്കുജീവിതം .