ബ്രെയിൻ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ദൈനംദിന ആരോഗ്യപ്രശ്നങ്ങളുമായി സാമ്യമുള്ളവയാണ്.

പല സ്ത്രീകളും വിട്ടുമാറാത്ത തലവേദനയും കടുത്ത ക്ഷീണവും അനുഭവിക്കാറുണ്ട്. മിക്കപ്പോഴും മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, അല്ലെങ്കിൽ ഉറക്കക്കുറവ് എന്നിവ കാരണമാണ് ഇതെന്നാണ് പലരും കരുതുന്നത്. എന്നാൽ, ചില സന്ദർഭങ്ങളിൽ ഇത്തരം സാധാരണ ലക്ഷണങ്ങൾ ബ്രെയിൻ ട്യൂമർ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാം. ബ്രെയിൻ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ദൈനംദിന ആരോഗ്യപ്രശ്നങ്ങളുമായി സാമ്യമുള്ളവയാണ്. അതുകൊണ്ടുതന്നെ കാഴ്ച മങ്ങൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ അല്ലെങ്കിൽ രാവിലെ ഉണ്ടാകുന്ന തലവേദന എന്നിവയെല്ലാം സാധാരണ ക്ഷീണമായും ഹോർമോൺ മാറ്റങ്ങളായും തെറ്റിദ്ധരിക്കാറുണ്ട്. അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ ഇവയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പുതിയതും വിട്ടുമാറാത്തതുമായ തലവേദന

സ്ത്രീകളിൽ മൈഗ്രേൻ, അമിത സമ്മർദ്ദം, ആർത്തവ വ്യതിയാനങ്ങൾ, നിർജ്ജലീകരണം എന്നിവ കാരണം തലവേദന സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാൽ ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട തലവേദനയ്ക്ക് ചില പ്രത്യേകതകളുണ്ട്. സമയത്തിനനുസരിച്ച് വേദന ക്രമേണ കൂടിക്കൂടി വരുക, പതിവിലും കൂടുതൽ തവണ തലവേദന അനുഭവപ്പെടുക, രാവിലെ ഉണരുമ്പോൾ വേദന വളരെ കൂടുതലായിരിക്കുക, കടുത്ത തലവേദന കാരണം ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരേണ്ടി വരുക, തലവേദനയോടൊപ്പം ഓക്കാനവും ഛർദ്ദിയും ഉണ്ടാകുക. തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്.

2. കാഴ്ചശക്തിയിലെ തകരാറുകൾ

കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റൊരു പ്രധാന മുന്നറിയിപ്പാണ്. കാഴ്ച മങ്ങുക, ഒരു വസ്തു രണ്ടായി കാണുക, കണ്ണിൽ പ്രകാശം തിളങ്ങുന്നത് പോലെ തോന്നുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്യൂമർ വളരുമ്പോൾ അത് കാഴ്ചയുമായി ബന്ധപ്പെട്ട നാഡികളിൽ സമ്മർദ്ദം ചെലുത്തുന്നതാണ് ഇതിന് കാരണം. വേദനയില്ലാത്തതും ക്രമേണ ഉണ്ടാകുന്നതുമായ മാറ്റമായതിനാൽ പലരും ഇത് കണ്ണിലെ തകരാറോ പ്രായമാകുന്നതിന്റെ ലക്ഷണമായോ തെറ്റിദ്ധരിക്കാറുണ്ട്.

3. മാനസികാവസ്ഥയിലും സ്വഭാവത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ

ബ്രെയിൻ ട്യൂമർ ബാധിച്ച സ്ത്രീകളുടെ സ്വഭാവമാറ്റം പലപ്പോഴും വീട്ടുകാരാണ് ആദ്യം ശ്രദ്ധിക്കാറുള്ളത്. ശാന്തസ്വഭാവക്കാരിയായ ഒരു സ്ത്രീ പെട്ടെന്ന് ദേഷ്യപ്പെടുകയോ, അകാരണമായി വികാരാധീനയാകുകയോ ചെയ്യാം.

4. ആശയക്കുഴപ്പവും ബ്രെയിൻ ഫോഗും

കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, പെട്ടെന്നുള്ള സ്വഭാവത്തിലെ മാറ്റങ്ങൾ, ഓർമ്മക്കുറവ്, കടുത്ത വിഷാദം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ആദ്യഘട്ടത്തിൽ ഇവ വളരെ ലഘുവായി തോന്നാമെങ്കിലും ക്രമേണ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങും. കൃത്യമായ വിശ്രമം എടുത്തിട്ടും ഈ പ്രശ്നങ്ങൾ മാറുന്നില്ലെങ്കിൽ വിദഗ്ദ്ധ പരിശോധന ആവശ്യമാണ്.

5. മുഖം, കേൾവി, സംസാരം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ

തലച്ചോറിന്റെ ബാധിക്കപ്പെട്ട ഭാഗത്തെ ആശ്രയിച്ച് മുഖത്തിന്റെ ഒരു വശത്ത് തരിപ്പും ബലഹീനതയും ഉണ്ടാകാം. ഇതിനുപുറമെ കേൾവിക്കുറവ്, കൺപോളകൾ താഴേക്ക് തൂങ്ങുക, സംസാരത്തിൽ വ്യക്തതയില്ലാതിരിക്കുക, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകിക്കാതെ ഒരു ന്യൂറോസർജന്റെ സഹായം തേടണം.

6. മറ്റു ലക്ഷണങ്ങൾ

ഒരേ നോട്ടം നോക്കി നിൽക്കുക, പെട്ടെന്നുണ്ടാകുന്ന കടുത്ത ആശയക്കുഴപ്പം, ശരീരഭാഗങ്ങൾ ഒരേ രീതിയിൽ ആവർത്തിച്ച് ചലിപ്പിക്കുക, താൽക്കാലികമായി പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ, അപൂർവ്വമായ എന്തെങ്കിലും മണമോ രുചിയോ അനുഭവപ്പെടുക തുടങ്ങിയവയും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ ആവാം.