തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിദ്ധ്യം അമേരിക്കയിൽ ആശങ്ക പടർത്തുന്നു. നെയ്ഗ്ലേരിയ എന്ന തരം അമീബയുടെ സാന്നിദ്ധ്യമാണ് അമേരിക്കയിൽ തലവേദനയാകുന്നത്.  ഇതു സംബന്ധിച്ച്‌ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കി.

തടാകങ്ങളും അരുവികളും ഉള്‍പ്പെടെയുള്ള ശുദ്ധജലത്തിലാണ് നെയ്‌ഗ്ലേരിയ ഫൌലറി എന്ന ഈ അമീബ കൂടുതലായി കാണപ്പെടുന്നത്. അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളത്തില്‍ നീന്തുകയോ മുങ്ങുകയോ ചെയ്യുമ്പോള്‍ ഒരു വ്യക്തി രോഗബാധിതനാകുന്നു.

മൂക്കിലൂടെയാണ് ഈ അമീബ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. ഇത് മൃഗങ്ങളുടെയും മനുഷ്യരുടെയും തലച്ചോറിലുള്ള സെറിബ്രത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് അപകടകാരിയാകുന്നത്.

ഇത് അപൂർവ്വമാണെന്നും 10 വർഷത്തിനിടെ 34 ‌കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. 'വര്‍ദ്ധിച്ചു വരുന്ന താപനിലയും വിനോദ ആവശ്യങ്ങള്‍ക്കായുള്ള ജല ഉപയോഗത്തിലെ വര്‍ദ്ധനവും(അമ്യൂസ്മെന്‍റ് വാട്ടര്‍ തീം പാര്‍ക്കുകളും, നീന്തല്‍ കുളങ്ങളും), വാട്ടര്‍ സ്പോര്‍ട്സിന്‍റെ വളര്‍ച്ചയും ഈ രോഗവ്യാപനത്തിന് കാരണമാകുന്നു...- ' സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു.