'മെഥനോള്‍' കലര്‍ത്തിയുണ്ടാക്കുന്ന വ്യാജ സാനിറ്റൈസര്‍ വിഷാംശം കലര്‍ന്നതാണെന്നും ഇത് അപകടമുണ്ടാക്കിയേക്കുമെന്നും രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ 'ഇന്റര്‍പോള്‍' റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സിബിഐ അറിയിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലും ഇതേ പ്രവണത കണ്ടെത്തിയിട്ടുണ്ടെന്നും 'ഇന്റര്‍പോള്‍' ചൂണ്ടിക്കാട്ടിയതായി സിബിഐ പറയുന്നു

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ പ്രതിനിധികളും പൊതുജനവുമെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിലാണ്. ഇതിനിടെ രോഗഭീഷണിയുണ്ടാക്കുന്ന ആശങ്കകള്‍ മുതലെടുത്തുകൊണ്ട് ചില വിഭാഗങ്ങള്‍ കള്ളക്കച്ചവടങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനായി നമ്മള്‍ കൈക്കൊണ്ടിരിക്കുന്ന പ്രധാന മാര്‍ഗമാണ് ഇടവിട്ട് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും, സാനിറ്റൈസ് ചെയ്യുന്നതും. സാനിറ്റൈസര്‍ എന്ന ഉത്പന്നത്തെ വലിയൊരു വിഭാഗം ആളുകളും അറിയുന്നതും ഉപയോഗിക്കുന്നതുമെല്ലാം ഈയൊരു സാഹചര്യത്തിലാണെന്ന് പറയാം. 

ഇതിന്റെ വില്‍പനയും ഉത്പാദനവുമെല്ലാം നിലവിലെ പ്രത്യേകാവസ്ഥയില്‍ കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഈ അവസരം മുന്നില്‍ക്കണ്ട് പലരും രാജ്യത്ത് വ്യാജ സാനിറ്റൈസര്‍ വില്‍പന നടത്തുന്നുണ്ടെന്നാണ് സിബിഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍)യുടെ കണ്ടെത്തല്‍. 

'മെഥനോള്‍' കലര്‍ത്തിയുണ്ടാക്കുന്ന വ്യാജ സാനിറ്റൈസര്‍ വിഷാംശം കലര്‍ന്നതാണെന്നും ഇത് അപകടമുണ്ടാക്കിയേക്കുമെന്നും രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ 'ഇന്റര്‍പോള്‍' റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സിബിഐ അറിയിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലും ഇതേ പ്രവണത കണ്ടെത്തിയിട്ടുണ്ടെന്നും 'ഇന്റര്‍പോള്‍' ചൂണ്ടിക്കാട്ടിയതായി സിബിഐ പറയുന്നു. 

സാനിറ്റൈസറിന്റെ കാര്യത്തില്‍ മാത്രമല്ല തട്ടിപ്പ് നടക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിച്ചുവരുന്ന പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വില്‍പനയിലും രാജ്യത്ത് കൊള്ള നടക്കുന്നതായി സിബിഐ അറിയിക്കുന്നു. 

കമ്പനികളുടെ പ്രതിനിധികളാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളുകള്‍ ആശുപത്രികളില്‍ നിന്ന് പിപിഇ കിറ്റുകള്‍ അടക്കമുള്ള കൊവിഡ് പ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങളുടെ ഓര്‍ഡറെടുക്കും. ഓണ്‍ലൈന്‍ ആയി പണവും വാങ്ങിക്കും. ശേഷം സാധനങ്ങള്‍ ഡെലിവര്‍ ചെയ്യില്ല. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് പിന്നില്‍ റാക്കറ്റുകളുണ്ടെന്നും അവര്‍ക്കായി വലവിരിച്ചിട്ടുണ്ടെന്നും സിബിഐ അറിയിക്കുന്നു.

Also Read:- മദ്യത്തിന് പകരം സാനിറ്റൈസർ കു‍ടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു...