സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് 'വെളിച്ചെണ്ണ'. മുടിയുടെ ആരോ​ഗ്യത്തിനും ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ ഏറെ ​ഗുണപ്രദമാണ്. ചുണ്ടുകൾ വരണ്ട് പൊട്ടുക, വരണ്ട ചർമ്മം ഇവയ്ക്കെല്ലാം വെളിച്ചെണ്ണ ധെെര്യത്തോടെ ഉപയോ​ഗിക്കാവുന്നതാണ്. 

വെളിച്ചെണ്ണയിൽ പോഷക ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം വർദ്ധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ആൻറി മൈക്രോബിയൽ ഫാറ്റി ആസിഡായ 'ലോറിക് ആസിഡ്' അടങ്ങിയതിനാൽ ശരീരത്തിലെത്തുന്ന ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളെ നശിപ്പിക്കാനും കഴിവുണ്ട്.

വെളിച്ചെണ്ണയിലെ ലോറിക് ആസിഡിന്റെ അളവ് 'കൊളാജൻ' ഉൽപാദനത്തിൽ ഗുണം ചെയ്യും. (ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്ന പ്രധാന പ്രോട്ടീനാണ് 'കൊളാജന്‍'. മുഖത്തെ നിറവ്യത്യാസം, ത്വക്കിന്റെ മൃദുലത നഷ്ടപ്പെടല്‍ എന്നിവയ്ക്ക് കാരണം കൊളാജന്റെ അഭാവമാണ്. പ്രായം കൂടുന്തോറും ഇതിന്റെ ഉല്‍പാദനം കുറയും). 

വെളിച്ചെണ്ണയിലടങ്ങിയ നല്ല കൊഴുപ്പ് വരണ്ട ചര്‍മത്തെ മൃദുവാക്കാനും തിളക്കം നല്‍കാനും സഹായിക്കും. ചര്‍മ്മസംരക്ഷണത്തിന് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം...

ഒന്ന്...

ഒരു പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ മിക്‌സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടി മൃദുവായി തടവാം. ചുണ്ടിലെ മൃതകോശങ്ങളെ നീക്കാനും സോഫ്റ്റാകാനും ഇത് നല്ലതാണ്.

രണ്ട്...

കാലുകളും കൈകളും വരണ്ട് പൊട്ടുന്നത് തടയാനും വെളിച്ചെണ്ണ ഉപയോ​ഗിക്കാം. ഒരു പാത്രത്തില്‍ രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും അൽപം നാരങ്ങ നീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് കാലുകളിലും കൈകളിലും പുരട്ടി നന്നായി മസാജ് ചെയ്യാം.

മൂന്ന്...

വെളിച്ചെണ്ണ പുരട്ടിയ കോട്ടണ്‍ ഉപയോഗിച്ച് മേക്കപ്പ് റിമൂവ് ചെയ്യാം. ആദ്യം കണ്ണ്, പിന്നെ കവിളുകള്‍, മൂക്ക്, ലിപ്‌സ് എന്ന ക്രമത്തില്‍ വേണം മേക്കപ്പ് മാറ്റാന്‍. വാട്ടര്‍പ്രൂഫ് മസ്‌കാര വരെ വെളിച്ചെണ്ണയുണ്ടെങ്കില്‍ ഈസിയായി തുടച്ച് കളയാം.

വെളിച്ചെണ്ണയും തേങ്ങാവെള്ളവും; നാടന്‍ ബ്യൂട്ടി ടിപ്‌സുമായി സോനം കപൂര്‍...