ആശങ്കാജനകമായ തരത്തിലാണ് രാജ്യത്ത് കൊവിഡ് 19 വ്യാപനം തുടരുന്നത്. ഇതിനിടെ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ രോഗം പടരുന്നതാണ്. ആവശ്യമുള്ളത്രയും ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തിനിടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് സേവനമേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നതും, ജീവന്‍ വരെ ഭീഷണി നേരിടുന്ന സ്ഥിതിയുണ്ടാകുന്നതും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാനായി ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഡോ. സ്‌കന്ദ് ത്രിവേദി പുതിയൊരു 'ടെക്‌നിക്' കണ്ടെത്തിയിരിക്കുന്നത്. 

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മണിക്കൂറുകളോളമാണ് രോഗികള്‍ കഴിയുന്ന വാര്‍ഡുകളിലും മറ്റുമായി ചിലവിടുന്നത്. രോഗികള്‍ ശ്വസിച്ച് പുറത്തുവിടുന്ന വായുവാണ് ആ സമയങ്ങളില്‍ ഇവരും ശ്വസിക്കുന്നത്. ഇത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 

അതിനാല്‍ ഈ പ്രശ്‌നമൊഴിവാക്കാന്‍ മുഴുവനായി സീല്‍ ചെയ്ത, സുതാര്യമായ ഒരു 'എയര്‍ ബബിള്‍' ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ധരിക്കാം. തല വഴി, ഷീൽഡ് ധരിക്കുന്നത് പോലെ തന്നെയാണ് ഇതും ധരിക്കേണ്ടത്. ഇതിനകത്തേക്ക് വായുവെത്തിക്കുന്നത് പുറത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കംപ്രസറില്‍ നിന്നുള്ള ട്യൂബ് മുഖേനയാണ്. പരിപൂര്‍ണ്ണമായും ശുദ്ധമായതും സുരക്ഷിതമായതുമായ വായു ഡ്യൂട്ടി സമയങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശ്വസിക്കാന്‍ ഇതുമൂലം കഴിയും. 

അങ്ങനെ വരുമ്പോള്‍ രോഗം പിടിപെടാനുള്ള സാധ്യതയും കുറയുന്നു, അതെച്ചൊല്ലിയുള്ള ആശങ്കയും ഒഴിവാകുന്നു. പരീക്ഷണാര്‍ത്ഥം ഡോ. സ്‌കന്ദ് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട് ദിവസമായി 'എയര്‍ ബബിള്‍' ഉപയോഗിച്ച് വരുന്നു. പിപിഇ കിറ്റിനുള്ളിലെ ശ്വാസം മുട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായും വളരെയധികം ആശ്വാസം തോന്നുന്നതായുമാണ് ഇത് ഉപയോഗിച്ചവരുടെ സാക്ഷ്യപ്പെടുത്തല്‍. 

'രോഗികളുള്ള അന്തരീക്ഷത്തില്‍ ആ വായുവും രോഗബാധയുടെ ഭീഷണിയുയര്‍ത്തുന്നതാണ്. ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ചാണ് ഇത് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത്. ഇപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ പലരേയും നഷ്ടപ്പെട്ടു. പലരും ചികിത്സയിലാണ്. ഇനിയും പരീക്ഷണങ്ങള്‍ക്ക് തയ്യാറല്ലാത്തതിനാലാണ് ഇത്തരമൊരു തന്ത്രം പയറ്റാന്‍ തീരുമാനിച്ചത്. അത് വിജയകരമാണെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതിനാല്‍ രാജ്യത്തെ മറ്റെല്ലായിടങ്ങളിലും കൊവിഡ് വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ രക്ഷാമാര്‍ഗം അവലംബിക്കാമെന്നാണ് തോന്നുന്നത്...'- കാര്‍ഡിയോളജിസ്റ്റായ ഡോ. സ്‌കന്ദ് പറയുന്നു. 

ഭോപ്പാലില്‍ വന്‍ തോതിലാണ് കൊവിഡ് 19 വ്യാപനം തുടരുന്നത്. ഇതുവരെ ഭോപ്പാലില്‍ മാത്രം 6,500ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏഴ് ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകരുമുണ്ട്.

Also Read:- ശീതളപാനീയത്തിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലക്കിക്കുടിച്ചു; ഒന്‍പത് മരണം...