ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നതുകൊണ്ട് മാത്രം ചോക്ലേറ്റ് കഴിക്കുന്നത് അവസാനിപ്പിച്ച നിരവധി പേരുണ്ട്. അതേസമയം ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചോക്ലേറ്റ് എന്ന കാര്യം എത്രപേര്‍ക്ക് അറിയാം?

ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവെന്‍റീവ് കാര്‍ഡിയോളജി റിസര്‍ച്ചി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് പറയുന്നത്. ടെക്‌സസിലെ 'ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍' ആണ് പഠനം നടത്തിയത്. മൂന്ന് ലക്ഷത്തിലധികം ആളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആഴ്ചയില്‍ ഒന്നിലധികം ചോക്ലേറ്റ് കഴിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചമാണെന്നാണ് ഈ പഠനം പറയുന്നത്. 

ഇതിന് മുന്‍പ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലും ചോക്ലേറ്റ്  ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് തെളിഞ്ഞതാണ്. 'ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനി'ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയുമെന്ന് പറയുന്നു. ഒപ്പം ചോക്ലേറ്റ് ബാറുകൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

 

ചോക്ലേറ്റില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പോഷകാംശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയവയുടെ സാന്നിധ്യവും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

Also Read: ചോക്ലേറ്റ് പ്രിയരേ, ഒന്ന് ശ്രദ്ധിക്കൂ; ഇതാ ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ്...