Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽ പായലില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഉത്പന്നം!

നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാനൊരു ഉത്പന്നം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ. കടൽ പായലുകളിൽ നിന്നാണ് ഈ ഉത്പന്നം നിര്‍മ്മിച്ചെടുക്കുന്നത്.

central marine fisheries research institute in kochi developed natural product to prevent fatty liver
Author
First Published Sep 27, 2022, 3:17 PM IST

ഫാറ്റി ലിവര്‍ രോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. പ്രധാനമായും രണ്ട് തരത്തിലാണ് ഇതുള്ളത്. ഒന്ന് ആല്‍ക്കഹോളിക് - ഫാറ്റിലിവറും രണ്ട് നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവറും. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ മദ്യപാനം മൂലം പിടിപെടുന്ന ഫാറ്റി ലിവര്‍ ആണ് ആല്‍ക്കഹോളിക് ഫാറ്റിലിവര്‍. രണ്ടാമത്തേത് പ്രധാനമായും ജീവിതശൈലികളിലെ പിഴവുകള്‍ കൊണ്ടും മറ്റും വരുന്നതാണ്. 

ഇതില്‍ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാനൊരു ഉത്പന്നം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ. കടൽ പായലുകളിൽ നിന്നാണ് ഈ ഉത്പന്നം നിര്‍മ്മിച്ചെടുക്കുന്നത്. ഇത്തരത്തില്‍ കടല്‍ പായലില്‍ നിന്ന് സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചെടുക്കുന്ന ഒമ്പതാമത്തെ പ്രകൃതിദത്ത ഉത്പന്നമാണിത്.

കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് 'കടൽമീൻ ലിവ്ക്യുവർ എക്‌സ്ട്രാക്റ്റ്' എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നം നിർമിച്ചിരിക്കുന്നത്. ഇതിന് അനുയോജ്യമായ പായലാണ് ഉത്പാദനത്തിനായി തെരഞ്ഞെടുക്കുന്നത്. 

കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കരളില്‍ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകൾ നിയന്ത്രണവിധേയമാക്കുന്നതിനും ഇത് സഹായകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സൈന്‍റിസ്റ്റ് ഡോ.കാജൽ ചക്രബർത്തി പറയുന്നു. 

400 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സൂളുകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഉത്പന്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും ഇവര്‍ അറിയിക്കുന്നു. ഈ ഉത്പന്നം വ്യാവസായികമായി നിർമിക്കുന്നതിന്, മരുന്ന് നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതിന്‍റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നിലവില്‍ നടന്നുവരികയാണ്.

നേരത്തെ പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മര്‍ദ്ദം, തൈറോയിഡ് എന്നീ രോഗങ്ങൾക്കെതിരെയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമാണ് സിഎംഎഫ്ആർഐ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി, കടൽ പായലിൽ നിന്ന് മനുഷ്യന്‍റെ ആരോഗ്യസംരക്ഷണത്തിനുതകുന്ന കണ്ടെത്തലുകൾക്കായി സിഎംഎഫ്ആർഐ പഠനം നടത്തിവരുന്നുണ്ട്. ഇതിന്‍റെ ഗുണഫലങ്ങളാണ് വിവിധ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളായി പുറത്തെത്തുന്നതെന്ന് ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. 

നിരവധി ഔഷധഗുണങ്ങളടങ്ങിയ സസ്യയിനമാണ് കടൽ പായൽ. ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായരംഗത്ത് അനന്തസാധ്യതകളാണ് കടൽ പായലിനുള്ളത്. കടൽ പായലിൽ നിന്നുള്ള അനുയോജ്യമായ ഘടകങ്ങൾ വേർതിരിച്ച് ഔഷധോത്പന്നങ്ങൾ നിര്‍മ്മിക്കുന്നതിനോടൊപ്പം കടൽ പായൽ കൃഷി വ്യാപകമാക്കുന്നതിനും സിഎംഎഫ്ആർഐ ഊന്നൽ നൽകുന്നുണ്ടെന്ന് ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു.

Also Read:- വിശപ്പില്ലായ്മ തൊട്ട് അസ്വസ്ഥതകള്‍; അറിയാം ആമാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍

Follow Us:
Download App:
  • android
  • ios