ജീവിതശൈലിയിൽ ശ്രദ്ധ ചെലുത്തുന്നതും ചില ശീലങ്ങളിൽ മാറ്റം വരുത്തുന്നതും കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് 'അമേരിക്കൻ കാൻസർ സൊസൈറ്റി' വ്യക്തമാക്കുന്നു. 

കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് 'കാന്‍സര്‍'. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാന്‍സര്‍. ഏതാണ്ട് 80 ശതമാനം കാന്‍സറിന്റെയും കാരണങ്ങള്‍ നമുക്കറിയാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനായാല്‍ കാന്‍സറുകളില്‍ ഭൂരിഭാഗവും വരാതെ നോക്കാന്‍ നമുക്കാവും.

പുകവലി, തെറ്റായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയ കാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്ക് നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. അഞ്ച് പുരുഷന്മാരിൽ ഒരാൾക്കും ആറ് സ്ത്രീകളിൽ ഒരാൾക്കും കാൻസർ വരാറുണ്ടെന്നും വരും വർഷങ്ങളിൽ ഈ സംഖ്യ ഒന്നിൽ നിന്ന് രണ്ടെന്ന് രീതിയിൽ ഉയരാനുള്ള സാധ്യതയും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കാൻസർ ഇപ്പോൾ വളരെ സാധാരണമായിത്തീർന്നിരിക്കുന്നു, മാത്രമല്ല വേദനാജനകമായ വീണ്ടെടുക്കലിനൊപ്പം മാരകമായ രോഗങ്ങളിലൊന്നായി അവശേഷിക്കുന്നു. നിങ്ങളുടെ ജീവിതശൈലിയിൽ ശ്രദ്ധ ചെലുത്തുന്നതും ചില ശീലങ്ങളിൽ മാറ്റം വരുത്തുന്നതും കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. കാൻസർ തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റി 'അമേരിക്കൻ കാൻസർ സൊസൈറ്റി' പറയുന്നു...

ഒന്ന്...

പല കാന്‍സറുകളും തടയാന്‍ വ്യായമം ഫലപ്രദമായ മാർ​ഗമാണ്. വ്യായാമത്തിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുക വഴി സ്തനാര്‍ബുദം , ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ആഴ്ചയില്‍ എല്ലാ ദിവസവും ചെയ്യാന്‍ കഴിയാത്തവര്‍ അഞ്ചു ദിവസമെങ്കിലും മുടങ്ങാതെ ചെയ്യണം. വേഗത്തിലുള്ള നടത്തം, എയ്റോബിക്സ്, നൃത്തം, സൂര്യനമസ്കാരം, യോഗ , വീട്ടില്‍ വച്ചു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങള്‍, എന്നിവയൊക്കെ ആവാം. 14 വ്യത്യസ്ത തരം കാൻസറുകളെ തടയാൻ ഇത് സഹായിക്കും. 

രണ്ട്...

മദ്യം അമിതമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം, അന്നനാള കാന്‍സര്‍, കരള്‍ കാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. മദ്യത്തോടൊപ്പം പുകവലിശീലം കൂടിയുണ്ടെങ്കില്‍ അപകടസാധ്യത പിന്നെയും കൂടുന്നു. അമിത മദ്യപാനികളില്‍ 'ലിവര്‍ സിറോസിസ്' ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവര്‍ സിറോസിസ് പിന്നീട് കാന്‍സറിലേക്കും നയിച്ചേക്കാം. 

മൂന്ന്...

'ജങ്ക് ഫുഡ് കാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണമാണ്. ജങ്ക് ഫുഡുകളിൽ മാത്രമല്ല പുറത്ത് നിന്ന് വാങ്ങുന്ന മറ്റ് ഭക്ഷണങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ പ്രിസർവേറ്റീവുകൾ അടങ്ങിയിരിക്കാം. ചില ഭക്ഷണങ്ങളിൽ കൊളസ്ട്രോൾ കൂടുതലാണ്. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. സംസ്കരിച്ച മാംസം, കൊഴുപ്പോ പഞ്ചസാരയോ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കണം' - അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. 

ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം ? ഡോക്ടര്‍ പറയുന്നു...