ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് പുറമെ വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകളും മാനസികാരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാം. അത്തരത്തില്‍ മോശം ബാല്യകാലം വ്യക്തികളില്‍ പിന്നീടുള്ള കാലത്തിലുണ്ടാക്കുന്ന ചില പ്രധാന പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകളുയരുന്നൊരു കാലമാണിത്. ശാരീരികാരോഗ്യത്തോളം തന്നെ പ്രധാനമാണ് മാനസികാരോഗ്യവുമെന്ന രീതിയിലേക്ക് ബോധവത്കരണങ്ങള്‍ നീളുന്ന സാഹചര്യം. വിഷാദം, ഉത്കണ്ഠ പോലുള്ള ഏറ്റവും സാധാരണമായി കാണുന്ന മാനസികപ്രശ്നങ്ങള്‍ മുതല്‍ ചികിത്സ നിര്‍ബന്ധമായിട്ടുള്ള ബൈപോളാര്‍- സ്കീസോഫ്രീനിയ പോലുള്ള രോഗങ്ങള്‍ വരെ ചര്‍ച്ചകളില്‍ ഇന്ന് ചര്‍ച്ചകളില്‍ നിറയുന്നു. 

ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് പുറമെ വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകളും മാനസികാരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാം. അത്തരത്തില്‍ മോശം ബാല്യകാലം വ്യക്തികളില്‍ പിന്നീടുള്ള കാലത്തിലുണ്ടാക്കുന്ന ചില പ്രധാന പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

സാധാരണമായി കാണപ്പെടുന്ന പ്രശ്നങ്ങള്‍...

മോശം ബാല്യകാലത്തിന്‍റെ ഭാഗമായി വ്യക്തിയില്‍ മുതിര്‍ന്ന് വരുമ്പോള്‍ ഒഡിസി (ഒബ്സസീവ് കംപല്‍സറി ഡിസോര്‍ഡര്‍), വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ കാണാൻ സാധ്യതകളേറെയാണ്. 

വിശ്വാസമില്ലായ്മ...

ബാല്യകാലത്തിലെ തിക്താനുഭവങ്ങള്‍ വ്യക്തിയുടെ മനസില്‍ ആഴത്തിലുള്ള പോറലുകളേല്‍പിക്കാം. ഇത് പില്‍ക്കാലത്ത് ആളുകളെ വിശ്വാസത്തിലെടുക്കുന്നതില്‍ നിന്ന് വ്യക്തിയെ സ്വയം വിലക്കാം. സ്വാഭാവികമായും വ്യക്തിയുടെ സാമൂഹിക -വ്യക്തിജീവിതമെല്ലാം ഇതോടെ ബാധിക്കപ്പെടാം. 

നഷ്ടപ്പെടുമോ എന്ന ഭയം...

മോശം ബാല്യകാലത്തിന്‍റെ മറ്റൊരു പരിണിതഫലമാണ് മറ്റുള്ളവര്‍- പ്രത്യേകിച്ച് പ്രിയപ്പെട്ടവര്‍ ഉപേക്ഷിച്ചുപോകുമോ എന്ന ഭയം. സ്നേഹം നഷ്ടപ്പെടുന്നത് താങ്ങാനാകാത്ത മനോനിലയായിരിക്കും ഇത്തരം വ്യക്തികളില്‍ കാണുക. ഇതും മറ്റുള്ളവരുമായുള്ള ബന്ധത്തെ പ്രതികൂലമായിത്തന്നെ ബാധിക്കാം. മാതാപിതാക്കളുടെ മരണം, വിവാഹമോചനം എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ വ്യക്തികളില്‍ കൂടുതലായി ഈ പ്രശ്നം സൃഷ്ടിക്കാം. 

പ്രതിസന്ധികളില്‍ തളരുന്നത്...

ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളിലോ വെല്ലുവിളികളിലോ പെട്ടെന്ന് തളര്‍ന്നുപോകാൻ ഇത്തരം വ്യക്തികളില്‍ സാധ്യത ഏറെയാണ്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം മാനസികമായി തളര്‍ന്നുപോകാനുള്ള പ്രവണതയാണ് ഇവര്‍ ഏറെയും കാണിക്കുക. 

എപ്പോഴും 'നെഗറ്റീവ്' ആയിരിക്കുന്ന അവസ്ഥ...

ചെറുപ്പത്തിലെ മോശം അനുഭവങ്ങള്‍ ജീവിതത്തില്‍ പ്രതീക്ഷകള്‍ക്കുള്ള സ്ഥാനം എന്നത്തേക്കുമായി തകര്‍ത്തേക്കാം. ഏത് സാഹചര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കാൻ ഇത് ഇടയാക്കുന്നു. 

സംശയം...

കുട്ടിയായിരിക്കുമ്പോള്‍ സ്വന്തം പ്രവര്‍ത്തികളടെ പേരിലോ കഴിവുകളുടെ പേരിലോ പ്രകീര്‍ത്തിക്കപ്പെടാതിരിക്കുന്നതും, ഇകഴ്ത്തപ്പെടുന്നതും പിന്നീടുള്ള കാലത്തും സ്വയം സംശയം തോന്നിപ്പിക്കാൻ കാരണമാകുന്നു. ഇത് സ്വാഭാവികമായും വ്യക്തിയുടെ ആത്മവിശ്വാസത്തെ ബാധിക്കാം. 

മുൻകോപം...

എളുപ്പത്തില്‍ ദേഷ്യം വരിക, കാര്യങ്ങള്‍ ക്ഷമയില്ലാതെ കൈകാര്യം ചെയ്യുക, സംയമനം പാലിക്കാൻ കഴിയാതിരിക്കുക എന്നിങ്ങനെയുള്ള പെരുമാറ്റ പ്രശ്നങ്ങളും ബാല്യകാലത്തിലെ മോശം അനുഭവങ്ങള്‍ വ്യക്തിയിലുണ്ടാക്കാം. എല്ലായ്പോഴും കുറ്റബോധം- അഭിമാനബോധമില്ലായ്മ എന്നിവയും ഇക്കൂട്ടരില്‍ കാണാം. 

മോശം ബാല്യകാലം മനസിനേല്‍പിക്കുന്ന ആഘാതത്തെ 'ചൈല്‍ഡ്ഹുഡ് ട്രോമ' എന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ വ്യക്തി സ്വയം തിരിച്ചറിയുകയും അത് കൈകാര്യം ചെയ്ത് പരിശീലിക്കുകയുമാണ് വേണ്ടത്. ഇതിന് കൗണ്‍സിലിംഗ് അടക്കമുള്ള സഹായങ്ങളും തേടാവുന്നതാണ്.

Also Read:- തോല്‍ക്കാതെ തുടരുന്ന പോരാട്ടം; ശ്രീഗീതയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്...