കൊറോണക്കാലത്ത് ആളുകളില്‍ വിഷാദവും ഉത്‌കണ്ഠയും ഉൾപ്പെടുന്ന മനസികാസ്വാസ്ഥ്യങ്ങളുടെ തോത് കൂടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ദിശ കേന്ദ്രത്തിലേക്ക് എത്തിയ ഫോണ്‍ വിളികളുടെ എണ്ണം പത്ത് ലക്ഷത്തോളമാണ്. മാനസിക പിരിമുറുക്കത്തില്‍ കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്നു എന്നാണ് മാനസികാരോഗ്യ വിദഗ്ധ ഡോ. എല്‍സി ഉമ്മന്‍ പറയുന്നത്. 

ഒപ്പം ലോക്ക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ഡോ. എല്‍സി ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. വിഷാദ രോഗത്തിന്‍റെ  തോത് ആണെങ്കിലും കുട്ടികളുടെ പ്രശ്നങ്ങള്‍ ആണെങ്കിലും രണ്ടും വളരെ കൂടുതലാണ്. കൊവിഡ് കാരണം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുട്ടികളും വയോധികരുമാണെന്ന കാര്യത്തില്‍ സംശയമില്ല.

 

 

കുട്ടികളില്‍ ഈ സമയത്ത് ദേഷ്യം കൂടാം. അവര്‍ക്ക് കളിക്കാന്‍ പോകാത്തതിന്‍റെയും കൂട്ടുകാരെ കാണാത്തതിന്‍റെയും വിഷമം ഉണ്ടാകും. അവരുടെ സ്വഭാവ രൂപീകരണത്തെ പോലും ഇത് ബാധിക്കാം എന്നും ഡോക്ടര്‍ പറയുന്നു.  ഒരാള്‍ക്ക് വിഷാദ രോഗം ഉണ്ടെന്ന് എപ്പോഴാണ് സ്വയം തിരിച്ചറിയേണ്ടത് എന്നും ഡോ എല്‍സി വ്യക്തമാക്കി. 

രണ്ടാഴ്ചയില്‍ അധികമായി കാണപ്പെടുന്ന അതികഠിനമായ ദു:ഖം, അമിതമായ ക്ഷീണം, ജോലി ചെയ്യാന്‍ താല്‍പര്യം ഇല്ലായ്മ എന്നിവയാണ് വിഷാദ രോഗത്തിന്‍റെ മൂന്ന് പ്രധാന ലക്ഷണങ്ങളെന്ന് ഡോക്ടര്‍ പറയുന്നു. 

ഇതിനോടൊപ്പം തന്നെ അമിതമായി ഉറങ്ങുക, അല്ലെങ്കില്‍ ഉറക്കം തീരെ ഇല്ലാതെ വരുക, അമിത വിശപ്പ് , അല്ലെങ്കില്‍ വിശപ്പ് ഇല്ലാതിരിക്കുക, ആത്മഹത്യ ചെയ്യാനുള്ള പ്രവണത, എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍ , ഞാന്‍ മറ്റുള്ളവര്‍ക്ക് ഭാരം ആണെന്ന ചിന്ത,  ആത്മവിശ്വസം നഷ്ടപ്പെടുക, തുടങ്ങിയവയും വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 

രണ്ട് ആഴ്ചയില്‍ അധികമായി ഇവ കാണപ്പെടുന്നുണ്ടെങ്കില്‍ ചികിത്സ തേടണം. വിഷാദ രോഗവും മറ്റ് ഏതു രോഗത്തെയും പോലെ ചികിത്സ ആവശ്യമുള്ളതാണ് എന്നും ഡോ. എല്‍സി പറഞ്ഞു.
 

 

Also Read: കൊവിഡ് മാനസികാരോഗ്യത്തെ ഇല്ലാതാക്കുന്നോ? ദിശ കേന്ദ്രത്തിലേക്ക് എത്തിയ ഫോണ്‍ വിളികളുടെ എണ്ണം ഞെട്ടിക്കുന്നത്!