സത്യത്തില്‍ വിശപ്പില്ലായ്മ എന്ന അവസ്ഥ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളുടേയും സൂചനയാകാം. ഇവ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് നാം പോവുക. അത്തരത്തില്‍ വിശപ്പില്ലായ്മയിലേക്ക് നമ്മളെ നയിക്കുന്ന ചില കാരണങ്ങള്‍ അറിയാം...

ഭക്ഷണത്തോട് ഒട്ടും താല്‍പര്യമില്ലാതെയും വിശപ്പനുഭവപ്പെടാതെയെല്ലാമുള്ള അവസ്ഥകളിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടില്ലാത്തവര്‍ കാണില്ല. എന്നാല്‍ പലപ്പോഴും ഇതിനെ നമ്മള്‍ ഗൗരവമായി എടുക്കാറേ ഇല്ല. 

സത്യത്തില്‍ വിശപ്പില്ലായ്മ എന്ന അവസ്ഥ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളുടേയും സൂചനയാകാം. ഇവ സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് നാം പോവുക. അത്തരത്തില്‍ വിശപ്പില്ലായ്മയിലേക്ക് നമ്മളെ നയിക്കുന്ന ചില കാരണങ്ങള്‍ അറിയാം...

ഒന്ന്...

ഉത്കണ്ഠയാണ് വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്ന ഒരു ഘടകം. ഉത്കണ്ഠയുള്ളവരില്‍ ചില 'സ്‌ട്രെസ്' ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് വിശപ്പില്ലാതാക്കാന്‍ ഇടയാക്കും. വിശപ്പ് കെടുത്തുമെന്ന് മാത്രമല്ല, ദഹനം പ്രശ്‌നത്തിലാക്കാനും ഇവ മതി. അതിനാല്‍ ഉത്കണ്ഠയുള്ളവര്‍ അതിനെ വരുതിയിലാക്കാന്‍ എപ്പോഴും ശ്രമിക്കണം. അല്ലാത്ത പക്ഷം ആരോഗ്യം അവതാളത്തിലാകുമെന്നോര്‍ക്കുക. 

രണ്ട്...

ഉത്കണ്ഠ പോലെ തന്നെ വിശപ്പിനെ കൊല്ലുന്ന മറ്റൊരവസ്ഥയാണ് വിഷാദം. വിശപ്പിനെ അനുഭവപ്പെടുത്താതിരിക്കുക എന്നതാണ് വിഷാദം ചെയ്യുന്നത്. അതായത്, ശരീരത്തിന് ഭക്ഷണത്തിലൂടെ ഊര്‍ജം വേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. എന്നാല്‍ അക്കാര്യം നമ്മള്‍ തിരിച്ചറിയാതെ പോകുന്നുവെന്ന് സാരം. അതിനാല്‍ വിഷാദമുള്ളവര്‍ വിശപ്പനുഭവപ്പെടുന്നില്ലെങ്കിലും സമയത്തിന് ആഹാരം കഴിച്ച് ശീലിക്കുക. വിഷാദത്തെ മറികടക്കാനുള്ള മാര്‍ഗങ്ങളും പരിശീലിക്കുക. 

Also Read:- മാഗിയും മുട്ടയും കൊണ്ട് 'സിമ്പിള്‍ ടേസ്റ്റി' വിഭവം; വീഡിയോ...

മൂന്ന്...

എന്തെങ്കിലും പ്രത്യേക കാര്യങ്ങള്‍ മൂലം മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാകുമ്പോഴും വിശപ്പ് തോന്നാതിരിക്കാം. ക്ഷീണവും തളര്‍ച്ചയും ഛര്‍ദ്ദിക്കാനുള്ള ത്വരയും ഈ അവസരത്തിലുണ്ടായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളെ പ്രശ്‌നത്തിലാക്കുന്ന വിഷയത്തില്‍ നിന്ന് മനസിനെ മാറ്റിനിര്‍ത്താനും, കഴിയാവുന്നത് പോലെ പ്രശ്‌നങ്ങളെ സധൈര്യം നേരിടാനുമാണ് ശ്രമിക്കേണ്ടത്. 

നാല്...

പ്രായമാകും തോറും വിശപ്പ് കുറഞ്ഞുവരുന്ന അവസ്ഥ മിക്കവരിലും കാണാറുണ്ട്. ഇത് മുമ്പ് പല പഠനങ്ങളും സമര്‍ത്ഥിച്ച കാര്യവുമാണ്.15 മുതല്‍ 30 ശതമാനം വരെയുള്ള പ്രായമായവരില്‍ പ്രായാധിക്യം മൂലമുള്ള വിശപ്പില്ലായ്മ കണ്ടുവരുന്നതായാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. 

കാരണങ്ങള്‍ എന്തുമാകട്ടെ, വിശപ്പില്ലായ്മ അനുഭപ്പെടുന്നതിനെ ഒരിക്കലും നിസാരമായി കാണരുത്. അങ്ങനെ വന്നാല്‍ അത് വീണ്ടും ഗുരുതരമായ ശാരീരിക- മാനസിക പ്രയാസങ്ങളിലേക്കാണ് നമ്മെയെത്തിക്കു. ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ ഭക്ഷണമാണെന്ന് മനസിലാക്കുക. നമുക്കാവശ്യമായ മഹാഭൂരിഭാഗം ഘടകങ്ങളും നമ്മള്‍ കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെയാണ്. അപ്പോള്‍ അതില്ലാത്ത സാഹചര്യത്തിലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഊഹിക്കാമല്ലോ, അല്ലേ?

Also Read:- ‌മലബന്ധം അകറ്റാന്‍ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ...