കറിവേപ്പില ധാരാളം ഗുണങ്ങളുള്ള ഒന്നാണെന്ന് നമുക്കറിയാം. വലിയൊരു പരിധി വരെ എല്ലാ കറികളിലും ഇത് ചേര്‍ക്കുന്നതിന് പിന്നിലെ കാരണം തന്നെ ഈ എണ്ണമറ്റ ഗുണങ്ങളാണ്. എന്നാല്‍ കറികളില്‍ ചേര്‍ത്ത് കഴിക്കുക മാത്രമല്ല, വെറുതെ ചവച്ച് ഇതിന്റെ നീര് ഇറക്കുന്നതും വളരെ ഉത്തമമാണ്. അതും രാവിലെ എഴുന്നേറ്റ് വെറുംവയറ്റില്‍ ഇത് ശീലമാക്കിയാല്‍ പല ഗുണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. 

ഒന്ന്...

മുടികൊഴിച്ചിലുണ്ടെങ്കില്‍ അത് തടയാന്‍ ഈ പതിവ് നിങ്ങളെ സഹായിക്കും. രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. അല്‍പം കഴിഞ്ഞ ശേഷം കുറച്ച് കറിവേപ്പിലയെടുത്ത് വായിലിട്ട് വെറുതെ ചവയ്ക്കാം. ഇതിന്റെ നീരിറക്കുകയും ചണ്ടി തുപ്പിക്കളയുകയും ആവാം. ഇതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞിട്ടേ പ്രഭാതഭക്ഷണം കഴിക്കാവൂ. കറിവേപ്പിലയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ഫോസ്ഫറസ്, അയേണ്‍, കാത്സ്യം, നികോട്ടിനിക് ആസിഡ് എന്നിവയാണ് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നത്. 

രണ്ട്...

കറിവേപ്പില ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും വളരെയധികം സഹായിക്കാറുണ്ട്. പതിവായി മലബന്ധമുണ്ടാകാറുള്ളവരാണെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കറിവേപ്പില ചവച്ചുനോക്കൂ, ഈ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാനാകും. 

മൂന്ന്...

ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അകാരണമായ ക്ഷീണവും ഓക്കാനിക്കാനുള്ള തോന്നലുമെല്ലാം ഉണ്ടാകാറുണ്ട്. 'മോണിംഗ് സിക്ക്‌നെസ്' എന്നാണിത് അറിയപ്പെടുന്നത്. അത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്കും ഈ പതിവ് ഏറെ ഉപകാരപ്രദമാണ്. 

നാല്...

വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്കും പുതുതായി ഈ പതിവ് ആകാവുന്നതാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനുമെല്ലാം കറിവേപ്പില സഹായിക്കും. ഇതെല്ലാം ക്രമേണ വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണെന്ന് മനസിലാക്കുക.