ആന്‍ജിയോഗ്രാമിനിടെ കത്തീറ്റര്‍ പൊട്ടി ഹൃദയവാല്‍വിലിരുന്നത് സര്‍ജറിയിലൂടെ നീക്കം ചെയ്ത ശേഷം വീട്ടമ്മ മരിച്ച സംഭവം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു എന്ന അന്‍പത്തിയഞ്ചുകാരിയാണ് സര്‍ജറിക്ക് ശേഷം ചികിത്സയിലിരിക്കെ മരിച്ചത്. 

എന്നാല്‍ ഇത് ചികിത്സാപ്പിഴവാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇത്തരത്തില്‍ ആന്‍ജിയോഗ്രാമിനിടെ 'കത്തീറ്റര്‍' (ഹൃദയ ധമനിയിലേക്ക് കയറ്റുന്ന ചെറിയ ട്യൂബ്) പൊട്ടി അപകടം സംഭവിക്കുമോ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം?

സാധാരണക്കാരെ സംബന്ധിച്ച് ധാരാളം അവ്യക്തതകള്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള വിഷയമാണിതെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയാണിപ്പോള്‍. 

അതായത്, ഹൃദയധമനികളില്‍ എവിടെയെങ്കിലും ബ്ലോക്കുണ്ടോ എന്ന് അറിയുന്നതിനായാണ് ആന്‍ജിയോഗ്രാം ചെയ്യുന്നത്. ആന്‍ജിയോഗ്രാമിലൂടെ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിയിലേക്ക് കടക്കുന്നു. 

 


(ആൻജിയോഗ്രാഫി കത്തീറ്റർ...)

 

ആന്‍ജിയോഗ്രാം ചെയ്യാനായി കത്തീറ്റര്‍ അകത്തേക്ക് കയറ്റുമ്പോള്‍ അത് നേരത്തേ സൂചിപ്പിച്ച സംഭവത്തിലെന്ന പോലെ അപകടകരമായി മുറിഞ്ഞ് അകത്തെവിടെയെങ്കിലും കുടുങ്ങുമോ എന്നതാണ് പരക്കെ ഉയരുന്ന ആശങ്ക. ഇത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

ഡോക്ടർ പറയുന്നു...

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഷിഫാസ് ബാബു എം, ഇതെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ വിശദീകരണമിങ്ങനെ...

''വളരെ അപൂര്‍വ്വമാണ് ഇത്തരം സംഭവങ്ങള്‍. സാധാരണഗതിയില്‍ കത്തീറ്റര്‍ ധമനിയിലേക്ക് കടത്തുമ്പോള്‍ അത് വളരെ സുഗമമായി പോകുകയാണ് പതിവ്. ചുരുക്കം ചിലരില്‍ മാത്രം പുറത്തുനിന്ന് നമുക്ക് അല്‍പം വളയ്ക്കുകയോ മറ്റോ ചെയ്യേണ്ടി വരാറുണ്ട്. മിക്കവാറും ചെറുപ്പക്കാരിലും മറ്റ് അസുഖങ്ങളോ ഘടനാപരമായ വ്യത്യാസങ്ങളോ ഒന്നും ഇല്ലാത്തവരിലും ഇത് വളരെ ഈസിയായി പോകും...

മറിച്ചുള്ള സന്ദര്‍ഭങ്ങളിലാണ് നമ്മളിതില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടി വരുന്നത്. അത്തരം സാഹചര്യങ്ങളിലാണ് കത്തീറ്റര്‍ മുറിയുന്ന അവസ്ഥയെല്ലാം വരുന്നത്. ഇത്തരത്തില്‍ കത്തീറ്റര്‍ മുറിഞ്ഞുകഴിഞ്ഞാല്‍ അത് പുറത്തെടുക്കാനുള്ള മാര്‍ഗങ്ങളും ഉണ്ട്. ആന്‍ജിയോഗ്രാം ചെയ്യുന്നത് പോലെ, ഏകദേശം അതേ രീതിയില്‍ തന്നെ ഇതിനെ പുറത്തെടുക്കാനുള്ള പ്രൊസീജ്യറുണ്ട്. അതിന് കഴിയാത്ത സന്ദര്‍ഭത്തിലാണ് സര്‍ജറിക്ക് നിര്‍ദേശിക്കാറ്...

...എവിടെയാണ് മുറിഞ്ഞ കത്തീറ്റര്‍ പോയി വീഴുന്നത് എന്നത് വളരെ പ്രധാനമാണ്. ചിലപ്പോള്‍ അത് അത്രമാത്രം ഗൗരവമുള്ള ഒരിടത്തായിരിക്കല്ല. പക്ഷേ ഹൃദയത്തിലേക്കെല്ലാം എത്തുന്നു എന്നാല്‍ അത് തീര്‍ച്ചയായും ഗൗരവമുള്ളതാണ്. നേരത്തേ പറഞ്ഞ മാര്‍ഗത്തിലൂടെ പുറത്തെടുക്കാനായില്ലെങ്കില്‍ അടിയന്തര ശസ്ത്രക്രിയ നടത്തുക തന്നെ വേണം. ആലപ്പുഴയിലെ കേസില്‍ അറിഞ്ഞിടത്തോളം വളരെ വേഗത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയും അത് പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം ചികിത്സയിലിരിക്കെയാണ് അവര്‍ മരിക്കുന്നത്...

...അങ്ങനെയാകുമ്പോള്‍ അതിനെ ഒരിക്കലും ആന്‍ജിയോഗ്രാമിനിടെ കത്തീറ്റര്‍ മുറിഞ്ഞ് ഹൃദയവാല്‍വിൽ ഇരുന്നതിനാലുള്ള മരണം എന്ന് പറയാനാകില്ല. ഹൃദയവുമായി ബന്ധപ്പെട്ട് ഏത് തരം ശസ്ത്രക്രിയ നടത്തുമ്പോഴും അതില്‍ ചെറിയ ശതമാനം റിസ്‌കുകളുണ്ട്. ഒന്നുകില്‍ സര്‍ജറി നടക്കുമ്പോള്‍ തന്നെ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍. അതല്ലെങ്കില്‍ സര്‍ജറിക്ക് ശേഷം സംഭവിച്ചേക്കാവുന്ന അണുബാധ, അല്ലെങ്കില്‍ ക്ലോട്ടിംഗ് പോലുള്ളവ. ഇതില്‍ പല റിസ്‌കുകളും ഡോക്ടര്‍മാര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയും...

അതേസമയം ആര്‍ക്കും പ്രവചിക്കാനാകാത്ത ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏത് മെഡിക്കല്‍ പ്രൊസീജ്യറിലുമുണ്ട് ഈ ചുരുക്കം റിസ്‌ക്. എന്നാല്‍ അതിനെ മുന്‍നിര്‍ത്തി നമ്മള്‍ ചെയ്യാനുള്ള കാര്യങ്ങളെ വേണ്ടെന്ന് വയ്ക്കാറില്ലല്ലോ. അതിനാല്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് എന്ന് എഴുതിത്തള്ളും മുമ്പ് അവരുടെ പോസ്റ്റുമോര്‍ട്ടം വിശദാംശങ്ങള്‍ വരട്ടെ. യഥാര്‍ത്ഥ മരണകാരണം അപ്പോള്‍ മാത്രമേ വ്യക്തമാകൂ. നിലവില്‍ ഈയൊരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആന്‍ജിയോഗ്രാം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ സൂക്ഷിക്കേണ്ട കാര്യമില്ല. അതിനോടൊപ്പം തന്നെ സീറോ റിസ്‌ക് ആയി ഒന്നും നിലനില്‍ക്കുന്നില്ല എന്നുകൂടി നാം മനസിലാക്കുക...''- ഡോ. ഷിഫാസിന്റെ വാക്കുകള്‍. 

ആലപ്പുഴയില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയിലാണ് പോസ്റ്റുമോര്‍ട്ടം തീരുമാനിച്ചത്. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇവരുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടൂ. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നുള്ള നിലപാടില്‍ തന്നെയാണ് ആശുപത്രി അധികൃതര്‍ തുടരുന്നത്.

Also Read:- ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാൽവിൽ ഒടിഞ്ഞുകയറി; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു...