'സ്റ്റിഫ് പേഴ്സണ്‍ സിൻഡ്രോം' എന്നറിയപ്പെടുന്ന ന്യൂറോളജിക്കല്‍ അസുഖമാണ് സെലിനെ ബാധിച്ചിരിക്കുന്നത്. പേശികള്‍ അനിയന്ത്രിതമായ ചലനാവസ്ഥയിലേക്ക് പോകുന്ന അവസ്ഥയാണിതെന്ന് ചുരുക്കിപ്പറയാം.

അപൂര്‍വമായ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പങ്കുവച്ച് ലോകപ്രശസ്ത കനേഡിയൻ ഗായിക സെലിൻ ഡിയോണ്‍. 'ഫാളിംഗ് ഇൻടു യൂ', 'ലെറ്റ്സ് ടോക്ക് എബൗട്ട് യൂ', 'ബികോസ് യൂ ലവ്ഡ് മീ', 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍'... തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സെലിൻ തൊണ്ണൂറുകളില്‍ ഏറ്റവും മൂല്യമേറിയ ഗായിക തന്നെയായിരുന്നു. 

കരിയറില്‍ തിളങ്ങിനില്‍ക്കെയാണ് സെലിൻ തന്നെക്കാള്‍ ഇരുപത്തിയാറ് വയസ് മുതിര്‍ന്ന റെനെ ഏഞ്ചലില്‍ എന്നയാളെ വിവാഹം ചെയ്യുന്നത്. ഇദ്ദേഹത്തില്‍ മൂന്ന് ആണ്‍മക്കളും സെലിനുണ്ടായി. 2016ല്‍ വാര്‍ധക്യസഹജമായ പ്രശ്നങ്ങളോടെ എഴുപത്തിയാറാം വയസില്‍ റെനെ മരിച്ചു. സെലിന്‍റെ മാനേജരായും ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നത് റെനെ തന്നെയായിരുന്നു. ഈ സമയങ്ങളിലും സംഗീതലോകത്ത് സജീവമായിരുന്നു സെലിൻ.

ഇപ്പോള്‍ അമ്പത്തിനാലുകാരിയായ സെലിൻ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അപൂര്‍വമായ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. 'സ്റ്റിഫ് പേഴ്സണ്‍ സിൻഡ്രോം' എന്നറിയപ്പെടുന്ന ന്യൂറോളജിക്കല്‍ അസുഖമാണ് സെലിനെ ബാധിച്ചിരിക്കുന്നത്. പേശികള്‍ അനിയന്ത്രിതമായ ചലനാവസ്ഥയിലേക്ക് പോകുന്ന അവസ്ഥയാണിതെന്ന് ചുരുക്കിപ്പറയാം. പത്ത് ലക്ഷം പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അത്രയും അപൂര്‍വമാണ് ഈ രോഗം. 

ക്രമണേ ശരീരത്തിന്‍റെ ചലനങ്ങള്‍ നിയന്ത്രിക്കാനാവാത്ത വിധം ഉറച്ചുപോകുന്ന അവസ്ഥയാണിത്. എന്തുകൊണ്ടാണ് ഈ രോഗം പിടിപെടുന്നതെന്ന് വ്യക്തമല്ല. അതുപോലെ തന്നെ ഇത് ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കില്ല. ക്രമണേ രോഗിക്ക് അനങ്ങാനോ സംസാരിക്കാനോ കഴിയാത്ത വിധത്തിലേക്ക് ശരീരം എത്തുകയാണ് ചെയ്യുക.

അതിനാലാണ് 'സ്റ്റിഫ് പേഴ്സണ്‍ സിൻഡ്രോം' എന്നുതന്നെ ഈ അവസ്ഥയെ വിളിക്കുന്നത്. രോഗി ഒരു 'മനുഷ്യപ്രതിമ' പോലെ ആയി മാറുന്ന അത്രയും ഭീകരമായ അവസ്ഥ. മെച്ചപ്പെട്ട ചികിത്സയിലൂടെ രോഗിയില്‍ വരുന്ന മാറ്റങ്ങള്‍ അല്‍പം കൂടി നീട്ടിവയ്ക്കാൻ സാധിക്കും. ഇത്രമാത്രമാണ് ആകെ ചെയ്യാൻ സാധിക്കുക.

തങ്ങള്‍ ഇപ്പോഴും രോഗത്തെ കുറിച്ച് മനസിലാക്കി വരുന്നതേയുള്ളൂവെന്നും സാധ്യമായ ചികിത്സയെല്ലാം നടത്തി ആരോഗ്യകാര്യങ്ങളില്‍ തന്നെ ശ്രദ്ധേ കേന്ദ്രീകരിക്കാനാണ് നിലവിലെ തീരുമാനമെന്നും ഇവര്‍ വീഡിയോ സന്ദേശത്തിലൂടെ ആരാധകരോട് പറയുന്നു. 

Also Read:- മുഖമടക്കം ശരീരം മുഴുവൻ രോമം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗവുമായി കൗമാരക്കാരൻ