സാധാരണഗതിയില്‍ മഞ്ഞുകാലത്തോ, അല്ലെങ്കില്‍ വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ എത്തുമ്പോഴോ ഒക്കെയാണ് നമ്മുടെ ചുണ്ട് വരണ്ട് പൊട്ടുന്നത്. എന്തെങ്കിലും ബാമുകളോ മരുന്നോ പുരട്ടുന്നതോടെ അത് മാറുകയും ചെയ്‌തേക്കാം. എന്നാല്‍ ചിലപ്പോഴെങ്കിലും എന്ത് ചെയ്താലും ഈ പ്രശ്‌നം പരിഹരിക്കപ്പെടാത്ത അവസ്ഥയുണ്ടാകാറുണ്ട്. 

അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ അല്‍പം കരുതല്‍ എടുക്കേണ്ടതുണ്ട്. കാരണം, ഒരുപിടി ആരോഗ്യപ്രശ്‌നങ്ങളുടേയും അസുഖങ്ങളുടേയും ലക്ഷണമായിട്ടാകാം ഇത്തരത്തില്‍ നിരന്തരം ചുണ്ട് വരണ്ടുപൊട്ടുന്നത്. ചുണ്ട് ഉണങ്ങി വിള്ളലുകളുണ്ടാകുന്നത്, അതുപോലെ തൊലി കൂടെക്കൂടെ അടര്‍ന്നുപോരുന്നത് സ്ഥിരമാകുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുകയെന്നതാണ്. 

ഒപ്പം തന്നെ പരമാവധി ജീവിതചര്യകള്‍ ചിട്ടയിലാക്കുകയും നേരത്തിന് ഭക്ഷണവും ഉറക്കവും ഉറപ്പുവരുത്തുകയും വേണം. ഇത്തരം മാറ്റങ്ങള്‍ വരുത്തിയ ശേഷവും ചുണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അതൊരുപക്ഷേ ചില അസുഖങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാകാം. ഇവ ഏതെല്ലാമെന്ന് നോക്കാം. 

1. കടുത്ത നിര്‍ജലീകരണം.
2. മലബന്ധം
3. വിളര്‍ച്ച
4. പ്രമേഹം
5. എന്തെങ്കിലും മരുന്നുകളോടുള്ള പ്രതികരണം.
6. വിറ്റാമിന്‍-ധാതുക്കള്‍ എന്നിവയുടെ ഗണ്യമായ കുറവ്
7. 'സ്‌ട്രെസ്' അല്ലെങ്കില്‍ 'ആംഗ്‌സൈറ്റി'

ആരോഗ്യകരമായ- വിറ്റാമിനും ധാതുക്കളാലും സമ്പുഷ്ടമായ ഡയറ്റ് പിന്തുടരുന്നതിലൂടെയും ആവശ്യമായ വെള്ളം ശരീരത്തിന് ഉറപ്പ് വരുത്തുന്നതിലൂടെയും മെച്ചപ്പെട്ട ജീവിതരീതി തെരഞ്ഞെടുക്കുന്നതിലൂടെയും ഇവയില്‍ പല പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണ്. ഇത്രയും കാര്യങ്ങള്‍ പരീക്ഷിച്ചതിന് ശേഷവും നിങ്ങള്‍ പഴയ വിഷമതയില്‍ തന്നെയാകുന്നവെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്.