സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടിയാണ് കണ്ണൂരുകാരി ആര്യ ദയാല്‍. ഇപ്പോഴിതാ വ്യത്യസ്തമായ ആലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ് ആര്യ. ചെറിയ വൈറല്‍ അല്ല, അങ്ങ് ബോളിവുഡ് വരെ വൈറലായിരിക്കുകയാണ് ആര്യ ദയാലിന്‍റെ ഈ ശബ്ദം. 

കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ഒക്കെയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്. ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ ആര്യയുടെ ഈ പ്രകടനം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് അമിതാഭ് ബച്ചന്‍. തന്‍റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നാണ് ബച്ചന്‍ കുറിക്കുന്നത്. 

'സംഗീതാസ്വാദനത്തിലെ എന്‍റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇത്തരം സൃഷ്ടികള്‍ ഇനിയും തുടരുക. മറ്റൊരിക്കലുമില്ലാത്ത വിധം എന്‍റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കര്‍ണാടക സംഗീതവും വെസ്റ്റേണ്‍ പോപ്പും മിക്സ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവള്‍ അത് ചെയ്തത്'- ബച്ചന്‍ കുറിച്ചു.

 

സംഗീതോപകരണത്തിൽ ഈണമിട്ടാണ് ആര്യയുടെ ഗംഭീര പ്രകടനം. ആര്യയുടെ ഈ വീഡിയോ ഇപ്പോൾ പലരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ സ്റ്റാറ്റസുകളായി മാറിക്കഴിഞ്ഞു. 

എന്നാല്‍ ബച്ചന്‍റെ വാക്കുകള്‍ കേട്ട് ഏറേ സന്തോഷത്തിലാണ് ആര്യ. 'എന്‍റെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിട്ടില്ല, നിങ്ങള്‍ ഞാന്‍ പാടുന്നത് കേള്‍ക്കും എന്ന്'- ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.