പഠന വൈകല്യത്തെ ബുദ്ധിക്കുറവായി പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ പഠനവൈകല്യം ഉള്ള കുട്ടികൾക്ക് സാമാന്യമോ അതിൽ അധികമോ ഉള്ള ബുദ്ധി ഉണ്ടായിരിക്കും. എന്നാൽ എഴുതുക, വായിക്കുക, കണക്കു ചെയ്യുക എന്നിവയിൽ ഏതെങ്കിലും ഒക്കെ അവരുടെ ബുദ്ധിക്കനുസരിച്ചു നിർവ്വഹിക്കുക അവർക്കു സാധ്യമാകാത്ത അവസ്ഥ. 

പൊതുവേ എല്ലാ കാര്യത്തിലും മിടുക്കനായ ഒരു കുട്ടിയായിരുന്നു അവൻ. അദ്ധ്യാപകർക്കൊക്കെ അവനെപ്പറ്റി നല്ല അഭിപ്രായം ആണുള്ളത്. വീട്ടിൽ പഠിക്കാനിരിക്കുമ്പോൾ പതിയെ അവനു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയായി. തലവേദന, ചില സമയങ്ങളിൽ തലചുറ്റുംപോലെ. 

ക്ലാസ്സിൽ ടീച്ചർ ബോർഡിൽ എഴുതിയത് നോക്കി എഴുതാൻ ശ്രമിക്കുമ്പോൾ വല്ലാതെ തലവേദന തോന്നുകയും പഠനത്തിൽ പിന്നോട്ടാകാനും തുടങ്ങി. കൂട്ടുകാരോട് മുമ്പത്തെപ്പോലെ മിണ്ടാതെയായി. മാതാപിതാക്കൾ പല ആശുപത്രികളിലും അവനെ കൊണ്ടുപോയി എങ്കിലും എന്താണ് അവന്റെ തലവേദനയ്ക്കും ശ്രദ്ധക്കുറവിനും കാരണം എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 

പല ഡോക്ടർമാരെ സമീപിച്ചതിനുശേഷം ഒടുവിൽ ഇത് മനസ്സിന്റെ സമ്മർദ്ദം കൊണ്ടാകാം എന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുകയും സൈക്കോളജിസ്റ്റിനെ സമീപിക്കാൻ നിർദ്ദേശിക്കുകയും ആയിരുന്നു. എന്നാൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക എന്ന തീരുമാനം മാതാപിതാക്കൾക്ക് അത്ര എളുപ്പമായിരുന്നില്ല എന്നതിനാൽ അവർ ആദ്യം അതിനു തയ്യാറായില്ല. പിന്നീട് കുട്ടിക്കു തലവേദനയും ബുദ്ധിമുട്ടുകളും കാരണം ഒരുപാട് ദിവസങ്ങൾ സ്കൂളിൽ പോകാൻ കഴിയുന്നില്ല എന്ന അവസ്ഥ വന്നപ്പോളാണ് അവസാനം അവർ സൈക്കോളജിസ്റ്റിനെ കാണാൻ തീരുമാനിച്ചത്. 

സൈക്കോളജിസ്റ്റുമായി സംസാരിക്കുമ്പോൾ ആദ്യമൊന്നും കുട്ടി ചില സങ്കടങ്ങൾ പറഞ്ഞില്ല എങ്കിലും പിന്നീട് അവൻ നേരിടുന്ന വിഷമങ്ങൾ അവൻ പറഞ്ഞുതുടങ്ങി. വീട്ടിലെ ഒരു കാര്യങ്ങളും തുറന്നു പറയാൻ പാടില്ല എന്ന കർശന നിബന്ധന മാതാപിതാക്കൾ വെച്ചിരുന്നു. മാതാപിതാക്കൾ തമ്മിൽ എന്നും വഴക്കും പ്രശ്നങ്ങളും ഉള്ള അന്തരീകാശത്തിലാണ് അവൻ വളർന്നു വന്നത്. അവരെ സമാധാനത്തോടെ കണ്ടതായി അവന് ഓർമ്മയില്ല. 

വീട്ടിൽ പഠിക്കാനിരിക്കുമ്പോൾ അമ്മയും അച്ഛനും തമ്മിൽ വഴക്കായിരിക്കും. അവർ പറയുന്ന കാര്യങ്ങൾ ചിന്തിക്കുമ്പോൾ അവനു പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെയായി. ടെൻഷൻ സഹിക്കാതെ തല പൊട്ടുന്നപോലെ അവനു വേദന അനുഭപ്പെട്ടു തുടങ്ങി.

പലപ്പോഴും കുട്ടികൾ വളരുന്ന ചുറ്റുപാടും അവരുടെ ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റവും അവരെ ബാധിക്കും എന്ന് നാം മറന്നുപോകാറുണ്ട്. “നീ ഇതൊന്നും ശ്രദ്ധിക്കേണ്ട, നിനക്കു വേണ്ടതെല്ലാം ഞാൻ വാങ്ങിത്തരുന്നില്ലേ”- ഇങ്ങനെ ചിന്തിക്കുന്ന മാതാപിതാക്കളും ഉണ്ട്.

നമ്മുടെ സുഹൃത്തുക്കൾക്കു സംഭവിച്ച കാര്യമോ അല്ലെങ്കിൽ ന്യൂസിൽ കണ്ട സംഭവമോ ഒക്കെ തന്നെ നമ്മളെയൊക്കെ ബാധിക്കുകയും അവയെപ്പറ്റി അമിതമായി ചോദിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ആ കേൾക്കുന്ന കാര്യത്തെപ്പറ്റി നമ്മളെ ആ സ്ഥാനത്തു നിർത്തി ചിന്തിച്ചുകൂട്ടി നമ്മൾ ചിലപ്പോൾ വേവലാതിപ്പെടാറുണ്ട്. ഇങ്ങനെ ഒക്കെയാണ് യാഥാർത്ഥ്യം എന്നിരിക്കെയാണ് കുട്ടികളെ അവരുടെ ചുറ്റുപാടുകൾ ബാധിക്കില്ല എന്നും അവർ കുട്ടികളായത്കൊണ്ട് അവർക്കതൊന്നും ചിന്തിക്കാൻ കഴിവില്ല എന്നുമൊക്കെയുള്ള തെറ്റിദ്ധാരണകൾ നമുക്കുള്ളത്.

ടെൻഷൻ/ മാനസിക സമ്മർദ്ദം കുട്ടികളെ ബാധിക്കാനുള്ള മറ്റു കാരണങ്ങൾ...

പഠനവൈകല്യം...

പഠന വൈകല്യത്തെ ബുദ്ധിക്കുറവായി പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ പഠനവൈകല്യം ഉള്ള കുട്ടികൾക്ക് സാമാന്യമോ അതിൽ അധികമോ ഉള്ള ബുദ്ധി ഉണ്ടായിരിക്കും. എന്നാൽ എഴുതുക, വായിക്കുക, കണക്കു ചെയ്യുക എന്നിവയിൽ ഏതെങ്കിലും ഒക്കെ അവരുടെ ബുദ്ധിക്കനുസരിച്ചു നിർവ്വഹിക്കുക അവർക്കു സാധ്യമാകാത്ത അവസ്ഥ. എന്നാൽ ഇത് പഠനവൈകല്യം ആണെന്നു മനസ്സിലാക്കി ലഭ്യമായ പഠന സൗകര്യങ്ങൾ അവർക്കു നല്കാൻ തയ്യാറാവാതെ വരുമ്പോൾ കുട്ടികൾ വലിയ മാനസിക സമ്മർദ്ദത്തിലാകും. അവനെ ബുദ്ധിയില്ലാത്തവൻ, മടിയൻ എന്നൊക്കെ മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന രീതി അവരിൽ വലിയ ടെൻഷനു കാരണമാകും. ഇത്തരം തെറ്റായ പ്രവണതകൾ അവരുടെ ആത്മവിശ്വാസം തകർത്തു കളയും.ഒറ്റപ്പെടൽ/ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ വരിക, കുട്ടിയെ സ്കൂൾ മാറ്റുന്നത്, കൂട്ടുകാർ ഇല്ലാതെ വരുന്നത്, കളിയാക്കലുകൾ കേൾക്കേണ്ടി വരിക എന്നിങ്ങനെ പല കാര്യങ്ങളും കുട്ടികളിൽ ടെൻഷൻ ഉണ്ടാക്കിയേക്കാം.

കുട്ടികൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ... 

● കുട്ടി സങ്കടപ്പെട്ടിരിക്കുന്നതു കാണുക 
● ഉറങ്ങാൻ കഴിയാതെ വരിക 
● ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കാണുക 
● വിശപ്പില്ലായ്മ 
● തലവേദന 
● വയറിന്റെ അസ്വസ്ഥത 
● ദേഷ്യം 
● കരച്ചിൽ 
● പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക 
● മാതാപിതാക്കൾ എപ്പോഴും കൂടെ ഇല്ലെങ്കിൽ ഭയം 
● ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുക 

മുതിർന്നവരെപോലെ കുട്ടികളിലും ടെൻഷനും ഡിപ്രെഷനും ഒക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത് നിസ്സാരമായി എടുക്കുന്നത് അവരുടെ ആത്മവിശ്വാസത്തെയും സമാധാനത്തെയും നഷ്ടപ്പെടുത്തും. മുൻപ് പറഞ്ഞ ലക്ഷണങ്ങൾ അവരിൽ കണ്ടാൽ എന്താണ് പ്രശ്നമെന്ന് അവരെ ഒപ്പം ഇരുത്തി ചോദിച്ചു മനസ്സിലാക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും സമയം കണ്ടെത്തണം.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323
Online/ In-person consultation available 
www.breathemindcare.com