പ്രമേഹരോഗികള്‍ മധുരം ഒഴിവാക്കുന്നത് പോലെ തന്നെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുള്ളവര്‍ പ്രമേഹം പിടിപെടാതിരിക്കാന്‍ മുന്‍കൂട്ടി പഞ്ചസാരയും മധുരവും ഒഴിവാക്കുന്നത് കാണാറുണ്ട്. ഇത്തരത്തില്‍ 'ഷുഗര്‍' ഉപയോഗം മാറ്റിനിര്‍ത്തിയാല്‍ പ്രമേഹത്തില്‍ നിന്ന് നാം രക്ഷപ്പെടുമോ?

പ്രമേഹം ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നുവച്ചാല്‍ ജീവിതശൈലി മുഖാന്തരം വന്നുപെടുന്ന പ്രശ്‌നമെന്ന് സാരം. എന്നാല്‍ ജീവിതശൈലി മാത്രമാണോ പ്രമേഹത്തിന് കാരണമാകുന്നത്? 

പ്രമേഹരോഗികള്‍ മധുരം ഒഴിവാക്കുന്നത് പോലെ തന്നെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുള്ളവര്‍ പ്രമേഹം പിടിപെടാതിരിക്കാന്‍ മുന്‍കൂട്ടി പഞ്ചസാരയും മധുരവും ഒഴിവാക്കുന്നത് കാണാറുണ്ട്. ഇത്തരത്തില്‍ 'ഷുഗര്‍' ഉപയോഗം മാറ്റിനിര്‍ത്തിയാല്‍ പ്രമേഹത്തില്‍ നിന്ന് നാം രക്ഷപ്പെടുമോ?

സത്യത്തില്‍ ഇതൊരു മിഥ്യാധാരണയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജീവിതശൈലിയും പ്രമേഹവും തമ്മില്‍ വലിയ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഡയറ്റുള്‍പ്പെടെയുള്ള ജീവിതശൈലി ആരോഗ്യകരമാക്കുന്നത് കൊണ്ട് പ്രമേഹത്തെ ഒരു പരിധി വരെ അകറ്റിനിര്‍ത്താനുമാകും. 

എന്നാല്‍ പരിപൂര്‍ണ്ണമായ ഒരുറപ്പ് ഇക്കാര്യത്തില്‍ നല്‍കാനാകില്ല എന്നതാണ് വാസ്തവം. പാരമ്പര്യഘടകങ്ങളാണ് ഇവിടെ വില്ലനായി വരുന്നത്. പാരമ്പര്യമായി പ്രമേഹമുള്ള കുടുംബത്തിലുള്ളവര്‍ക്ക് ഇതിനുള്ള സാധ്യതകളേറെയാണത്രേ. ഒരുപക്ഷേ ഡയറ്റില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് മൂലം ആദ്യം സൂചിപ്പിച്ചത് പോലെ ഒരു പരിധി വരെ പ്രമേഹത്തിനെതിരെ പോരാടാന്‍ കഴിയും. 

എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അത് ഫലപ്രദമായിരിക്കണമെന്നുമില്ല. അതുപോലെ തന്നെ പരമ്പരാഗതമായി പ്രമേഹത്തിനുള്ള സാധ്യതയില്ലാത്ത ആളുകളാണെങ്കില്‍ അവരെത്ര മധുരം കഴിച്ചാലും പ്രമേഹം ഉണ്ടാകണമെന്നുമില്ല. 

അമിതവണ്ണം, വ്യായാമമില്ലായ്മ, പാരമ്പര്യഘടകം, വയറിന് ചുറ്റും കൊഴുപ്പടിഞ്ഞ് കിടക്കുന്ന അവസ്ഥ, പിസിഒഡി എന്നിവയും മാനസിക സമ്മര്‍ദ്ദവും പ്രായാധിക്യവുമെല്ലാം ടൈപ്പ്- 2 പ്രമേഹത്തിന് കാരണമാകാറുണ്ട്. കാര്യങ്ങളിങ്ങനെയാണെങ്കിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് നൂറ് ശതമാനവും ഗുണകരം തന്നെയാണ്. പ്രമേഹസാധ്യത മാത്രമല്ല ക്യാന്‍സര്‍ പോലെ അല്‍പം കൂടി ഗൗരവമുള്ള അവസ്ഥകളെ വരെ പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ജീവിതരീതി നമ്മെ സഹായിക്കും. 

പ്രമേഹം വളരെ നേരത്തേ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. അങ്ങനെയാണെങ്കില്‍ ഇതുമൂലമുണ്ടാകാവുന്ന വിഷമതകളെ ലഘൂകരിക്കാനും രക്തത്തിലെ ഷുഗര്‍ ലെവല്‍ വലിയ ബുദ്ധിമുട്ട് കൂടാതെ നിയന്ത്രിക്കാനുമെല്ലാം സാധ്യമാകും. മറിച്ച് പ്രമേഹമുള്ളത് അറിയാതെ അഞ്ച് കൊല്ലം മുതല്‍ പത്ത് കൊല്ലം വരെ തുടര്‍ന്നാല്‍ അത് ഗുരുതരമായ സങ്കീര്‍ണ്ണതകളിലേക്കായാരിക്കും നയിക്കുക. ഇരുപത് വയസിന് മുകളിലേക്കുള്ളവര്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ പ്രമേഹം പരിശോധിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- ഗര്‍ഭകാല പ്രമേഹം​; പുതിയ പഠനം പറയുന്നത്...