Asianet News MalayalamAsianet News Malayalam

Cancer Symptom : അറിയാം തെറ്റിദ്ധരിപ്പിക്കുന്ന ചില ക്യാന്‍സര്‍ ലക്ഷണങ്ങളെ കുറിച്ച്...

ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. അതായാത് ക്യാന്‍സര്‍ ലക്ഷണങ്ങളാണെന്ന് വിദൂരമായി പോലും നമുക്ക് സൂചന തരാതെ കേവലം ആരോഗ്യപ്രശ്നങ്ങളായി ഇവയെ നാം കണക്കാക്കിയേക്കാം.

cancer symptoms which can mislead us
Author
Trivandrum, First Published Jun 7, 2022, 10:06 PM IST

ക്യാൻസര്‍ രോഗമെന്നാല്‍ ഏവരും പേടിയോടെ മാത്രം സമീപിക്കുന്ന ഒന്നാണ്. ഇന്ന് ഫലപ്രദമായ ചികിത്സ ( Cancer Treatment ) ലഭ്യമാണെങ്കില്‍ കൂടിയും രോഗം തിരിച്ചറിയാന്‍ സമയമെടുക്കുന്നത് പലപ്പോഴും സങ്കീര്‍ണതകള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ വിവിധയിനം ക്യാന്‍സറുകളുടെ ലക്ഷണങ്ങളും ( Cancer Symptoms ) നാം വായിച്ചും അന്വേഷിച്ചും അറിയാന്‍ ശ്രമിക്കാറുണ്ട്. 

എന്നാല്‍ ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. അതായാത് ക്യാന്‍സര്‍ ലക്ഷണങ്ങളാണെന്ന് വിദൂരമായി പോലും നമുക്ക് സൂചന തരാതെ കേവലം ആരോഗ്യപ്രശ്നങ്ങളായി ഇവയെ നാം കണക്കാക്കിയേക്കാം.

അത്തരത്തില്‍ ശ്വാസകോശാര്‍ബുദത്തില്‍ ( Lung Cancer ) വരുന്ന തെറ്റിദ്ധാരണാജനകമായ ചില ലക്ഷണങ്ങളെ ( Cancer Symptoms ) കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ലോകത്ത് തന്നെ ഏറ്റവുമധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും, മരണനനിരക്ക് കൂടുതലായി വരുന്നതുമായ അര്‍ബുദമാണ് ശ്വാസകോശാര്‍ബുദം. 

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020ല്‍ മാത്രം ഇരുപത് ലക്ഷത്തിലധികം ശ്വാസകോശാര്‍ബുദ കേസുകളാണ് ആഗോളതലത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പത്തര ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷത്തില്‍ മാത്രം രോഗത്തോട് മല്ലിട്ട് ജീവന്‍ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലും ശ്വാസകോശാര്‍ബുദം മൂലം മരണപ്പെടുന്നവരുടെ കണക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സാധാരണഗതിയില്‍ ശ്വാസകോശാര്‍ബുദം ( Lung Cancer ) ആദ്യഘട്ടങ്ങളിലൊന്നും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ഇതാണ് രോഗം തിരിച്ചറിയുന്നത് വൈകിക്കുന്നതും. തുടര്‍ച്ചയായ ചുമ, കഫത്തില്‍ രക്തം, ശ്വാസതടസം, അസഹനീയമായക്ഷീണം, ശരീരഭാരം കുറയല്‍, ശ്വാസമെടുക്കുമ്പോള്‍ വേദന, ചുമയ്ക്കുമ്പോള്‍ വേദന എന്നിവയെല്ലാം ശ്വാസകോശാര്‍ബുദ ലക്ഷണങ്ങളായി വരാറുണ്ട്. 

ഇതിന് പുറമെ തെറ്റിദ്ധാരണാജനകമായ ചില ലക്ഷണങ്ങളും ശ്വാസകോശാര്‍ബുദത്തില്‍ കാണാം. അതിലേക്കാണ് ഇനി വരുന്നത്. ചിലരില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ഭാഗമായി രക്തത്തിലേക്ക് ചില ഹോര്‍മോണുകള്‍ തള്ളപ്പെടുന്നു. ആകെ രോഗികളുടെ കണക്കെടുത്താല്‍ പത്ത് ശതമാനത്തില്‍ ഇത് കാണാമെന്നാണ് യുകെയിലെ 'ക്യാന്‍സര്‍ റിസര്‍ച്ച്' പറയുന്നത്. 

രക്തത്തിലേക്കെത്തുന്ന ഹോര്‍മോണുകള്‍ ചില ശാരീരീക പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. കൈകാല്‍ വിരലുകളില്‍ മരവിപ്പ്, സൂചി കുത്തുന്നത് പോലുള്ള അവസ്ഥ, പേശികളില്‍ ദുര്‍ബലത, മയക്കം, തളര്‍ച്ച, തലകറക്കം, പുരുഷന്മാരില്‍ സ്തനങ്ങളില്‍ വീക്കം, രക്തം കട്ട പിടിച്ച് 'ബ്ലഡ് ക്ലോട്ട്' ഉണ്ടാകുന്ന അവസ്ഥയെല്ലാം ആണ് ഇത്തരത്തില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ തെറ്റിദ്ധരിപ്പിക്കുന്ന ചില ലക്ഷണങ്ങളായി വരുന്നത്. ഇവയൊന്നും തന്നെ പ്രാഥമികമായോ ഒരുപക്ഷേ അല്ലാതെയോ ശ്വാസകോശാര്‍ബുദ സൂചനയായി നാം കണക്കാക്കണമെന്നില്ല. 

ഏതുതരം ആരോഗ്യപ്രശ്നങ്ങളും പതിവായി കാണുകയാണെങ്കില്‍ അതിന് പിന്നിലെ കാരണം വ്യക്തമായി പരിശോധിച്ച് അറിയേണ്ടതിന്‍റെ ആവശ്യകതയാണ് ഈ വിഷയവും ഓര്‍മ്മിപ്പിക്കുന്നത്. ക്യാന്‍സര്‍ രോഗമാണെങ്കിലും അത് സമയത്തിന് തിരിച്ചറിയാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഫലപ്രദമായ ചികിത്സ ( Cancer Treatment ) നേടാവുന്നതും രോഗത്തില്‍ നിന്ന് പരിപൂര്‍ണമായ മുക്തി കണ്ടെത്താവുന്നതുമാണ്. അക്കാര്യത്തില്‍ അനാവശ്യമായ ആശങ്കയോ പേടിയോ വേണ്ട. 

Also Read:- പതിവായി നെഞ്ചെരിച്ചിലും വയറുവേദനയും ഛര്‍ദ്ദിയും; ക്യാന്‍സര്‍ ലക്ഷണങ്ങളോ!

Latest Videos
Follow Us:
Download App:
  • android
  • ios