ബാങ്കോക്ക്: തായ്‍ലന്‍റിലെ 22 സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ കഞ്ചാവ് ഓയില്‍ ഉപയോഗിക്കാന്‍ തീരുമാനം. ഇതിനായി 5000 ബോട്ടില്‍ കഞ്ചാവ് ഓയില്‍ ആയ 'ഡയ്ച്ച ഓയില്‍' ആശുപത്രികള്‍ക്ക് വിതരണം ചെയ്യാന്‍ ആരംഭിച്ചതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാഓക്വാന്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റാ/ ഡയ്ച്ച സിറിപത്രയാണ് ഡയ്ച്ച ഓയില്‍ വികസിപ്പിച്ചെടുത്തത്. മൂന്ന് വര്‍ഷം മുമ്പ് ഡയ്ച്ച ഓയില്‍ വികസിപ്പിക്കുകയും രോഗികള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. 

ആരോഗ്യമന്ത്രാലയത്തിന്‍റെ എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് കഞ്ചാവ് ഓയിലിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള വിതരണം ആരംഭിച്ചത്. 40900 രോഗികളില്‍ കഞ്ചാവ് ഓയില്‍  ഉപയോഗിച്ച് ചികിത്സ നടത്തുമെന്നും ചികിത്സയ്ക്ക് മുമ്പ് ഓരോ രോഗിയുടെയും അനുമതി വാങ്ങണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും ഡയ്ച്ച സിറിപത്ര പറഞ്ഞു. 

നിലവില്‍ അംഗീകൃത ഫോക്ക് മെഡിസിന്‍ പ്രാക്ടീഷണറാണ് ഡയ്ച്ച സിറിപത്ര. അദ്ദേഹം വികസിപ്പിച്ചെടുത്ത ഔഷധപ്രയോഗം തായ്‍ലന്‍റ് മന്ത്രാലയം അംഗീകരിച്ചതാണ്. ഉറക്കക്കുറവ്, അപസ്മാര ലക്ഷണങ്ങള്‍, പേശീസങ്കോചം തുടങ്ങിയവ അനുഭവിക്കുന്നവരിലും വേദന സംഹാരിയായുമാണ് ഇത് ഉപയോഗിക്കുക. ഒമ്പതുമാസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.