ലിഫ്റ്റിനെ ആശ്രയിക്കാതെ പടികള്‍ കയറുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണമുണ്ടോ?
നടത്തവും പടി കയറിയിറങ്ങലുമെല്ലാം വലിയ രീതിയില്‍ കൊളസ്ട്രോള്‍- ബിപി എന്നീ പ്രശ്നങ്ങളെ ചെറുക്കുന്നു. കൊളസ്ട്രോളും ബിപിയും നമുക്കറിയാം ഹൃദയത്തെ ക്രമേണ അപകടത്തിലാക്കുന്ന രണ്ട് ആരോഗ്യപ്രശ്നങ്ങളാണ്

കെട്ടിടങ്ങളില്‍ മുകള്‍നിലകളിലേക്ക് എത്താൻ എപ്പോഴും ലിഫ്റ്റുകളെ ആശ്രയിക്കാതെ പടികള്‍ കയറിയിറങ്ങിയും ശീലിക്കണമെന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? ശരിക്കും ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമോ?
പൊതുവില്‍ കായികാധ്വാനമേതുമില്ലാതെ തുടരുന്നത് ആരോഗ്യത്തിന് പല രീതിയിലും വെല്ലുവിളിയാണ്. ഇങ്ങനെയുള്ളവരാണ് തീര്‍ച്ചയായും നിത്യജീവിതത്തില്‍ ശരീരമനങ്ങാൻ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത്.
പ്രത്യേകിച്ച് പടിക്കെട്ടുകള്‍ കയറിയിറങ്ങുന്നതും, നടക്കുന്നതും എല്ലാം ഹൃദയാരോഗ്യത്തെയാണ് മെച്ചപ്പെടുത്തുക. ഇക്കാരണം കൊണ്ടാണ് ഈ പ്രവര്‍ത്തികളെ വ്യായാമമായിത്തന്നെ കണക്കാക്കണം എന്ന് പറയുന്നത്. വണ്ണം കുറയുന്നതിനോ വയര്‍ കുറയുന്നതിനോ അല്ല ഇവ പ്രയോജനപ്പെടുകയെന്നതും മനസിലായല്ലോ.
നടത്തവും പടി കയറിയിറങ്ങലുമെല്ലാം വലിയ രീതിയില്‍ കൊളസ്ട്രോള്‍- ബിപി എന്നീ പ്രശ്നങ്ങളെ ചെറുക്കുന്നു. കൊളസ്ട്രോളും ബിപിയും നമുക്കറിയാം ഹൃദയത്തെ ക്രമേണ അപകടത്തിലാക്കുന്ന രണ്ട് ആരോഗ്യപ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ ഇവ നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യവുമാണ്.
'ദിവസവും പടി കയറിയിറങ്ങുന്ന ശീലമുണ്ടെങ്കില്‍ അത് ഹൃദയത്തിന് വേണ്ടി പതിവായി ചെയ്യുന്ന വ്യായാമമായി തന്നെ കണക്കാക്കാവുന്നതാണ്. കലോറി എരിച്ചുകളയുന്നതിനും പടിക്കെട്ടുകള്‍ കയറിയിറങ്ങുന്നത് സഹായിക്കും. മാത്രമല്ല പേശികളുടെയും എല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്...'- പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. രവി പ്രകാശ് പറയുന്നു.
പടിക്കെട്ട് കയറിയിറങ്ങുന്ന സമയത്ത് നമ്മുടെ പേശികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ ഓക്സിജൻ ആവശ്യമായി വരുന്നു. ഇതിന് വേണ്ടി ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കുന്നു. ഹൃദയമിടിപ്പും കൂടുകയും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. അതുപോലെ കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നതിന്‍റെ ഭാഗമായി ഹൃദയഭിത്തികള്‍ കൂടുതല്‍ ശക്തിയില്‍ ചുരുങ്ങുന്നു. രക്തയോട്ടം കൂടുതലാകുന്നതോടെ രക്തക്കുഴലുകള്‍ ഒന്നുകൂടി വികസിക്കുന്നു. ഇങ്ങനെ പല രീതിയില്‍ ഹൃദയം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതോടെയാണ് പടിക്കെട്ടുകള്‍ കയറിയിറങ്ങുന്നത് നല്ലൊരു വ്യായാമം ആകുന്നത്.
അതേസമയം പടിക്കെട്ടുകള്‍ കയറിയിറങ്ങുന്നത് അടക്കം ഏത് തരം കായികാധ്വാനങ്ങളോ വ്യായാമങ്ങളോ ചെയ്യും മുമ്പ് ശ്വാസതടസം പോലുള്ള പ്രശ്നങ്ങളുണ്ടോ എന്നത് പരിശോധിച്ച് ഉറപ്പുവരുത്തണം. ഉണ്ടെങ്കില്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തതിന് ശേഷം മാത്രം വ്യായാമം ചെയ്യുക. ആരോഗ്യപ്രശ്നങ്ങള്‍ എന്തുതരം ആണെങ്കിലും അവയുണ്ടെങ്കില്‍ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ വ്യായാമത്തിലേക്ക് കടക്കാവൂ.
Also Read:- നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് പത്തൊമ്പതുകാരൻ; ഹൃദയാഘാതമെന്ന് സംശയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-