പലപ്പോഴും ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ, എനിക്കെപ്പോഴും വയറിന് അസ്വസ്ഥതയാണ്, ഗ്യാസ് ആണ്, ദഹനപ്രശ്‌നമാണ് എന്നെല്ലാം. മിക്കവാറും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും ഇത്തരം അസ്വസ്ഥതകളുടെ പിന്നില്‍. എന്നാല്‍ അത് സ്വയം ഉറപ്പിച്ച്, ആശ്വാസത്തോടെ തുടരുന്നതില്‍ ചില അപാകതകളുണ്ട്. 

അതായത്, ദഹനപ്രശ്‌നങ്ങളായി നമ്മള്‍ പൊതുവേ കണക്കാക്കുന്ന പല ബുദ്ധിമുട്ടുകളും മലാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഇത് എപ്പോഴും ക്യാന്‍സറിലേക്കുള്ള ചൂണ്ടുവിരലാകണമെന്നല്ല പറയുന്നത്. ഒരുപക്ഷേ സാധ്യതകളാകാം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. 

മിക്കവാറും 50 കടന്നവരിലാണ് സ്ത്രീ-പുരുഷ ഭേദമെന്യേ മലാശയ ക്യാന്‍സര്‍ കണ്ടുവരാറ്. എന്നാല്‍ അടുത്ത കാലങ്ങളിലായി മോശം ജീവിതശൈലിയുടെ ഭാഗമായി ധാരാളം ചെറുപ്പക്കാരിലും മലാശയ ക്യാന്‍സര്‍ കണ്ടുവരുന്നുണ്ട്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ അല്‍പം കൂടി കരുതല്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതേണ്ടതുണ്ട്. 

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത്, തളര്‍ച്ച അനുഭവപ്പെടുന്നത്, ദഹനപ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങള്‍, വയറിളക്കം- മലബന്ധം, മലത്തില്‍ രക്തത്തിന്റെ അംശം കാണുന്നത്, പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ, വയറുവേദന, വയറ് കെട്ടിവീര്‍ക്കുന്ന അവസ്ഥ എന്നീ ലക്ഷണങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇവയെല്ലാം സാധാരണഗതിയില്‍ ദഹനപ്രശ്‌നങ്ങളായി നമ്മള്‍ കണക്കാക്കാറുള്ളതാണ്. 

എന്നാല്‍ മലാശയ ക്യാന്‍സറിന്റെ മുഖ്യ ലക്ഷണങ്ങളും ഏറെക്കുറെ ഇവയെല്ലാമാണ്. അത് സമയബന്ധിതമായി തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് വഴിമാറിയേക്കും. ആദ്യഘട്ടങ്ങളിലാണ് തിരിച്ചറിയുന്നതെങ്കില്‍ ഫലപ്രദമായ ചികിത്സയിലൂടെ മലാശയ ക്യാന്‍സറിനെ അതിജീവിക്കാവുന്നതേയുള്ളൂ. എന്നാല്‍ വൈകും തോറും നേരത്തേ സൂചിപ്പിച്ചത് പോലെ അത് ശക്തമായ വെല്ലുവിളികളുയര്‍ത്തും. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം തീര്‍പ്പ് കല്‍പിക്കാന്‍ മെനക്കെടാതെ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തുക.