“അമ്മേ ഞാന്‍ ആലോചിക്കാർന്നു”  ഉറക്കത്തിന്റെ അവസാന വിളിക്കും തെല്ലൊരു അതൃപ്തിയോടെ ചെവികൊടുക്കുന്ന, സദാ കലപില കൂട്ടുന്ന  അഞ്ചുവയസ്സുകാരന്‍ അതിശയിപ്പിക്കും വിധം മൂകനായിരുന്നു അന്ന്.  “എന്താ കുഞ്ഞ് ആലോചിക്കുന്നത്?”  എന്ന അമ്മയുടെ ചോദ്യത്തിന് ചെറിയൊരു നെടുവീർപ്പോടെ, ഭാരിച്ച സ്വരത്തില്‍ അവന്‍ പതുക്കെ ചോദിച്ചു “ ഈ ലോകത്ത് എല്ലാരും സങ്കടപ്പെട്ടു ഒറ്റക്കിരിക്കാവില്ലേ അമ്മേ ? അതാലോചിക്കുമ്പോ വിഷമാവുന്നു ” പിന്നെയും വന്നു സംശയങ്ങള്‍...” നമ്മളെങ്ങനെ കൊറോണയെ തോൽപിക്കും ? നമ്മളെക്കാള്‍ സ്ട്രോങ്ങ്‌ അല്ലെ അമ്മേ കൊറോണ ?” 

പൊതുവേ കളിപ്പാട്ടത്തിനോ മിട്ടായിക്കോ വാശി പിടിക്കുന്ന പ്രായത്തില്‍ കുഞ്ഞിന് വന്ന ആകുലതയെ ഏതൊരു അമ്മയെയും പോലെ ഞെട്ടലോടെയാവും ആ അമ്മയും സ്വീകരിച്ചിട്ടുണ്ടാവുക . ഈ കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മള്‍ അനുഭവിക്കുന്ന ആശങ്കയും അനിശ്ചിതാവസ്ഥയും പറയാതെ കൂടി  പ്രായത്തില്‍ ഇളയതായ കുഞ്ഞുങ്ങളെയും ബാധിക്കുന്ന ഒന്നാണ് . എന്നാല്‍ മുതിർന്നവരെ പോലെ വാക്കുകള്‍ കൊണ്ടോ പെരുമാറ്റം കൊണ്ടോ ഈ അവസ്ഥയോട്‌ എങ്ങിനെ പ്രതികരിക്കണമെന്ന്  അറിയാതെ പോവുന്ന നമ്മുടെ  കുഞ്ഞുങ്ങളില്‍  തീർച്ചയായും ഉൽകണ്ഠ എന്ന അവസ്ഥ ഉണ്ടാകാം. 

 


ടിവിയില്‍ കാണുന്നതോ മുതിർന്നവര്‍ പറയുന്നതോ ആയുള്ള കാര്യങ്ങള്‍ അതെ ​ഗൗരവത്തോടെ കുഞ്ഞുങ്ങൾക്ക് മനസ്സിലായില്ലെങ്കിലും മുതിർന്നവര്‍ അനുഭവിക്കുന്ന ആകുലതകള്‍ അവരിലും പ്രതിഫലിക്കും. എന്നാല്‍ കൃത്യമായ നിർദേശങ്ങള്‍ വ്യക്തമായി അവരിലെക്കെത്തിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് ഏറെക്കുറെ പരിഹാരമാകും എന്ന് മാത്രമല്ല പൊതുജനാരോഗ്യത്തിന് മുതൽകൂട്ടാകുന്ന തരത്തില്‍ അവരിലെ ശീലങ്ങള്‍ വാർത്തെടുക്കാനും കഴിയും.
കുട്ടികളോട് ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് ഏറെ ശ്രമകരവും അതെ സമയം വളരെ കൃത്യതയോടും കൂടി ചെയ്യേണ്ട ഒന്നാണ് എന്നിരിക്കെ മാതാപിതാക്കൾക്ക്  പിന്തുടരാവുന്ന ചില രീതികള്‍ പങ്കുവയ്ക്കാം.

ഉത്തരങ്ങൾക്ക് വാതില്‍ തുറന്നിടാം; കരുതലോടെ കേൾക്കാം...  

കുട്ടികളുടെ പ്രായത്തിനനുസരിച്ചും , ഏതൊരു കാര്യത്തിനെക്കുറിച്ചും  അവർക്ക്  നിലവില്‍ ഉള്ള അറിവിന്‌ അനുസരിച്ചുമാണ്  സംസാരിച്ച് തുടങ്ങേണ്ടത് . ആദ്യമായി തന്നെ അവർക്ക് എന്തറിയാം എന്ന് വിലയിരുത്താം. നിങ്ങള്‍ സംസാരിക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് അവർക്ക്  യാതൊരു അറിവുമില്ലെങ്കില്‍, അഥവാ ഒരു പകർച്ച വ്യാധിയെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലെങ്കില്‍  ആ വിഷയത്തെ കുറിച്ച് അനാവശ്യ ആധികള്‍ ഉണ്ടാക്കാതെയിരിക്കാന്‍ ശ്രമിക്കാം. അവര്‍ ചിട്ടയോടെ പിന്തുടരേണ്ട ദൈനംദിന ശുചിത്വ ശീലങ്ങളെക്കുറിച്ചും സംസാരിക്കാം.നിങ്ങളുടെ ഭയങ്ങളോ മുൻധാരണകളോ കുഞ്ഞുങ്ങളിലേക്ക്‌ പകരാതിരിക്കാന്‍ അവർക്ക്  സംശയങ്ങള്‍ വരുന്നതിനനുസരിച്ചുള്ള വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കാന്‍ ശ്രമിക്കാം.

 

 

സുരക്ഷിതമായ ഗൃഹാന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം കുട്ടിയുടെ പ്രായത്തിനനുസരിച്ചുള്ള ക്രിയാത്മകമായ പ്രവൃത്തികള്‍ അവലംബിക്കാം. ഉദാഹരണത്തിന് ആറോ ഏഴോ വയസ്സുള്ള കുട്ടിയാണെങ്കില്‍ ചിത്രം വരയ്ക്കുന്നതിലൂടെയോ നമ്മള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന വിഷയതിനോടനുബന്ധിച്ച ഒരു കഥയിലൂടെയോ ഒരു ചർച്ചയ്ക്കോ വഴിയോരുക്കാം.

ഓർമ്മിക്കുക,  ഇവടെ കുട്ടികളാണ് ചർച്ച നയിക്കേണ്ടത് . ആവശ്യ സമയത്ത് വേണ്ട അറിവുകള്‍ മാത്രം നമുക്ക് പങ്കുവയ്ക്കാം . അതായത് നമ്മള്‍ പറയുക, അവര്‍ കേൾക്കുക എന്നതല്ല, മറിച്ച് അവര്‍ ചിന്തിച്ചു ചോദിക്കുന്ന ..അവർക്ക്  ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യങ്ങൾക്ക് മാത്രം നമ്മള്‍ ഉത്തരം കൊടുക്കുന്നു എന്ന രീതിയാവണം.

ഏറ്റവും പ്രധാനമായി ഓർക്കേണ്ടത്...

•    കുഞ്ഞുങ്ങളുടെ ആശങ്കകള്‍ നിസ്സാരവൽരിച്ച് കാണാതിരിക്കുക 
•    ഭയം തോന്നുന്നത് തികച്ചും സ്വാഭാവികമാണെന്ന് ഓർമ്മിപ്പിക്കുക 
•    സംസാരിക്കുമ്പോള്‍ നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും അവരുടെ വാക്കുകളിലേക്കാണെന്ന് ബോധ്യപ്പെടുത്തുക 
•    അവർക്ക് സഹായത്തിന് മാതാപിതാക്കള്‍  സദാ സന്നധരാണെന്ന ബോധ്യവും അവരില്‍ ഉണ്ടാക്കാം.
 
സത്യസന്ധമായ വസ്തുതകള്‍ കുഞ്ഞുങ്ങളുടേതായ രീതിയില്‍ പങ്കുവയ്ക്കാം...

കുഞ്ഞുങ്ങളെ സംബന്ധിച്ചുള്ള , അവ‌ർക്ക്  ചുറ്റുമുള്ള എന്തിനെക്കുറിച്ചും തികച്ചും യഥാർത്ഥമായ വിവരങ്ങള്‍ അറിയാനുള്ള അടിസ്ഥാനപരമായ  അവകാശം അവർക്കുണ്ട് എന്നിരിക്കെ ആശയങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവ കലർപ്പില്ലാതെ വ്യക്തതയോടെ ആകാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഈ അവസരങ്ങളില്‍ അവരെ സുരക്ഷിതരായി നിലനിർത്തേതും വിഷമാവസ്ഥയില്‍ നിന്ന് രക്ഷിക്കേണ്ടതും മാതാപിതാക്കളുടെ കടമ കൂടിയാണല്ലോ.  ചില കാര്യങ്ങള്‍ മനസ്സില്‍ വച്ച് അവരോട് സംവദിക്കുന്നത് നന്നായിരിക്കും.

•കുട്ടിയുടെ  പ്രായത്തിനനുസരിച്ചുള്ള പദപ്രയോഗം നടത്തുക 
•അവരുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രം തുടരുക
•ഓരോ കുട്ടിയ്ക്കും ഉണ്ടായേക്കാവുന്ന ആകുലതകളുടെയും വേവലാതികളുടെയും തോതില്‍ ഏറെ വ്യത്യസ്തതകളുണ്ടാവാം. ഇതറിഞ്ഞ് പെരുമാറാന്‍ ശ്രമിക്കാം.
•കുട്ടിയുടെ ചോദ്യങ്ങൾക്ക്  ഉത്തരം അറിയാത്ത സാഹചര്യമുണ്ടാകുകയാണെങ്കില്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ പങ്കു വയ്ക്കാതിരിക്കുകയും കഴിയുമെങ്കില്‍ അവരോടൊപ്പം അന്വേഷണാർത്ഥം സഞ്ചരിക്കാനുള്ള അവസരമായതിനെ കാണുക.
•വിശ്വാസ്യതയുള്ള ഇടങ്ങളില്‍ നിന്ന് വിവരങ്ങള്‍ കണ്ടെത്തി പങ്കിടാം. ഉദാഹരണത്തിന് ആരോഗ്യവകുപ്പിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ വെബ്‌സൈറ്റില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. പ്രതിരോധിക്കാനും അതിലൂടെ  മറ്റുള്ളവരെ സംരക്ഷിക്കാനും പഠിപ്പിക്കാം. 
•    ഏത് തരം അണുബാധയില്‍ നിന്നും രക്ഷ നേടാന്‍ ഏറ്റവും നല്ല മാർ​ഗം കുട്ടികളെ അടിസ്ഥാനപരമായ ശുചിത്വ രീതികള്‍ പഠിപ്പിക്കുകയും , ശീലമാക്കുകയും ചെയ്യുക എന്നുള്ളതാണ് . പ്രത്യേകം ശ്രദ്ധിക്കുക , ഇതൊരു ഭയപ്പെടുത്തുന്ന പ്രക്രിയയായി മാറ്റാതെ കഴിവതും കളിയിലൂടെയും പാട്ടിലൂടെയും ആശയം കൈമാറുക. ഉദാഹരണത്തിന് : കൈ കഴുകുന്നതിനുള്ള ഇരുപത് സെക്കന്റ്‌ അത്ര തന്നെ ദൈർഘ്യമുള്ള ഒരു പാട്ടിനോട് ചേർത്ത് ശീലിപ്പിക്കാം.
•    തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ട്കൊണ്ട് മുഖം മറയ്ക്കാന്‍ പഠിപ്പിക്കാം 
•    ചുമ , തുമ്മല്‍ , പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് അകന്ന് നിൽക്കാനും, ഈ ലക്ഷണങ്ങള്‍ തങ്ങളില്‍ കണ്ടാല്‍ മാതാപിതാക്കളോട് അറിയിക്കാനും പഠിപ്പിക്കാം.

ചേർത്ത് പിടിക്കാം.. സമാശ്വസിപ്പിക്കാം... 

ടിവിയിലെ സ്ക്രീനില്‍ കാണുന്ന ഭീതിപ്പെടുത്തുന്ന കണക്കും ചിത്രങ്ങളും തന്റെ ജീവിത രീതിയോട് ചേർത്ത്  വായിക്കാന്‍ കുട്ടികൾക്ക്  കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ താനും കുടുംബവും എന്തോ വലിയ അപകടത്തിലാണെന്ന തുടർച്ചയായ തോന്നല്‍ കുട്ടികളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ഇതൊഴിവാക്കാന്‍ നമുക്ക് ചില വസ്തുതകള്‍ പറഞ്ഞു വയ്ക്കാം.

 

 

•    കഴിയുന്നത്ര കളിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഉണ്ടാക്കി കൊടുക്കാം
•    ചിട്ടയായ ദിനചര്യ അഥവാ പുതിയ ദിനചര്യ രൂപീകരിക്കാം, അവ പാലിക്കാം , പ്രത്യേകിച്ചും രാത്രിയിലുള്ള ഉറക്കത്തിന് മുമ്പുള്ള ദിനചര്യകള്‍ ക്രമീകരിക്കാം .
•    ഒരുപക്ഷെ നിങ്ങൾക്ക് ചുറ്റും രോഗം പടരുന്ന സാഹചര്യമാണെങ്കില്‍ , നിങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ എടുക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ സംസാരിക്കാം .
•    രോഗം പിടിപെടുന്ന എല്ലാവരിലും സങ്കീർണ്ണമായ ലക്ഷണങ്ങള്‍ കാണാറില്ലെന്ന് ഓർമ്മിപ്പിക്കാം.
•    സ്വന്തം കുടുംബത്തെയും , തങ്ങളെപോലുള്ളവരെയും കാത്ത് രക്ഷിക്കാന്‍ ഒരുപാട് പേര്‍ അഹോരാത്രം ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാം .
•    മിക്കപ്പോഴും വിരസമായും ഭീതിജനകമായും തോന്നാമെങ്കിലും നിർദേശങ്ങള്‍ പാലിക്കുന്നത് സ്വയവും മറ്റുള്ളവരെയും സുരക്ഷിതരാക്കി നിലനിർത്തുമെന്ന് ഓർമ്മിപ്പിക്കാം.

ചുറ്റുമുള്ള ആർദ്രതയിലേക്കും അനുകമ്പയിലേക്കും ശ്രദ്ധ ചെലുത്താം. മറ്റുള്ളവരെ ആരോഗ്യത്തോടെയും സമാധാനത്തോടെയും ഇരുത്താന്‍ അക്ഷീണം പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്ത കരെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാം, കഴിയുമെങ്കില്‍ അവരോട് സംവദിക്കാനും അവസരം ഒരുക്കാം. നമുക്ക് വേണ്ടി പ്രവർത്തിക്കാന്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്നുള്ളത് തീർചയായും ആശ്വാസം പകരും.

സംഭാഷണം കരുതലിന്റെ മേമ്പൊടിയോടെ അവസാനിപ്പിക്കാം...

•    ഒരിക്കലും കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലോ ദുരവസ്ഥയിലേക്ക്  മാനസികമായി തള്ളിവിടുന്ന തരത്തിലോ സംഭാഷണം അവസാനിപ്പിക്കാതിരിക്കുക. 
•    കുട്ടിയുടെ ശ്വാസഗതിയില്‍ വരുന്ന മാറ്റത്തില്‍ നിന്നും, ശബ്ദത്തില്‍ വരുന്ന വ്യതിയാനത്തില്‍ നിന്നുമൊക്കെ അവരില്‍ ആശങ്ക വർദ്ധിക്കുന്നുണ്ടോയെന്ന് ഒരു പരിധി വരെ തിരിച്ചറിയാനാകും.
•    പ്രത്യാശയോട് കൂടി പ്രതിസന്ധികളെ നേരിടുന്നതിനുള്ള ആർജ്ജ്വം ഉളവാക്കുന്ന തരത്തിലാവണം അവരിലെക്ക് സന്ദേശം എത്തേണ്ടത്.
•    ഒരു വിളിപ്പാടകലെ എന്ത് സംശയ ദുരീകരണത്തിനും മാതാപിതാക്കള്‍ സദാ കൂടെയുണ്ടെന്ന സുരക്ഷിതത്വ ബോധം അവരില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. 

 

 

സ്വന്തം മാനസികാരോഗ്യം പരിപാലിക്കുക...

മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളുടെ ചെറുത്ത് നിൽപ്പാണ്  മക്കള്‍ മാതൃകയാക്കുക. ആ കാരണം കൊണ്ട് തന്നെ നിങ്ങള്‍ എത്രത്തോളം ശാന്തതയോടെ പ്രതികരിക്കുന്നുവോ അത്രയും തന്നെ പക്വതയോടെ കുട്ടികളും അതിനോട് സമരസപ്പെടുമെന്നുള്ളത് ഓർക്കുക.
•    മനസ്സിന് ആശ്വാസം പകരുന്ന കാര്യങ്ങളില്‍ ഏർപ്പെടുക ,അവനവനായി സമയം കണ്ടെത്തുക.  
•    നിങ്ങള്‍ ആശങ്കാകുലരാകുമ്പോള്‍ , മനോധൈര്യം ചോരുന്നെന്ന് തോന്നുമ്പോള്‍ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സംവദിക്കാനും ആവശ്യമെങ്കില്‍ ഒരു മാനസികാരോഗ്യ  വിദഗ്ദ്ധന്റെയോ സഹായം തേടാന്‍ മടിക്കരുത്.

എഴുതിയത്:
Dwitheeya Pathiramanna
Consultant Psychologist & Early Interventionist
CADRRE Autism School
Trivandrum.

Also Read :

'എന്‍റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി'; ആര്യ ദയാലിനെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍....