Asianet News MalayalamAsianet News Malayalam

കൊവിഡ് ലക്ഷണമായി നെഞ്ചുവേദന ; അറിയേണ്ട ചിലത്...

ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് കൊവിഡിന്റെ ലക്ഷണങ്ങളായി ആദ്യഘട്ടങ്ങളില്‍ കണക്കാക്കിയിരുന്നത്. പിന്നീട് രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, ശരീരവേദന തുടങ്ങി മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. രോഗം കാര്യമായി ബാധിച്ചവരില്‍ നെഞ്ചുവേദനയും ശ്വാസതടസവും കാണാമെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരുന്നു

chest pain might be an important symptom of covid 19
Author
Trivandrum, First Published May 10, 2021, 8:49 PM IST

കൊവിഡ് 19 രണ്ടാം തരംഗത്തോടുള്ള പോരാട്ടത്തിലാണ് രാജ്യം. ജനിതകവ്യതിയാനം സംഭവിച്ച വൈറസാണ് കാര്യമായ രോഗവ്യാപനം നടത്തുന്നത് എന്നതിനാല്‍ തന്നെ ആദ്യ തരംഗത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാം തരംഗത്തിലെ സാഹചര്യം. കൊവിഡ് ലക്ഷണങ്ങളില്‍ തുടങ്ങി രോഗത്തിന്റെ തീവ്രത, മരണനിരക്ക് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. 

ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് കൊവിഡിന്റെ ലക്ഷണങ്ങളായി ആദ്യഘട്ടങ്ങളില്‍ കണക്കാക്കിയിരുന്നത്. പിന്നീട് രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, ശരീരവേദന തുടങ്ങി മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. രോഗം കാര്യമായി ബാധിച്ചവരില്‍ നെഞ്ചുവേദനയും ശ്വാസതടസവും കാണാമെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരുന്നു. 

എന്നാല്‍ രണ്ടാം തരംഗമാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ആദ്യ തരംഗത്തെ അപേക്ഷിച്ച് രോഗം കൂടുതല്‍ രൂക്ഷമായതിനാലാണ് കൂടുതല്‍ രോഗികള്‍ക്കും നെഞ്ചുവേദന അനുഭവപ്പെടുന്നത്. ചിലര്‍ കൊവിഡ് പരിശോധന നടത്തുമ്പോള്‍ നെഗറ്റീവ് ഫലം വരുന്നുണ്ട്. എന്നാല്‍ അങ്ങനെയുള്ളവരില്‍ പോലും പിന്നീട് നെഞ്ചുവേദന കണ്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. 

 

chest pain might be an important symptom of covid 19

 

അതായത് കൊവിഡ് ലക്ഷണങ്ങളില്‍ ഏറ്റവും സുപ്രധാനമായ ഒന്നായി വേണം നെഞ്ചുവേദനയെ കണക്കാക്കാന്‍ എന്ന്. വിവിധ കാരണങ്ങളാണ് കൊവിഡ് രോഗിയില്‍ നെഞ്ചുവേദനയുണ്ടാക്കുന്നത്. വരണ്ട ചുമ കൊവിഡിന്റെ ഒര പ്രത്യേകതയാണ്. ഇത് ഒരുപാടായാല്‍ നെഞ്ചുവേദന വരാനുള്ള സാധ്യതയുണ്ട്. 

അതുപോലെ തന്നെ ഭയപ്പെടേണ്ട ഒരു അവസ്ഥയാണ് ന്യുമോണിയ. കൊവിഡ് ബാധിച്ച് പിന്നീടത് ന്യുമോണിയയിലേക്ക് മാറിയാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതുണ്ട്. ഇത്തരത്തില്‍ ന്യുമോണിയ പിടിപെട്ടതിന്റെ സൂചനയായും നെഞ്ചുവേദന വരാം. ശ്വാസകോശത്തിലെ വായു അറകളില്‍ അണുബാധയുണ്ടായി വെള്ളം നിറയുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് നെഞ്ചുവേദനയുണ്ടാകുന്നത്. 

കൊവിഡ് 19 അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ശ്വാസകോശത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. അത് ഏത് തരത്തിലാണെങ്കിലും അതിന്റെ സൂചനയായി നെഞ്ചുവേദന ഉണ്ടാകാം. എത്രത്തോളം ശ്വാസകോശം ബാധിക്കപ്പെട്ടു എന്ന് മനസിലാക്കുന്നതിന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്-റേയോ സിടി സ്‌കാനോ ചെയ്ത് നോക്കാവുന്നതാണ്. 

 

chest pain might be an important symptom of covid 19

 

കൊവിഡ് രോഗികളില്‍ രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യതയും കാണാം. ഇത്തരത്തില്‍ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ നിലയ്ക്കുകയും ചെയ്യുന്നതും കടുത്ത ഞ്ചെുവേദനയുണ്ടാക്കാം. വളരെ ഗുരുതരമായ ഒരവസ്ഥയാണിത്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അപകടകരമായ അവസ്ഥയിലേക്ക് രോഗിയെ ഇത് എത്തിച്ചേക്കാം. 

Also Read:- കാഴ്ച ശക്തിയെ അടക്കം ബാധിക്കുന്നു; കൊവിഡിനൊപ്പം 'ബ്ലാക്ക് ഫം​ഗസ്' ബാധയും...

ഇക്കാര്യങ്ങളെല്ലാം ഉള്ളതിനാല്‍ തന്നെ ഈ കൊവിഡ് കാലത്ത് നെഞ്ചുവേദന അനുഭവപ്പെടുന്നത് ഒരിക്കലും നിസാരമായി കണക്കാക്കാതിരിക്കുക. നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത, നെഞ്ചിടിപ്പ് അസാധാരണമായി കൂടുക എന്നീ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ഒപ്പം തന്നെ മാനസിക സമ്മര്‍ദ്ദങ്ങളെ കൃത്യമായി അതിജീവിക്കാനുള്ള കരുത്തും നേടിയെടുക്കുക. അല്ലാത്ത പക്ഷം 'സ്‌ട്രെസ്' മൂലവും ഇങ്ങനെയുള്ള വിഷമതകള്‍ നേരിട്ടേക്കാം. അത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിന് ആരോഗ്യകരമായ- 'സ്‌ട്രെസ് ഫ്രീ' ജീവിതരീതി അവലംബിക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios