സാധാരണ വിശ്രമത്തിലൂടെയോ ഉറക്കത്തിലൂടെയോ മാറാത്ത ആലസ്യം കുറഞ്ഞത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന കടുത്ത ശാരീരിക-മാനസിക തളർച്ചയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. വെറുമൊരു ക്ഷീണമല്ലിത്; ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ, ഔദ്യോഗിക ക്ലേശങ്ങളെ, സാമൂഹിക ബന്ധങ്ങളെ എല്ലാം പൂർണ്ണമായി തകിടം മറിക്കാൻ പോന്ന ഒരു അവസ്ഥയാണിത്.
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ശരീരത്തെ അപ്പാടെ മൂടുന്ന കടുത്ത തളർച്ച, ആവശ്യത്തിന് ഉറങ്ങിയിട്ടും മാറാത്ത ക്ഷീണം, നിസ്സാരമായ ജോലികൾ പോലും ചെയ്യാൻ അനുവദിക്കാത്ത വിധം ശരീരം തളർന്നുപോകുന്ന അവസ്ഥ. നിങ്ങൾ ഇതിനെ വെറുമൊരു ആലസ്യം എന്നോ ‘ജോലിഭാരത്തിന്റെ ക്ഷീണമോ’ ആയി തള്ളിപ്പറയാൻ വരട്ടെ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ നിശബ്ദമായി വേട്ടയാടുന്ന മയാൾജിക് എൻസെഫലോമയലൈറ്റിസ് അല്ലെങ്കിൽ ക്രോണിക് ഫറ്റീഗ് സിൻഡ്രോം വൈദ്യശാസ്ത്രം ഏറെ ഗൗരവത്തോടെ നോക്കികാണുന്നത്.
എന്താണ് ക്രോണിക് ഫറ്റീഗ് സിൻഡ്രോം?
സാധാരണ വിശ്രമത്തിലൂടെയോ ഉറക്കത്തിലൂടെയോ മാറാത്ത ആലസ്യം കുറഞ്ഞത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന കടുത്ത ശാരീരിക-മാനസിക തളർച്ചയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. വെറുമൊരു ക്ഷീണമല്ലിത്; ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ, ഔദ്യോഗിക ക്ലേശങ്ങളെ, സാമൂഹിക ബന്ധങ്ങളെ എല്ലാം പൂർണ്ണമായി തകിടം മറിക്കാൻ പോന്ന ഒരു അവസ്ഥയാണിത്.
നിർഭാഗ്യവശാൽ, രക്തപരിശോധനകളിലോ സാധാരണ സ്കാനിങ്ങുകളിലോ ഈ രോഗം പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. രോഗലക്ഷണങ്ങൾ പുറമേക്ക് കാണാത്തതിനാൽ, വീട്ടുകാർ പോലും ഇതിനെ വെറുമൊരു മടിയായി തെറ്റിദ്ധരിക്കുകയും രോഗിയെ മാനസികമായി കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ട്.
എന്തുകൊണ്ട് സ്ത്രീകൾ കൂടുതൽ ഇരകളാകുന്നു?
സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ സി.എഫ്.എസ് ബാധിക്കുന്നവരിൽ നാലിൽ മൂന്ന് പേരും (ഏകദേശം 75-80%) സ്ത്രീകളാണ്. സാധാരണയായി 30-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
ഹോർമോൺ വ്യതിയാനങ്ങൾ: സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ രോഗപ്രതിരോധ ശേഷിയെയും നാഡീവ്യവസ്ഥയെയും സ്വാധീനിക്കുന്നത്തിൽ ഒരു പങ്ക് വഹിക്കുന്നു.
ഓട്ടോഇമ്മ്യൂൺ സാധ്യതകൾ: പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സ്വന്തം കോശങ്ങളെ ശരീരം തന്നെ ആക്രമിക്കുന്ന 'ഓട്ടോഇമ്മ്യൂൺ' രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. സി.എഫ്.സി.നും ഇതിനോട് സാമ്യമുണ്ട്.
അമിതമായ മാനസിക-ശാരീരിക സമ്മർദ്ദം: ജോലിയും കുടുംബവും ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്ന സ്ത്രീകളിലെ വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോൾ ഹോർമോണിന്റെ അളവിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ക്രോണിക് ഫറ്റീഗ് സിൻഡ്രോമിലേക്ക് നയിക്കുകയും ചെയ്യാം.
പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം:
ഒരു വ്യക്തിക്ക് ക്രോണിക് ഫറ്റീഗ് സിൻഡ്രോം ഉണ്ടെന്ന് ഉറപ്പിക്കാൻ പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങൾ പരിശോധിക്കേണ്ടതുണ്ട്:
വ്യായാമത്തിനു ശേഷമുള്ള അസ്വാസ്ഥ്യം: ചെറിയൊരു ശാരീരികമോ മാനസികമോ ആയ അധ്വാനത്തിന് ശേഷം (ഉദാഹരണത്തിന് അല്പം ദൂരം നടക്കുകയോ, ശ്രദ്ധിച്ചു ജോലി ചെയ്യുകയോ ചെയ്താൽ) അടുത്ത 12 മുതൽ 48 മണിക്കൂറുകളിൽ ശരീരം പൂർണ്ണമായി തളർന്നുപോകുന്ന അവസ്ഥ.
ഉറക്കമില്ലായ്മ: എത്ര മണിക്കൂർ ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷം തോന്നാതിരിക്കുക.
ബ്രെയിൻ ഫോഗ്: ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കാര്യങ്ങൾ പെട്ടെന്ന് മറന്നുപോവുക, ചിന്തകളിലെ അവ്യക്തത.
ശരീരവേദന: പേശികളിലും സന്ധികളിലും വിട്ടുമാറാത്ത വേദന, കടുത്ത തലവേദന.
മറ്റ് ലക്ഷണങ്ങൾ: ഇടയ്ക്കിടെയുണ്ടാകുന്ന തൊണ്ടവേദന, കഴലവീക്കം, എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുക.
രോഗനിർണ്ണയവും ചികിത്സയും
സി.എഫ്.എസ് കണ്ടെത്താൻ പ്രത്യേക ബയോമാർക്കറുകളോ ലബോറട്ടറി ടെസ്റ്റുകളോ നിലവിലില്ല. സമാന ലക്ഷണങ്ങളുള്ള മറ്റ് രോഗങ്ങൾ (തൈറോയ്ഡ് തകരാറുകൾ, അനീമിയ, വിഷാദരോഗം, ഫൈബ്രോമയാൾജിയ) ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡോക്ടർമാർ ഈ നിഗമനത്തിൽ എത്തിച്ചേരുന്നത്.
ഇതിന് പൂർണ്ണമായ ഒരു പ്രതിവിധി ഇല്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സാധിക്കും:
പേസിംഗ്: ശരീരത്തിന്റെ പരിധികൾ മനസ്സിലാക്കി, ഊർജ്ജം അമിതമായി നഷ്ടപ്പെടാത്ത രീതിയിൽ ജോലികൾ ക്രമീകരിക്കുക.
ലക്ഷണങ്ങൾക്കുള്ള ചികിത്സ: കടുത്ത ശരീരവേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുക.
മാനസിക പിന്തുണ: കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി വഴി രോഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാൻ രോഗിയെ പ്രാപ്തനാക്കുക.
ഭക്ഷണക്രമം: ലഘുവായ, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ശീലമാക്കുക.
ഇതൊരു മാനസികരോഗമല്ല, മടിയുമല്ല. ജൈവികമായ ഒരു ശാരീരികാവസ്ഥയാണ്. ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഏറ്റവും ആവശ്യം സഹതാപമല്ല, മറിച്ച് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പിന്തുണയും രോഗത്തെക്കുറിച്ചുള്ള ശരിയായ ബോധവൽക്കരണവുമാണ്. അവരുടെ ശാരീരിക പരിമിതികളെ 'മടി' എന്ന് വിധിച്ച് തള്ളിക്കളയാതെ, മാനസികമായ കരുത്ത് പകരുകയാണ് നാം ചെയ്യേണ്ടത്.
ഈ അന്താരാഷ്ട്ര സി.എഫ്.എസ് ദിനത്തിൽ, നമുക്ക് ചുറ്റുമുള്ള സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ കൂടുതൽ ഗൗരവത്തോടെ വീക്ഷിക്കാനും, വിട്ടുമാറാത്ത തളർച്ചകളെ കൃത്യമായ വൈദ്യസഹായത്തോടെ നേരിടാനും നമുക്ക് തയാറാകാം. ഓർക്കുക, ശരിയായ അവബോധവും കരുതലും മാത്രമാണ് ഇത്തരം നിശബ്ദ രോഗങ്ങൾക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.
ലേഖനം തയ്യാറാക്കിയത്:
ഡോ. സോന. എസ്
അസ്സോസിയേറ്റ് കൺസൾട്ടന്റ് ന്യൂറോളജി
ആസ്റ്റർ മിംസ് കണ്ണൂർ


